‘ലോ ആൻഡ് ഓർഡറി’ൽ 5 പുതുമുഖങ്ങൾ; രഞ്ജിത്ത് കണ്ടെത്തിയത് 3 മാസത്തെ തിരച്ചിലിലൂടെ

Follow the FOURTH PILLAR LIVE channel on WhatsApp 

സംവിധായകൻ രഞ്ജിത്ത് ഒരുക്കുന്ന ‘ലോ ആൻഡ് ഓർഡർ’ എന്ന ചിത്രത്തിലൂടെ 5 പുതുമുഖങ്ങൾ മലയാള സിനിമയിലേക്ക്. എസ്.ഐ. പരീക്ഷ പാസായി സർവീസിൽ പ്രവേശിക്കുന്ന 5 യുവ പൊലീസ് ഉദ്യോഗസ്ഥരുടെ വേഷങ്ങളിലാണ് പുതുമുഖങ്ങൾ എത്തുന്നത്. ഇവരുടെ സീനിയർ പൊലീസ് ഓഫീസറായി പ്രകാശ് വർമ്മ അഭിനയിക്കുന്നു.

യുവ ഉദ്യോഗസ്ഥരുടെ കഥാപാത്രങ്ങളിലേക്ക് ആദ്യം പരിചിതരായ താരങ്ങളെ പരിഗണിച്ചിരുന്നെങ്കിലും പുതുമുഖങ്ങൾ കൂടുതൽ അനുയോജ്യമാകുമെന്ന തീരുമാനത്തിലെത്തുകയായിരുന്നുവെന്ന് രഞ്ജിത്ത് പറഞ്ഞു. 3 മാസത്തിലേറെ നീണ്ട തിരഞ്ഞെടുപ്പിനൊടുവിലാണ് 5 പേരെയും കണ്ടെത്തിയത്.

അരുൺ അയ്യപ്പൻ എന്ന കഥാപാത്രത്തെ ഋതു ദേവ് അയ്യപ്പനും ഫിറോസ് എം.കെയെ ഷനൂദ് ഇബ്രാഹിമും അവതരിപ്പിക്കുന്നു. ബിജു കുര്യൻ എന്ന വേഷത്തിൽ ഡോൺ മൈക്കിളാണ് എത്തുന്നത്. അന്തരിച്ച നടൻ രാജൻ പി.ദേവിന്റെ ചെറുമകനാണ് ഡോൺ മൈക്കിൾ. സെബാസ്റ്റ്യൻ പോൾ എന്ന കഥാപാത്രമായി നിജാദ് ബാബു തോമസും ബെന്നി വർഗീസ് ആയി സജൽ സുദർശനനും അഭിനയിക്കുന്നു.

പുതുതായി ജോലിയിൽ പ്രവേശിക്കുന്ന 5 പൊലീസ് ഉദ്യോഗസ്ഥരുടെയും അവരെ നയിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥന്റെയും ഔദ്യോഗികവും വ്യക്തിപരവുമായ ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്. മെട്രോ നഗരങ്ങളുടെ പിന്നാമ്പുറങ്ങളിൽ അരങ്ങേറുന്ന കുറ്റകൃത്യങ്ങളും ദുരൂഹതകളും അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ചിത്രം ആക്ഷൻ ത്രില്ലറിനൊപ്പം വൈകാരികമായ കുടുംബ-വ്യക്തിബന്ധങ്ങൾക്കും പ്രാധാന്യം നൽകുന്നതായി അണിയറപ്രവർത്തകർ പറയുന്നു.

സത്യം സിനിമാസ്, മഹാ സുബൈർ മൂവിക്ഷേത്ര എന്നിവയുടെ ബാനറിൽ പ്രേമചന്ദ്രൻ എ.ജി., മഹാ സുബൈർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഉദയ് കൃഷ്ണയാണ് തിരക്കഥ.

അഭിരാമി ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷെർഷ ഷെരിഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആന്റണി, ബോബി കുര്യൻ, വി.കെ.പ്രകാശ്, സുരേഷ് കൃഷ്ണ, ജോയ് മാത്യു, ദേവൻ, ആനന്ദ് മൻമഥൻ, ജോണി ആന്റണി, ഭീമൻ രഘു, നന്ദു, ജെയ്സ് ജോസ്, അസിം ജമാൽ, ഗായത്രി അശോക്, അജയ് വാസുദേവ്, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, അക്ഷയ് രാധാകൃഷ്ണൻ, മോഹൻ ജോസ്, മാധുരി, സാബുമോൻ, ഗുണ്ടുകാട് സാബു, മുരുകൻ, സന്ധ്യ രാജേന്ദ്രൻ, വൈഷ്ണവി, രമാദേവി, അംബിക നായർ തുടങ്ങിയവരും വേഷങ്ങളിലെത്തുന്നു.

ചിത്രത്തിൽ മമ്മൂട്ടി അതിഥിവേഷത്തിലെത്തുമെന്ന അഭ്യൂഹവും സിനിമാവൃത്തങ്ങളിൽ സജീവമാണ്. രഞ്ജിത്തിന്റെ ‘ബ്ലാക്ക്’ എന്ന ചിത്രത്തിലെ കാരിക്കാമുറി ഷൺമുഖൻ എന്ന കഥാപാത്രമായാകും മമ്മൂട്ടി എത്തുകയെന്ന തരത്തിലാണ് പ്രചാരണം. എന്നാൽ ഇക്കാര്യത്തിൽ അണിയറപ്രവർത്തകർ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

ഷിബു ചക്രവർത്തിയാണ് ഗാനരചന. ജോ ഡാനിയേൽ സംഗീതവും ബിജിബാൽ പശ്ചാത്തലസംഗീതവും ഒരുക്കുന്നു. പ്രശാന്ത് രവീന്ദ്രൻ ഛായാഗ്രഹണവും മനോജ് കണ്ണോത്ത് ചിത്രസംയോജനവും നിർവഹിക്കുന്നു. സാബു റാം കലാസംവിധാനവും റോഷൻ എൻ.ജി. മേക്കപ്പും സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. കിഷൻ സപ്തയാണ് ശബ്ദരൂപകല്പന.

സുനിൽ സിങ് ലൈൻ പ്രൊഡ്യൂസറും വി.ബോസ് ചീഫ് അസോസിയേറ്റ് ഡയറക്ടറുമാണ്. ശാലിനിയാണ് കാസ്റ്റിങ് ഡയറക്ടർ. പ്രസാദ് നമ്പ്യാങ്കാവ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവും പ്രശാന്ത് നാരായണൻ പ്രൊഡക്ഷൻ കൺട്രോളറുമാണ്. പി.ആർ.ഒ. വാഴൂർ ജോസ്.

കൊച്ചി, തിരുവനന്തപുരം, കോട്ടയം, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലായി ഏകദേശം 90 ദിവസം നീണ്ട ചിത്രീകരണം പൂർത്തിയായി. സെപ്റ്റംബർ 18ന് സത്യം സിനിമാസ് ചിത്രം തിയേറ്ററുകളിലെത്തിക്കും.

COMMENTCancel reply

Recent Articles

Related Articles

Special