Follow the FOURTH PILLAR LIVE channel on WhatsApp
സൈജു കുറുപ്പിനെ കേന്ദ്രകഥാപാത്രമാക്കി രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ‘ആരം’ എന്ന ചിത്രത്തിലെ പുതിയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. “നറുതിങ്കൾ നീ… നിധിയാണെന്നും, ഒരു തൂവൽ തണലാകും മൊഴിയാണെന്നും…” എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നത്.
സംവിധായകൻ ജിസ് ജോയ് എഴുതിയ വരികൾക്ക് രോഹിത് ഗോപാലകൃഷ്ണനാണ് സംഗീതം നൽകിയിരിക്കുന്നത്. ഹരിചരണും ആർതി എം.എൻ.അശ്വിനും ചേർന്നാണ് ആലാപനം. സൈജു കുറുപ്പും മാസ്റ്റർ ആദം എറിക്കും ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നു.
ചിത്രത്തിലെ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ആന്റോയും മകൻ അലനും തമ്മിലുള്ള ആത്മബന്ധമാണ് ഗാനരംഗത്തിന്റെ പ്രമേയം. സത്യസന്ധനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ സംഘർഷഭരിതമായ ഔദ്യോഗിക ജീവിതത്തിനിടയിലെ സ്വകാര്യവും വൈകാരികവുമായ നിമിഷങ്ങളിലേക്കാണ് ഗാനം വിരൽചൂണ്ടുന്നതെന്ന് അണിയറപ്രവർത്തകർ പറയുന്നു.
കോഴിക്കോടിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന അന്വേഷണ ത്രില്ലറാണ് ‘ആരം’. ഗുഡ് ഹോപ്പ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ.ജുനൈസ് ബാബുവാണ് ചിത്രം നിർമിക്കുന്നത്.
സൈജു കുറുപ്പിനൊപ്പം അഞ്ജു കുര്യൻ, സിദ്ദിഖ്, സുധീഷ്, മീര വാസുദേവ്, അഷ്കർ അലി, ഷഹീൻ സിദ്ദിഖ്, ദിനേശ് പ്രഭാകർ, മനോജ് കെ.യു., ജയരാജ് വാര്യർ, അപ്പുണ്ണി ശശി, ഉണ്ണി ലാലു, ഗോകുലൻ, സുരതി സന്തോഷ്, രമാദേവി, മാസ്റ്റർ ആദം എറിക് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
സുഗീത് സംവിധാനം ചെയ്ത ‘കിനാവള്ളി’യുടെ തിരക്കഥാകൃത്തായ വിഷ്ണു രാമചന്ദ്രനാണ് ‘ആരം’ രചിച്ചിരിക്കുന്നത്. കൈതപ്രം, ജിസ് ജോയ്, ജോ പോൾ എന്നിവരാണ് ഗാനരചന. ജേക്സ് ബിജോയിയുടെ സഹായി ആയി പ്രവർത്തിച്ചിരുന്ന രോഹിത് ഗോപാലകൃഷ്ണൻ ഈ ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീതസംവിധായകനാകുന്നത്.
ബാബു പിള്ള പ്രൊഡക്ഷൻ ഡിസൈനും സുജിത് മട്ടന്നൂർ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. കിരൺ മനോജാണ് മേക്കപ്പ്. സിബി ചീരൻ സ്റ്റിൽസും റോബിൻ ടോം ശബ്ദരൂപകല്പനയും കൈകാര്യം ചെയ്യുന്നു. ഷിബിൻ കൃഷ്ണ ചീഫ് അസോസിയേറ്റ് ഡയറക്ടറാണ്. ശ്രീജിത്ത് ഡാൻസ് സിറ്റിയാണ് നൃത്തസംവിധാനം.
സിജോ ഡൊമിനിക്ക് ഫിനാൻസ് കൺട്രോളറും മെഹ്മൂദ് കാലിക്കറ്റ് പ്രൊഡക്ഷൻ മാനേജരുമാണ്. ഷാജി കൊല്ലം പ്രൊഡക്ഷൻ എക്സിക്യൂട്ടീവും നികേഷ് നാരായണൻ പ്രൊഡക്ഷൻ കൺട്രോളറുമാണ്. മാമി ജോയാണ് ഡിസൈൻ. മാംഗോ സ്പേസ് ഡിജിറ്റൽ മാർക്കറ്റിങ്ങും ബ്രിംഗ് ഫോർത്ത് മാർക്കറ്റിങ് ആൻഡ് അഡ്വർട്ടൈസിങ്ങും കൈകാര്യം ചെയ്യുന്നു. പി.ആർ.ഒ. വാഴൂർ ജോസ്.
ഗുഡ് ഫെല്ലാസ് റിലീസും റോവാൻ എന്റർടൈൻമെന്റും ചേർന്ന് സെപ്റ്റംബറിൽ ‘ആരം’ തിയേറ്ററുകളിലെത്തിക്കും.


























