ഓറക്കിളിൽ വീണ്ടും പിരിച്ചുവിടൽ ഭീതി; ഇന്ത്യയിലും ആയിരങ്ങൾ ബാധിക്കപ്പെടാമെന്ന് റിപ്പോർട്ട്

Follow the FOURTH PILLAR LIVE channel on WhatsApp 

ആഗോള സാങ്കേതിക കമ്പനിയായ ഓറക്കിളിൽ വീണ്ടും വൻതോതിലുള്ള ജീവനക്കാരെ പിരിച്ചുവിടാൻ നീക്കം നടക്കുന്നതായി റിപ്പോർട്ടുകൾ. ഇന്ത്യയിലടക്കം വിവിധ രാജ്യങ്ങളിലെ ജീവനക്കാരെ നടപടി ബാധിച്ചേക്കാമെന്നാണ് സൂചന. സെപ്റ്റംബർ ഒന്നുമുതൽ ചെലവുചുരുക്കൽ നടപടികൾ ശക്തമാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ജീവനക്കാർക്കിടയിൽ ആശങ്കയും വർധിച്ചിട്ടുണ്ട്.

ഇന്ത്യയിൽ മാത്രം ഏകദേശം 3,000 ജീവനക്കാർ പുതിയ പിരിച്ചുവിടലിന്റെ പരിധിയിൽ വന്നേക്കാമെന്നാണ് സൂചനകൾ. എന്നാൽ എത്ര പേരെ ഒഴിവാക്കുമെന്നോ ഏതൊക്കെ വിഭാഗങ്ങളെയാണ് നടപടി പ്രധാനമായും ബാധിക്കുകയെന്നോ കമ്പനി ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

ഓറക്കിൾ ജീവനക്കാരുടെ ആശങ്ക കൂട്ടുന്നത് കഴിഞ്ഞ മാർച്ചിലെ അനുഭവമാണ്. മാർച്ച് 31ന് ഇന്ത്യ, യു.എസ്., കാനഡ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലെ നിരവധി ജീവനക്കാർക്ക് പ്രാദേശിക സമയം രാവിലെ ആറോടെയാണ് ജോലി അവസാനിപ്പിക്കുന്നതായി അറിയിച്ചുള്ള ഇമെയിലുകൾ ലഭിച്ചത്.

അന്നത്തെ പിരിച്ചുവിടലിൽ ആഗോളതലത്തിൽ 20,000 മുതൽ 30,000 വരെ ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടതായാണ് വിവിധ റിപ്പോർട്ടുകൾ. ഇന്ത്യയിൽ മാത്രം ഏകദേശം 12,000 പേരെ നടപടി ബാധിച്ചെന്ന കണക്കുകളും പുറത്തുവന്നിരുന്നു.

ഇതേ മാതൃകയിൽ സെപ്റ്റംബർ ഒന്നിനും അറിയിപ്പുകൾ വന്നേക്കുമെന്ന ആശങ്കയിലാണ് ജീവനക്കാർ. കമ്പനി ജീവനക്കാരുടെ വിവിധ ഓൺലൈൻ കൂട്ടങ്ങളിലും പിരിച്ചുവിടലിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നടപടികൾ കമ്പനി അകത്ത് ആരംഭിച്ചതായാണ് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നത്. ഒഴിവാക്കാവുന്ന ജീവനക്കാരുടെ പട്ടിക തയ്യാറാക്കി നൽകാൻ ചില മാനേജർമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ശമ്പളച്ചെലവ് കുറയ്ക്കുന്നതിനുള്ള നടപടികൾ സെപ്റ്റംബർ ആദ്യത്തോടെ ആരംഭിക്കുകയാണ് ലക്ഷ്യമെന്നും സൂചനയുണ്ട്. എന്നാൽ പിരിച്ചുവിടലിനെക്കുറിച്ചുള്ള വാർത്തകളോട് ഓറക്കിൾ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

COMMENTCancel reply

Recent Articles

Related Articles

Special