Follow the FOURTH PILLAR LIVE channel on WhatsApp
അധികാരത്തിലെത്തി ഏതാനും മാസംകൊണ്ട് ഒരു സർക്കാരിനെ വിലയിരുത്തുന്നത് നേരത്തെയാണെന്ന് പറയാം. പക്ഷേ വൈദ്യുതി മുടങ്ങുമ്പോൾ, സർക്കാർ ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മറ്റൊരിടത്തേക്ക് പോകേണ്ടിവരുമ്പോൾ, പകർച്ചവ്യാധിയിൽ മരണങ്ങൾ കുതിക്കുമ്പോൾ, മാസങ്ങളോളം ജോലി ചെയ്ത തൊഴിലാളിക്ക് ശമ്പളം കിട്ടാതിരിക്കുമ്പോൾ ജനങ്ങളോട് “കാത്തിരിക്കൂ” എന്നു പറയാനാകില്ല. മെയ് 18ന് അധികാരമേറ്റ വി.ഡി.സതീശൻ സർക്കാരിന്റെ ആദ്യ മാസങ്ങൾക്കുള്ളിൽ ജനങ്ങളുടെ നിത്യജീവിതത്തെ നേരിട്ട് ബാധിക്കുന്ന 3 പ്രധാന വകുപ്പുകളാണ് ഗുരുതരമായ ഭരണപ്രതിസന്ധിയിൽപ്പെട്ടത് — വൈദ്യുതി, ആരോഗ്യം, ഗതാഗതം. മൂന്നിടത്തും ഒരേ സ്വഭാവമാണ് കാണുന്നത്. പ്രശ്നം മുൻകൂട്ടി കാണുന്നില്ല. വന്നാൽ സമയത്ത് ഇടപെടുന്നില്ല. പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടാൽ ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ല. ഒടുവിൽ വിശദീകരണവും പഴിചാരലും. ഇത് ഒറ്റപ്പെട്ട ഭരണപ്പിഴവുകളുടെ കഥയല്ല. ഭരണത്തിന്റെ തയ്യാറെടുപ്പും ഏകോപനവും നേതൃത്വവും നഷ്ടപ്പെടുമ്പോൾ എന്തു സംഭവിക്കുമെന്നതിന്റെ ആദ്യ മുന്നറിയിപ്പാണ്.
പനിച്ചൂടിൽ കേരളം; മന്ത്രിക്കാകട്ടെ കണക്കിലും ആശയക്കുഴപ്പം
പുതിയ സർക്കാരിന്റെ ആദ്യമാസത്തിൽതന്നെ ആരോഗ്യവകുപ്പിനെ പിടിച്ചുലച്ചത് പകർച്ചവ്യാധികളാണ്. ഷിഗെല്ല, ഡെങ്കിപ്പനി, എലിപ്പനി, ഇൻഫ്ലുവൻസ, വയറിളക്കരോഗങ്ങൾ, അമീബിക് മസ്തിഷ്കജ്വരം തുടങ്ങി ഒന്നിനു പിന്നാലെ മറ്റൊന്നായി രോഗങ്ങൾ പടർന്നു. ജൂൺ 1 മുതൽ 19 വരെയുള്ള കാലയളവിൽ മാത്രം വിവിധ പകർച്ചവ്യാധികളുമായി ബന്ധപ്പെട്ട് 87 മരണങ്ങൾ റിപ്പോർട്ട് ചെയ്തെന്ന കണക്ക് നിയമസഭയിലും രാഷ്ട്രീയ ചർച്ചകളിലും ഉയർന്നു. ഷിഗെല്ല 7, ഇൻഫ്ലുവൻസ 13, വയറിളക്കം 5, മസ്തിഷ്കജ്വരം 4, ഡെങ്കിപ്പനി 11, എലിപ്പനി 13 എന്നിങ്ങനെയായിരുന്നു മരണനിരക്ക്. ജൂൺ 18ന് മാത്രം സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ പനിക്ക് ചികിത്സ തേടിയത് 13,849 പേർ. ഔദ്യോഗിക ആരോഗ്യവകുപ്പ് കണക്കാണിത്. ജൂൺ 11 ആയപ്പോഴേക്കും ഈ വർഷം പനി ചികിത്സ തേടിയവരുടെ എണ്ണം 9 ലക്ഷം കടന്നിരുന്നു.
ഇത്ര വലിയ പൊതുജനാരോഗ്യ പ്രശ്നത്തിനിടയിലാണ് ആരോഗ്യമന്ത്രി കെ.മുരളീധരന്റെ കൈവശമുള്ള കണക്കുകളെക്കുറിച്ചുതന്നെ സംശയം ഉയർന്നത്. വയനാട്ടിലെ ഷിഗെല്ല വ്യാപനത്തിനിടെ മന്ത്രി പറഞ്ഞ രോഗികളുടെ എണ്ണവും ജില്ലാ ആരോഗ്യസംവിധാനം പുറത്തുവിട്ട വിവരങ്ങളും തമ്മിൽ പൊരുത്തപ്പെടുന്നുണ്ടായിരുന്നില്ല. മാധ്യമങ്ങൾ ആവർത്തിച്ച് ചോദിച്ചിട്ടും രോഗബാധിതരുടെ കൃത്യമായ എണ്ണം വ്യക്തമാക്കാനാകാതെ മന്ത്രി ഒടുവിൽ “90ലധികം” എന്നു പറയേണ്ടിവന്നു. പകർച്ചവ്യാധിക്കാലത്ത് ആരോഗ്യവകുപ്പിന്റെ ആദ്യ ആയുധം കൃത്യമായ കണക്കാണ്. എവിടെ രോഗം കൂടുന്നു, എത്ര പേർ ചികിത്സ തേടുന്നു, എത്ര മരണം, ഏത് പ്രദേശത്താണ് വ്യാപനം — ഇതെല്ലാം ഓരോ ദിവസവും ഭരണനേതൃത്വത്തിന്റെ മേശപ്പുറത്തുണ്ടാകണം. അവിടെത്തന്നെ ആശയക്കുഴപ്പമുണ്ടെങ്കിൽ രോഗപ്രതിരോധം എങ്ങനെ ഏകോപിപ്പിക്കും?
മെഡിക്കൽ കോളേജ് വളപ്പിൽ ഡോക്ടർക്കുതന്നെ പാമ്പുകടി
ജൂൺ 1ന് തൃശൂർ സർക്കാർ മെഡിക്കൽ കോളേജിൽ മറ്റൊരു സംഭവം നടന്നു. ഡ്യൂട്ടിക്കെത്തിയ പീഡിയാട്രിക് വിഭാഗത്തിലെ ഡോക്ടർ ശ്രേയയ്ക്ക് കാർ പാർക്കിങ് ഭാഗത്തുവച്ച് പാമ്പുകടിയേറ്റു. ഒരു സർക്കാർ മെഡിക്കൽ കോളേജിന്റെ പരിസരം പോലും സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയാത്തതിന്റെ പ്രതീകമായി സംഭവം മാറി. എന്നാൽ അതിനേക്കാൾ വിമർശിക്കപ്പെട്ടത് ആരോഗ്യമന്ത്രിയുടെ പ്രതികരണമാണ്. സംഭവം ഓപ്പറേഷൻ തിയേറ്ററിനുള്ളിലല്ല നടന്നതെന്ന് മന്ത്രി നിയമസഭയിൽ ചൂണ്ടിക്കാട്ടിയതും “പാമ്പിനെ ചവിട്ടിയാൽ തിരിഞ്ഞുകൊത്തും” എന്ന തരത്തിലുള്ള പ്രതികരണവും സുരക്ഷാ വീഴ്ചയെ നിസ്സാരവൽക്കരിക്കുന്നതായി. ചോദ്യം പാമ്പ് എവിടെയിരുന്നു എന്നതല്ല. സർക്കാർ മെഡിക്കൽ കോളേജ് പരിസരത്ത് ഡ്യൂട്ടിക്കെത്തുന്ന ഡോക്ടർക്ക് സുരക്ഷിതമായി നടക്കാൻ കഴിയുന്നുണ്ടോ എന്നതാണ്.
പാമ്പുകടിയേറ്റ് കുട്ടി മരിച്ചു; ഡോക്ടർക്ക് വീഴ്ചയെന്ന് അന്വേഷണവും
ഇതോടൊപ്പം പാമ്പുകടി ചികിത്സയിലെ വീഴ്ചകളും പുറത്തുവന്നു. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ച 8 വയസ്സുകാരന്റെ മരണത്തിൽ ഡ്യൂട്ടി ഡോക്ടർക്ക് വീഴ്ച സംഭവിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസറുടെ അന്വേഷണത്തിൽ കണ്ടെത്തി. കൃത്യമായ പരിശോധന നടത്താതെ കുട്ടിയെ റഫർ ചെയ്തുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. കായംകുളത്ത് പാമ്പുകടിയേറ്റ 42കാരിയുടെ മരണത്തിലും സർക്കാർ ആശുപത്രിയിലെ ചികിത്സയെക്കുറിച്ച് കുടുംബം ഗുരുതരമായ ആരോപണം ഉന്നയിച്ചു. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ 6 പാമ്പുകടി മരണങ്ങൾ വരെ റിപ്പോർട്ട് ചെയ്ത സാഹചര്യമുണ്ടായി. ഇത് ഒറ്റപ്പെട്ട സംഭവങ്ങളുടെ പട്ടികയായി കണ്ടാൽ പ്രശ്നത്തിന്റെ ആഴം മനസ്സിലാകില്ല. അടിയന്തര ചികിത്സ, ആന്റിവെനം, ഡോക്ടർമാരുടെ ലഭ്യത, റഫറൽ സംവിധാനം, ആംബുലൻസ്—ജീവൻരക്ഷാ ശൃംഖലയിലെ ഓരോ കണ്ണിയും ഉറപ്പുള്ളതാകേണ്ട സമയത്താണ് ഒന്നിനു പിന്നാലെ പരാതികൾ ഉയർന്നത്.
മന്ത്രിയുടെ സന്ദർശനത്തിനിടെ പനി ബാധിച്ച കുട്ടിക്ക് ചികിത്സയില്ല
ആരോഗ്യരംഗത്തെ ഭരണസ്തംഭനത്തിന്റെ മറ്റൊരു ചിത്രം തൊടുപുഴ ജില്ലാ ആശുപത്രിയിൽനിന്നാണ്. ആരോഗ്യമന്ത്രി കെ.മുരളീധരൻ ആശുപത്രിയിൽ സന്ദർശനം നടത്തുന്നതിനിടയിൽ തന്നെ കടുത്ത പനിയുമായെത്തിയ കുട്ടിക്ക് അടിയന്തര ചികിത്സ നൽകാൻ ആവശ്യത്തിന് ഡോക്ടർമാരില്ലെന്ന് പറഞ്ഞ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോകാൻ നിർദേശിച്ചെന്ന പരാതി ഉയർന്നു. കുട്ടിക്ക് കാത്തിരിക്കവെ പനി കൂടുകയും അപസ്മാര ലക്ഷണമുണ്ടാകുകയും ചെയ്തു. മന്ത്രി ആശുപത്രിയിലുണ്ടായിരുന്ന സമയത്തുതന്നെയാണ് സംഭവം. അതിനു ദിവസങ്ങൾക്കുശേഷം എല്ലാ സർക്കാർ ആശുപത്രികളിലും ഡോക്ടർമാരുടെ പേരും ഒ.പി. സമയവും പ്രദർശിപ്പിക്കണമെന്ന് മന്ത്രി ഉത്തരവിട്ടു. രോഗികൾ ഡോക്ടറെ തേടി നടക്കേണ്ടിവരുന്ന സാഹചര്യം വ്യാപകമായ പരാതിയായി മാറിയതിനുശേഷമായിരുന്നു നടപടി.
കാസറഗോഡ് ജനറൽ ആശുപത്രിയിലെ സ്ഥിതി ഇതിലും ഗുരുതരം. പ്രതിമാസം 200ലേറെ പ്രസവങ്ങൾ നടക്കുന്ന ആശുപത്രിയിൽ ഒരു ഘട്ടത്തിൽ ഉണ്ടായിരുന്നത് ഒറ്റ ഗൈനക്കോളജിസ്റ്റ്. ന്യൂറോളജിസ്റ്റ് ഇല്ലാതെ 3 മാസം. അതേ ആശുപത്രിയിൽ ദിവസവും 200ലേറെ പനി രോഗികൾ ചികിത്സ തേടിയെത്തുന്ന സാഹചര്യം. കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ പറയുന്നത് ആരോഗ്യവകുപ്പിൽ ഏകദേശം 800 ഡോക്ടർ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു എന്നാണ്. അതിൽ മുന്നൂറോളം സ്പെഷ്യലിസ്റ്റ് തസ്തികകളും 476 ജനറൽ കേഡർ ഒഴിവുകളും ഉൾപ്പെടുന്നു. ഇങ്ങനെയിരിക്കെയാണ് ആരോഗ്യവകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി “വകുപ്പിൽ 57,000ത്തിലേറെ ജീവനക്കാരുണ്ട്; ഓരോരുത്തർക്കും മറുപടി പറയുകയല്ല എന്റെ ജോലി” എന്നു പ്രതികരിച്ചതും വിവാദമായത്. ജനങ്ങൾ ചോദിക്കുന്നത് 57,000 ജീവനക്കാരുടെ വ്യക്തിപരമായ കാര്യങ്ങളല്ല. ആശുപത്രിയിൽ ഡോക്ടർ ഉണ്ടോ, മരുന്നുണ്ടോ, രോഗിക്ക് ചികിത്സ കിട്ടുമോ എന്നതാണ്.
വൈദ്യുതി: പ്രഖ്യാപിക്കാത്ത പവർകട്ടിൽനിന്ന് പ്രഖ്യാപിത നിയന്ത്രണത്തിലേക്ക്
ആരോഗ്യവകുപ്പിന്റെ പിന്നാലെയാണ് വൈദ്യുതി വകുപ്പ് സർക്കാരിന്റെ ഏറ്റവും വലിയ തലവേദനയായത്. സെപ്റ്റംബറിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മുൻകൂട്ടി അറിയിക്കാതെയുള്ള വൈദ്യുതി നിയന്ത്രണം പതിവായി. രാത്രി അരമണിക്കൂറും ഒരുമണിക്കൂറും വൈദ്യുതി മുടങ്ങിയെന്ന പരാതികൾ ഉയർന്നു. പ്രതിഷേധം ശക്തമായപ്പോഴാണ് നിയന്ത്രണത്തിന്റെ സമയം ഒന്നരമണിക്കൂർ മുമ്പ് എസ്.എം.എസ്. വഴി അറിയിക്കാനുള്ള സംവിധാനം കെ.എസ്.ഇ.ബി. പ്രഖ്യാപിച്ചത്. സെപ്റ്റംബർ അവസാനംവരെ നിയന്ത്രണം തുടരേണ്ടിവരുമെന്നാണ് നിലവിലെ സൂചന. അതു കഴിഞ്ഞും തുടരുമോയെന്ന ആശങ്കയിലാണ് ജനം. വൈദ്യുതി മന്ത്രി സണ്ണി ജോസഫ് “സ്വിച്ചിട്ടതുപോലെ പരിഹരിക്കാവുന്ന പ്രശ്നമല്ല” എന്നു വിശദീകരിച്ച അതേ ദിവസം കൊച്ചിയിലെ കെ.എസ്.ഇ.ബി. പരിപാടിയിൽ അദ്ദേഹം പ്രസംഗിക്കുമ്പോൾ വൈദ്യുതി മുടങ്ങിയതും സർക്കാരിനെതിരായ വിമർശത്തിന് പ്രതീകമായി. ഇത് സർക്കാരിന്റെ മുൻകരുതലിന്റെ കഥയല്ല. പ്രതിസന്ധി വന്നശേഷം അറിയിപ്പ് നൽകാനുള്ള സംവിധാനം ഉണ്ടാക്കുന്നതിന്റെ കഥയാണ്.
ഏപ്രിലിൽ, മുൻ സർക്കാർ അധികാരത്തിലിരിക്കെ, കേരളം ചരിത്രത്തിലെ ഏറ്റവും വലിയ വൈദ്യുതി ആവശ്യകതയാണ് നേരിട്ടത്. ഏപ്രിൽ 17ന് പീക്ക് ഡിമാൻഡ് 6086 മെഗാവാട്ട്; ഏപ്രിൽ 18ന് പ്രതിദിന ഉപഭോഗം 117.6 ദശലക്ഷം യൂണിറ്റ്. തുടർച്ചയായി പല ദിവസവും പീക്ക് ഡിമാൻഡ് 6000 മെഗാവാട്ടിന് മുകളിലെത്തി. അന്നും ചില പ്രദേശിക നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും വലിയതോതിലുള്ള സ്ഥിരം ലോഡ് ഷെഡിങ് വേണ്ടെന്ന നിലപാടിലായിരുന്നു ബോർഡ്.
ഇപ്പോൾ മുഖ്യമന്ത്രി തന്നെയാണ് ജൂലൈയിലെ ഉപഭോഗം 86–88 ദശലക്ഷം യൂണിറ്റും പരമാവധി ആവശ്യം 4500–4900 മെഗാവാട്ടുമായിരുന്നു എന്ന് പറഞ്ഞത്. അതായത് വേനൽക്കാലത്തെ റെക്കോർഡ് ആവശ്യകതയേക്കാൾ താഴെയാണ് ഈ കണക്ക്. എന്നിട്ടും സെപ്റ്റംബറിൽ ജനങ്ങൾ ആവർത്തിച്ച നിയന്ത്രണങ്ങൾ നേരിടുന്നു. അതിനാൽ “വൈദ്യുതി ആവശ്യം കൂടി” എന്ന ഒറ്റവാചകത്തിൽ ഭരണപരമായ ചോദ്യം അവസാനിപ്പിക്കാനാവില്ല. ആവശ്യകത ഉയരുമെന്ന് അറിഞ്ഞിട്ടും വേണ്ടത്ര വൈദ്യുതി മുൻകൂട്ടി ഉറപ്പാക്കാനായോ എന്നതാണ് ചോദ്യം.
ഇപ്പോഴത്തെ സെപ്റ്റംബർ പ്രതിസന്ധിയിൽ പീക്ക് ഡിമാൻഡ് 5000–5200 മെഗാവാട്ട് പരിധിയിലാണ്. സെപ്റ്റംബർ 5ലെ പ്രതിദിന ഉപഭോഗം 95 ദശലക്ഷം യൂണിറ്റായിരുന്നു. എന്നിട്ടും ബോർഡിന് ശരാശരി 900 മെഗാവാട്ടോളം കുറവ് നേരിടേണ്ടിവന്നുവെന്നാണ് കണക്ക്. ഉറപ്പുള്ള വൈദ്യുതി സ്രോതസ്സുകളിൽനിന്നുള്ള ലഭ്യത ഓഗസ്റ്റ് മധ്യത്തോടെ 65 ദശലക്ഷം യൂണിറ്റിൽനിന്ന് ഏകദേശം 50 ദശലക്ഷമായി കുറഞ്ഞു. ഇത്തരം കുറവ് വരാനുള്ള സാധ്യത മുൻകൂട്ടി കണ്ടു വൈദ്യുതി ഉറപ്പാക്കുക എന്നതാണ് ഒരു വൈദ്യുതി ഭരണകൂടത്തിന്റെ ജോലി. കാലാവസ്ഥയെ മന്ത്രി നിയന്ത്രിക്കേണ്ടതില്ല. പക്ഷേ കരാറും സംഭരണവും സ്വാപ്പും വിപണി വാങ്ങലും മുൻകൂട്ടി ക്രമീകരിക്കേണ്ടത് മന്ത്രിയുടെ വകുപ്പാണ്.
465 മെഗാവാട്ട് കരാറിൽ പറയാത്ത പാതി കഥ
ഇപ്പോഴത്തെ പ്രതിസന്ധിക്ക് മുൻ എൽ.ഡി.എഫ്. സർക്കാർ 465 മെഗാവാട്ടിന്റെ ദീർഘകാല വൈദ്യുതി വാങ്ങൽ കരാർ ഇല്ലാതാക്കിയതാണ് കാരണമെന്ന വാദം യു.ഡി.എഫ്. ആവർത്തിക്കുന്നുണ്ട്. പക്ഷേ കോടതി രേഖകൾ മറ്റൊരു, കൂടുതൽ സങ്കീർണമായ കഥയാണ് പറയുന്നത്. ഈ കരാറുകൾ 2014ൽ യു.ഡി.എഫ്. ഭരണകാലത്താണ് ഉണ്ടാക്കിയത്. 25 വർഷത്തേക്ക് 4 സ്വകാര്യ കമ്പനികളിൽനിന്ന് 465 മെഗാവാട്ട് വൈദ്യുതി വാങ്ങാനായിരുന്നു കരാർ. 2023 മേയ് 10ന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് കരാറുകൾക്ക് അന്തിമ അനുമതി നിഷേധിച്ചത്. ടെൻഡർ നടപടിയിൽ കേന്ദ്ര മാർഗനിർദേശങ്ങളിൽനിന്ന് ഗൗരവമായ വ്യതിയാനം ഉണ്ടായെന്നും നിരക്ക് നിശ്ചയിച്ചത് സുതാര്യമായ രീതിയിലല്ലെന്നും കമ്മീഷൻ കണ്ടെത്തി. ഇക്കാര്യം സുപ്രീംകോടതി വിധി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
അതിനു പിന്നാലെ എൽ.ഡി.എഫ്. സർക്കാർ കരാർ ഉപേക്ഷിക്കുകയല്ല ചെയ്തത്. മറിച്ച് വൈദ്യുതി പ്രതിസന്ധിയും ഉയർന്ന വിപണിവിലയും ചൂണ്ടിക്കാട്ടി 2023 ഒക്ടോബറിൽ വൈദ്യുതി നിയമത്തിലെ 108ാം വകുപ്പ് ഉപയോഗിച്ച് കരാറുകൾ പുനഃപരിശോധിക്കാൻ റെഗുലേറ്ററി കമ്മീഷനോട് നിർദേശിച്ചു. നടപടിക്രമത്തിലെ പിഴവുകളുടെ ഭാരം ജനങ്ങളുടെ തലയിൽ ഇടരുതെന്നായിരുന്നു സർക്കാർ രേഖപ്പെടുത്തിയ നയനിലപാട്. പിന്നീട് അപ്പലേറ്റ് ട്രൈബ്യൂണലും സുപ്രീംകോടതിയും ഇടപെട്ടു. സർക്കാർ നിർദേശം അനുസരിക്കാൻ റെഗുലേറ്ററി കമ്മീഷൻ നിർബന്ധിതമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി; അതേസമയം കെ.എസ്.ഇ.ബിയുടെ പഴയ അപ്പീൽ വീണ്ടും അപ്പലേറ്റ് ട്രൈബ്യൂണലിലേക്ക് പുനഃസ്ഥാപിക്കുകയും ചെയ്തു. അതിനാൽ “എൽ.ഡി.എഫ്. കരാർ റദ്ദാക്കി, അതുകൊണ്ടാണ് ഇന്ന് ഇരുട്ട്” എന്ന രാഷ്ട്രീയവാചകം കോടതി രേഖകളുമായി പൊരുത്തപ്പെടുന്നില്ല. കരാറിലെ പിഴവ് യു.ഡി.എഫ്. കാലത്തെ നടപടിയിലായിരുന്നു; അനുമതി നിഷേധിച്ചത് സ്വതന്ത്ര റെഗുലേറ്ററി കമ്മീഷൻ; കരാർ നിലനിർത്താൻ ഇടപെട്ടത് പിന്നീട് എൽ.ഡി.എഫ്. സർക്കാരുമായിരുന്നു.
‘അദ്ഭുതപ്രവൃത്തി സാധ്യമല്ല’; അതാണോ മന്ത്രിയുടെ മറുപടി?
വൈദ്യുതി മുടങ്ങുന്ന ജനങ്ങളോട് മന്ത്രിയുടെ സമീപനവും വിമർശത്തിന് കാരണമായി. “അദ്ഭുതപ്രവൃത്തി സാധ്യമല്ല”, “100 ദിവസംകൊണ്ട് പ്രശ്നം പരിഹരിക്കാനാവില്ല” എന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. ജനങ്ങൾ മന്ത്രിയോട് അദ്ഭുതം ആവശ്യപ്പെട്ടിട്ടില്ല. രാത്രി വൈദ്യുതി വേണമെന്നാണ് ആവശ്യപ്പെട്ടത്. ചെറുകിട കടയിലെ ഫ്രിഡ്ജ് പ്രവർത്തിക്കണം. വർക്‌ഷോപ്പിലെ യന്ത്രം ഓടണം. വീട്ടിലെ കുഞ്ഞിന് ചൂടിൽ ഉറങ്ങണം. രോഗിയുടെ ഓക്സിജൻ കോൺസൻട്രേറ്റർ പ്രവർത്തിക്കണം. അതിനുള്ള പദ്ധതിയാണ് ചോദിക്കുന്നത്. പ്രതിസന്ധി വന്നശേഷം “അദ്ഭുതം ചെയ്യാനാവില്ല” എന്നു പറയുന്നതല്ല ഭരണനേതൃത്വം. ഇപ്പോൾ സംസ്ഥാനത്തെ വ്യാപാരികൾ പോലും വൈദ്യുതി പ്രതിസന്ധിക്കെതിരെ പന്തംകൊളുത്തി പ്രതിഷേധിക്കാൻ തീരുമാനിക്കുന്ന അവസ്ഥയെത്തിയിരിക്കുന്നു.
3 മാസം കഴിഞ്ഞപ്പോൾ കെ.എസ്.ആർ.ടി.സി. തൊഴിലാളിക്ക് ശമ്പളം എവിടെ?
മൂന്നാമത്തെ ചിത്രം ഗതാഗതവകുപ്പിലാണ്. ഗതാഗതത്തിൽ യു.ഡി.എഫ്. സർക്കാരിന്റെ ഏറ്റവും വലിയ രാഷ്ട്രീയ പ്രഖ്യാപനം ‘പ്രിയദർശിനി’ ആയിരുന്നു. ജൂൺ 15 മുതൽ കെ.എസ്.ആർ.ടി.സിയുടെ സാധാരണ സർവീസുകളിൽ എല്ലാ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും സൗജന്യയാത്ര. സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യം വർധിപ്പിക്കുന്ന സാമൂഹിക ക്ഷേമപദ്ധതി എന്ന നിലയിൽ അതിന്റെ ലക്ഷ്യത്തെ തള്ളിക്കളയാനാവില്ല. പദ്ധതി ആരംഭിച്ചപ്പോൾ സർക്കാരുതന്നെ കെ.എസ്.ആർ.ടി.സിക്കുണ്ടാകുന്ന വരുമാനനഷ്ടം മുഴുവൻ പ്രത്യേകം നികത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രതിമാസം 65–70 കോടി രൂപ വരെ ചെലവ് കണക്കാക്കിയിരുന്നു. എന്നാൽ ആദ്യ 15 ദിവസംകൊണ്ട് തന്നെ കണക്ക് മാറി. ജൂൺ 15 മുതൽ 30 വരെയുള്ള സൗജന്യ ടിക്കറ്റുകളുടെ മൂല്യം 41.50 കോടി രൂപ. സർക്കാർ ഈ തുക കെ.എസ്.ആർ.ടി.സിക്ക് അനുവദിച്ചു. പക്ഷേ ഇതേ നിരക്ക് തുടർന്നാൽ പ്രതിമാസ ചെലവ് 80 കോടി രൂപ കവിയുമെന്നായിരുന്നു അന്നത്തെ കണക്ക്. വർഷം മുഴുവൻ ഈ വർധിച്ച ചെലവ് താങ്ങാൻ സ്ഥിരമായ ധനവിന്യാസം ഉണ്ടോ എന്നതാണ് പ്രധാന ചോദ്യം.
കെ.എസ്.ആർ.ടി.സിക്ക് പുറത്തും പദ്ധതിയുടെ ആഘാതം ഉണ്ടായി. സ്വകാര്യ ബസ് ഉടമകളുടെ സംഘടനയുടെ കണക്കുപ്രകാരം 3 മാസത്തിനിടെ 120 കോടി രൂപയുടെ വരുമാനനഷ്ടമാണ് സ്വകാര്യ മേഖല നേരിട്ടത്; 500ലേറെ ബസുകൾ സർവീസ് നിർത്താൻ ജി-ഫോം നൽകിയെന്നും 5000ലേറെ ബസുകൾ ട്രിപ്പുകളുടെ എണ്ണം കുറച്ചെന്നും അവർ അവകാശപ്പെടുന്നു. ഇവ സർക്കാർ സ്ഥിരീകരിച്ച കണക്കുകളല്ല; ബസ് ഉടമകളുടെ അവകാശവാദങ്ങളാണ്. എന്നാൽ പ്രശ്നം ഗൗരവമുള്ളതിനാലാണ് സർക്കാർ നിയോഗിച്ച വിദഗ്ധസമിതി സ്വകാര്യ ബസുകൾ ‘പ്രിയദർശിനി’ പദ്ധതിക്കായി വാടകയ്ക്കെടുക്കുന്നതടക്കമുള്ള മാർഗങ്ങൾ നിർദേശിച്ചത്.
ജൂലൈയിൽ കെ.എസ്.ആർ.ടി.സിയിലെ ഏകദേശം 4,000 താൽക്കാലിക ജീവനക്കാർക്ക് ശമ്പളം മുടങ്ങി. ഡ്രൈവർമാർ, കണ്ടക്ടർമാർ, മിനിസ്റ്റീരിയൽ ജീവനക്കാർ എന്നിവരടക്കമുള്ളവർക്ക് ഒരുമാസത്തോളം ശമ്പളം ലഭിച്ചില്ല. ചില എംപാനൽ ജീവനക്കാർക്ക് ഒരു ഘട്ടത്തിൽ ലഭിച്ചത് 7 ദിവസത്തെ ശമ്പളം മാത്രം. രണ്ടുഘട്ടമായി ലഭിക്കേണ്ട വേതനം മുഴുവനായി നൽകാൻ പണമില്ലെന്നായിരുന്നു മാനേജ്മെന്റിന്റെ വിശദീകരണം. ഓണം അടുത്തിട്ടും പ്രശ്നം തീർന്നില്ല. ഓഗസ്റ്റ് 17 ആയപ്പോഴും താൽക്കാലിക ജീവനക്കാർക്ക് ജൂലൈ 15 വരെയുള്ള ശമ്പളം മാത്രമാണ് ലഭിച്ചത്. ജോലി ചെയ്ത തൊഴിലാളിക്ക് ഒരു മാസവും രണ്ടുമാസവും കഴിഞ്ഞിട്ടും പണം കിട്ടുന്നില്ലെങ്കിൽ ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ ഭരണപരാജയം തെളിയിക്കാൻ മറ്റെന്ത് രേഖ വേണം?
ശമ്പളമില്ല; ഡ്യൂട്ടിക്കും ആളില്ല
ഇതിന്റെ സ്വാഭാവിക ഫലവും വന്നു. ആറായിരത്തോളം താൽക്കാലിക ജീവനക്കാരിൽ പലരും ശമ്പളം ലഭിക്കാത്തതിനാൽ ജോലിക്ക് ഹാജരാകാതായി. ദീർഘദൂര സർവീസുകളടക്കം മുടങ്ങുന്ന സ്ഥിതിയായി. താൽക്കാലിക ജീവനക്കാരുടെ ശമ്പളത്തിന് മാസം ഏകദേശം 12 കോടി രൂപ ആവശ്യമുള്ളപ്പോൾ ആവശ്യത്തിന് പണം ലഭ്യമാകാത്തതാണ് സ്ഥിതി വഷളാക്കിയത്. സെപ്റ്റംബറിലേക്കെത്തിയപ്പോഴും ദീർഘദൂര സർവീസുകൾ ഉൾപ്പെടെ മുടങ്ങുന്നതും റദ്ദാകുന്നതും പതിവാണെന്ന പരാതികൾ തുടരുന്നു.
ഇതൊക്കെ നടക്കുമ്പോൾ ഗതാഗതമന്ത്രി സി.പി. ജോൺ അധികാരമേറ്റശേഷം പറഞ്ഞ വാക്കുകളും ഓർക്കണം — ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം ഉറപ്പാക്കാതെ താൻ ശമ്പളം വാങ്ങില്ലെന്ന പ്രഖ്യാപനം. പ്രഖ്യാപനത്തിന്റെ രാഷ്ട്രീയഭംഗി വേറെ. തൊഴിലാളിയുടെ ബാങ്ക് അക്കൗണ്ട് വേറെ.
3 വകുപ്പുകൾ, ഒരേ രോഗം
ആരോഗ്യവകുപ്പിൽ രോഗികളുടെ കണക്കിൽ ആശയക്കുഴപ്പം; ഡോക്ടർക്ഷാമം; ചികിത്സ കിട്ടാതെ രോഗികൾ മറ്റിടത്തേക്ക്. വൈദ്യുതിവകുപ്പിൽ മുൻകൂട്ടി വൈദ്യുതി ഉറപ്പാക്കാനാകാതെ സംസ്ഥാനവ്യാപക നിയന്ത്രണം; ഒടുവിൽ “അദ്ഭുതം ചെയ്യാനാവില്ല” എന്ന മന്ത്രിയുടെ മറുപടി. ഗതാഗതവകുപ്പിൽ ജോലിചെയ്ത ജീവനക്കാരന് സമയത്ത് ശമ്പളം പോലും നൽകാനാകാത്ത അവസ്ഥ; സർവീസുകൾ മുടങ്ങുന്നു. മൂന്നിനും പേരുകൾ വേറെയായിരിക്കാം. പക്ഷേ രോഗം ഒന്നാണ് — ആസൂത്രണമില്ലായ്മ. ഏകോപനമില്ലായ്മ. ഉത്തരവാദിത്വമില്ലായ്മ.
ഒരു സർക്കാരിന്റെ മികവ് പരസ്യത്തിലെ 100 ദിവസത്തെ പട്ടികകൊണ്ടല്ല അളക്കേണ്ടത്. വീട്ടിലെ സ്വിച്ച് അമർത്തുമ്പോൾ ലൈറ്റ് തെളിയുന്നുണ്ടോ, പനി വന്നാൽ ആശുപത്രിയിൽ ഡോക്ടറെ കിട്ടുന്നുണ്ടോ, ബസ് സ്റ്റോപ്പിൽ നിന്നാൽ കെ.എസ്.ആർ.ടി.സി. എത്തുന്നുണ്ടോ, ആ ബസ് ഓടിക്കുന്ന തൊഴിലാളിക്ക് ശമ്പളം കിട്ടുന്നുണ്ടോ — അതാണ് സാധാരണ മനുഷ്യന്റെ ഭരണസൂചിക. ആ സൂചികയിൽ വി.ഡി.സതീശൻ സർക്കാരിന്റെ ആദ്യ മാസങ്ങൾ ആശ്വാസകരമല്ല.
പനി വന്നാൽ കണക്കില്ല. വൈദ്യുതി പോയാൽ അദ്ഭുതം ചെയ്യാനാവില്ല. ശമ്പളം ചോദിച്ചാൽ പണമില്ല. 3 വകുപ്പുകളുടെ 3 പ്രതിസന്ധികളല്ല ഇത്. ഒരു സർക്കാരിന്റെ ഭരണശേഷിയെക്കുറിച്ചുള്ള ഒറ്റ ചോദ്യമാണ്: ഭരണം എവിടെ?






















