Follow the FOURTH PILLAR LIVE channel on WhatsApp
അമല പോളിനെ കേന്ദ്രകഥാപാത്രമാക്കി എം.പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. രാജ് സാഗർ ഫിലിംസിന്റെ ബാനറിൽ രമേഷ് ഗോപിനാഥാണ് ചിത്രം നിർമിക്കുന്നത്. മാഹിയിലെ ആയിഷ മൻസിലിൽ നടന്ന പൂജാചടങ്ങോടെയായിരുന്നു തുടക്കം.
ഉഷ ശ്രീധരൻ, സ്നിഷ രമേഷ് എന്നിവർ ആദ്യ ഭദ്രദീപം തെളിച്ചു. പോണ്ടിച്ചേരി മുൻ ആഭ്യന്തരമന്ത്രി ഇ.വത്സരാജ്, വ്യവസായി സുധാകരൻ പൂക്കോട്, ചലച്ചിത്രപ്രവർത്തകർ, അണിയറപ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നിർമാതാവും എക്സിബിറ്ററുമായ ലിബർട്ടി ബഷീർ സ്വിച്ചോൺ നിർവഹിച്ചു. മാഹി എം.എൽ.എ. അഡ്വ.ടി.അശോക് കുമാർ ആദ്യ ക്ലാപ്പ് നൽകി. കോട്ടയം നസീറാണ് ആദ്യ ഷോട്ടിൽ അഭിനയിച്ചത്.
പൂർണമായും ഹൊറർ ത്രില്ലർ സ്വഭാവത്തിലാണ് ചിത്രം ഒരുക്കുന്നത്. കണ്ണൂരും പരിസരപ്രദേശങ്ങളിലും ഏറെക്കാലമായി ചർച്ചയായ ഒരു കേസിന്റെ അന്വേഷണത്തിന് അസിസ്റ്റന്റ് കമ്മിഷണർ അനുപമ ഇക്ബാൽ നിയോഗിക്കപ്പെടുന്നതോടെയാണ് കഥ വികസിക്കുന്നത്. അനുപമ ഇക്ബാലായാണ് അമല പോൾ എത്തുന്നത്. അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും പുതിയ ദുരൂഹതകൾ തുറന്നുവരുന്ന തരത്തിലാണ് കഥ മുന്നോട്ടുപോകുന്നതെന്ന് അണിയറപ്രവർത്തകർ പറയുന്നു.
അമല പോളിനൊപ്പം വിജയ് ബാബു, ഇർഷാദ്, കോട്ടയം നസീർ, ഇന്ദ്രൻസ്, ബിനു പപ്പു, മുക്ത, റോണി ഡേവിഡ് രാജ്, ഉയിർ ഹരീഷ്, ദീപൻ ശിവരാമൻ, ആദ്യ അമിത് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. പാൻ ഇന്ത്യൻ ചിത്രമായാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
എം.പി.സുനീഷാണ് തിരക്കഥ. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും സൂരജ് ഇ.എസ്. ചിത്രസംയോജനവും നിർവഹിക്കുന്നു. ഹരിനാരായണൻ, മുത്തു, വിവേക് മൂഴുക്കുന്ന് എന്നിവരാണ് ഗാനരചന. നന്ദഗോപൻ, കെ.കെ.നിഷാദ് എന്നിവർ സംഗീതം ഒരുക്കുന്നു.
സാബു റാമാണ് കലാസംവിധാനം. രഞ്ജിത്ത് അമ്പാടി മേക്കപ്പും സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. രംഗനാഥ് രവിയാണ് ശബ്ദരൂപകല്പന. ദിനേശ് കുമാർ, അനു വിശ്വനാഥ് എന്നിവർ നൃത്തസംവിധാനം നിർവഹിക്കുന്നു. പി.സി. സ്റ്റണ്ട്സ്, മൈക്കിൾ, അഷറഫ് ഗുരുക്കൾ എന്നിവരാണ് സംഘട്ടനരംഗങ്ങൾ ഒരുക്കുന്നത്.
കെ.ജെ.വിനയൻ ചീഫ് അസോസിയേറ്റ് ഡയറക്ടറാണ്. ആകാശ് എം., സജി മുണ്ടൂർ, രാഹുൽ കൃഷ്ണൻ വി. എന്നിവർ അസോസിയേറ്റ് ഡയറക്ടർമാരാണ്. ഷിബി ശിവദാസ് സ്റ്റിൽസ് നിർവഹിക്കുന്നു. സുജൻ കുമാർ ലൈൻ പ്രൊഡ്യൂസറും ഷംനാസ് എം.അഷറഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്. ദിലീപ് കുമാർ എം.കെ., ബിജു പാറക്കൽ എന്നിവർ ഫിനാൻസ് മാനേജർമാരാണ്. അഷറഫ് പഞ്ചാര പ്രൊഡക്ഷൻ എക്സിക്യൂട്ടീവും തോബിയാസ് പ്രൊഡക്ഷൻ കൺട്രോളറുമാണ്. വാഴൂര്‍ ജോസാണ് പി.ആർ.ഒ.
തലശ്ശേരി, മാഹി, വടകര, കണ്ണൂർ, കൂത്തുപറമ്പ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കുക.



























