‘കുറ്റം ഒരുനാൾ മറനീക്കി പുറത്തുവരും’; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസർ പുറത്തിറങ്ങി

Follow the FOURTH PILLAR LIVE channel on WhatsApp 

പൊലീസ് സംവിധാനത്തിന്റെ ഉള്ളറകളിലേക്കും അന്വേഷണ നടപടിക്രമങ്ങളിലേക്കും പ്രേക്ഷകനെ കൊണ്ടുപോകുന്ന ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രം പൊലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലറാണ്.

പൊലീസ് ക്യാമ്പിലെയും സ്റ്റേഷനിലെയും ദൃശ്യങ്ങളാണ് ടീസറിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്. കേസ് അന്വേഷണത്തിന്റെയും നീതിനിർവഹണത്തിന്റെയും വിവിധ ഘട്ടങ്ങൾ ചിത്രത്തിന്റെ കഥയിൽ നിർണായകമാണെന്ന സൂചനയും ടീസർ നൽകുന്നു.

“അവളെ ഒറ്റയ്ക്കാക്കിയിട്ട് ഞാൻ എങ്ങോട്ടും ഒരിക്കലും വരില്ല സാർ…” എന്നും “കുറ്റം എന്നെങ്കിലും ഒരുനാൾ മറനീക്കി പുറത്തുവരും. ആ ഒരു ദിവസത്തിനുവേണ്ടി ഞാൻ കാത്തിരിക്കും” എന്നുമുള്ള സംഭാഷണങ്ങൾ കഥയിലെ ദുരൂഹതയും വൈകാരിക സംഘർഷവും വ്യക്തമാക്കുന്നു.

ശക്തമായ പൊലീസ് കഥയും അന്വേഷണത്തിന്റെ പശ്ചാത്തലവും കുടുംബബന്ധങ്ങളിലെ വൈകാരികതയും കോർത്തിണക്കിയാണ് ചിത്രം ഒരുക്കുന്നതെന്ന് അണിയറപ്രവർത്തകർ പറയുന്നു. സെപ്റ്റംബർ 11ന് ചിത്രം തിയേറ്ററുകളിലെത്തുന്നതിന് മുന്നോടിയായാണ് ടീസർ പുറത്തിറക്കിയത്.

11 ഐക്കൺ ഫിലിംസിന്റെ ബാനറിൽ അർജുൻ സെൽവനാണ് ചിത്രം നിർമിക്കുന്നത്. പാർവതി തിരുവോത്താണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജയരാഘവൻ, സായികുമാർ, മാത്യു തോമസ്, വിനയ് ഫോർട്ട്, അസീസ് നെടുമങ്ങാട്, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ പ്രസാദ്, ജയശ്രീ, നിയാസ് ബക്കർ, സിറാജ് എന്നിവർക്കൊപ്പം തമിഴ് നടൻ പാർഥിപനും പ്രധാന വേഷത്തിലെത്തുന്നു.

പി.എസ്.സുബ്രഹ്മണ്യം, വിജേഷ് തോട്ടുങ്കൽ എന്നിവർ ചേർന്നാണ് രചന. മുജീബ് മജീദ് സംഗീതവും റോബി രാജ് ഛായാഗ്രഹണവും നിർവഹിക്കുന്നു. ചമൻ ചാക്കോയാണ് എഡിറ്റർ. മഹേഷ് മോഹൻ കലാസംവിധാനവും അമൽ മേക്കപ്പും സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവഹിക്കുന്നു.

ബേബി പണിക്കർ ചീഫ് അസോസിയേറ്റ് ഡയറക്ടറാണ്. റിജാഷ് മുഹമ്മദ് സ്റ്റിൽസും ദീപക് ലൈൻ പ്രൊഡക്ഷനും നിർവഹിക്കുന്നു. എൽദോ ജോൺ പ്രൊഡക്ഷൻ മാനേജറും ഫഹദ് (അപ്പു) പ്രൊഡക്ഷൻ എക്സിക്യൂട്ടീവും സനൂപ് ചങ്ങനാശ്ശേരി പ്രൊഡക്ഷൻ കൺട്രോളറുമാണ്. പി.ആർ.ഒ. വാഴൂർ ജോസ്.

സെൻട്രൽ പിക്ചേഴ്സാണ് ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ തിയേറ്ററുകളിലെത്തിക്കുന്നത്.

COMMENTCancel reply

Recent Articles

Related Articles

Special