Follow the FOURTH PILLAR LIVE channel on WhatsApp
ഒരു ഇടവേളയ്ക്കുശേഷം സംവൃത സുനിൽ വീണ്ടും സിനിമയിൽ സജീവമാകുന്നു. ഷഹീദ് അറഫാത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് താരത്തിന്റെ മടങ്ങിവരവ്. ‘പ്രകമ്പനം’ എന്ന ചിത്രത്തിനു ശേഷം നവരസ ഫിലിംസും സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ പൂജ ഇടുക്കി ജില്ലയിലെ പന്ന്യാർകുട്ടിയിൽ നടന്നു.
ലളിതമായ ചടങ്ങിൽ സംവിധായകൻ ഷഹീദ് അറഫാത്ത്, നിർമാതാക്കളായ ശ്രീജിത്ത് കെ.എസ്., കാർത്തികേയൻ എസ്. എന്നിവരും ദിലീഷ് പോത്തൻ, അൽഫോൻസ് പുത്രൻ, സംവൃത സുനിൽ തുടങ്ങിയവരും അണിയറപ്രവർത്തകരും ചേർന്ന് ഭദ്രദീപം തെളിച്ചു. ദിലീഷ് പോത്തൻ സ്വിച്ചോൺ നിർവഹിച്ചു. അൽഫോൻസ് പുത്രൻ ആദ്യ ക്ലാപ്പ് നൽകി. ചിത്രത്തിന് ഇതുവരെ ഔദ്യോഗിക പേര് നൽകിയിട്ടില്ല.
ബിജു മേനോനും വിനീത് ശ്രീനിവാസനും പ്രധാന വേഷങ്ങളിലെത്തിയ ‘തങ്കം’ എന്ന ചിത്രത്തിനു ശേഷം ഷഹീദ് അറഫാത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ‘കെട്ട്യോളാണ് എന്റെ മാലാഖ’, ‘അഡിയോസ് അമിഗോസ്’ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് തങ്കമാണ് പുതിയ ചിത്രത്തിന്റെയും രചന നിർവഹിക്കുന്നത്.
ദിലീഷ് പോത്തൻ, അൽഫോൻസ് പുത്രൻ, സംവൃത സുനിൽ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിബിൻ ഗോപിനാഥ്, അഭിജിത്ത് സുരേഷ്, അശ്വതി മനോഹരൻ, റിയാസ് ഖാൻ, ശ്രുതി ജയൻ, ബിസാൽ പ്രസന്ന എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഇടുക്കിയുടെ മലയോര പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. ‘ആടുജീവിതം’ എന്ന ചിത്രത്തിനു ശേഷം സുനിൽ കെ.എസ്. ഒരു മലയാളചിത്രത്തിനായി ഛായാഗ്രഹണം നിർവഹിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
സംഗീതവിഭാഗത്തിലും കൗതുകമുണ്ട്. ‘ഗപ്പി’, ‘അമ്പിളി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ ജോൺ പോൾ ജോർജ് ഈ ചിത്രത്തിലൂടെ സംഗീതസംവിധായകനാകുന്നു. അജേഷ് ആന്റോയാണ് പശ്ചാത്തലസംഗീതം.
നിർമാതാക്കളായ ശ്രീജിത്ത് കെ.എസ്., കാർത്തികേയൻ എസ്. എന്നിവർക്കൊപ്പം ധിലോർ, റിജോഷ്, മോൻസി, ബ്ലെസ്സി എന്നിവർ സഹനിർമാതാക്കളും അഭിജിത്ത് സുരേഷ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്.
കിരൺ ദാസ് ചിത്രസംയോജനവും സുഭാഷ് കരുൺ പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. വിപിൻ വിജയൻ ചീഫ് അസോസിയേറ്റ് ഡയറക്ടറാണ്. റോണക്സ് സേവ്യർ മേക്കപ്പും ധന്യ ബാലകൃഷ്ണൻ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. യെല്ലോ ടൂത്താണ് ഡിസൈൻ. ബിനു മുരളിയാണ് പ്രൊഡക്ഷൻ കൺട്രോളർ. വാഴൂർ ജോസാണ് പി.ആർ.ഒ.
സംവൃത സുനിലിന്റെ തിരിച്ചുവരവും ദിലീഷ് പോത്തൻ–അൽഫോൻസ് പുത്രൻ കൂട്ടുകെട്ടും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും.

























