ടീനേജ് പ്രണയകഥയുമായി ഇന്ത്യൻ സിനിമയുടെ നാലാമത്തെ ചിത്രം തുടങ്ങി

Follow the FOURTH PILLAR LIVE channel on WhatsApp 

പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ കൗമാരക്കാരുടെ ജീവിതം പശ്ചാത്തലമാക്കി ഒരുക്കുന്ന പുതിയ പ്രണയ-ഹാസ്യ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. നവാഗതനായ രോഹിത് ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്ന ചിത്രം ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാനും ഷിയാസ് ഹസ്സനും ചേർന്നാണ് നിർമിക്കുന്നത്. പ്രണവ് പറശ്ശിനിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

‘നരിവേട്ട’യിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയമായ സാന്നിധ്യമായ ഇന്ത്യൻ സിനിമ നിർമിക്കുന്ന നാലാമത്തെ ചിത്രമാണിത്. അങ്കമാലി മൂക്കന്നൂരിനടുത്തുള്ള ആനപ്പാറയിൽ നടന്ന ലളിതമായ ചടങ്ങിൽ സംവിധായകൻ ഗിരീഷ് എ.ഡി. ആദ്യ ക്ലാപ്പ് നൽകി ചിത്രീകരണത്തിന് തുടക്കം കുറിച്ചു. നഹാസ് ഹിദായത്ത്, ഗിരീഷ് എ.ഡി., എം.സി.ജിതിൻ, സംഗീത് പി.രാജൻ എന്നിവർക്കൊപ്പം പ്രവർത്തിച്ച അനുഭവസമ്പത്തുമായാണ് രോഹിത് ചന്ദ്രശേഖരൻ സ്വതന്ത്ര സംവിധായകനാകുന്നത്.

കൗമാരത്തിന്റെ കുസൃതികളും ആവേശവും പ്രണയവും ഇണക്കവും പിണക്കവും ചേർത്തൊരുക്കുന്ന ചിത്രത്തിൽ നർമത്തിനാണ് പ്രാധാന്യം. കൗമാരക്കാരുടെ ജീവിതത്തിന്റെ നേർക്കാഴ്ചയായിരിക്കും ചിത്രമെന്ന് അണിയറപ്രവർത്തകർ പറയുന്നു.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പുതുമുഖങ്ങളാണ്. ഓഡിഷനിലൂടെയാണ് ഇവരെ തിരഞ്ഞെടുത്തതെന്ന് സംവിധായകൻ രോഹിത് ചന്ദ്രശേഖരൻ പറഞ്ഞു. അഭിനേതാക്കളുടെ പേരുകളും ചിത്രത്തിന്റെ പേരും പിന്നീട് പുറത്തുവിടും. പുതുമുഖങ്ങൾക്കൊപ്പം മുതിർന്ന അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമാകും.

കിരൺ കെ.എസ്. ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. ബിബിൻ അശോക് സംഗീതവും ദീപക് ഡി.മേനോൻ ഛായാഗ്രഹണവും നിർവഹിക്കുന്നു. ആകാശ് ജോസഫ് ചിത്രസംയോജനവും ഔസേപ്പ് ജോൺ കലാസംവിധാനവും കൈകാര്യം ചെയ്യുന്നു. റോണക്സ് സേവ്യർ ചമയം, മെൽവിൻ വസ്ത്രാലങ്കാരം, ജോസുകുട്ടി ബേബി നിശ്ചലഛായാഗ്രഹണം എന്നിവ നിർവഹിക്കുന്നു.

അപ്പുമാരായി ക്രിയേറ്റീവ് ഡയറക്ടറാണ്. ഷാൻ സലിം ചീഫ് അസോസിയേറ്റ് ഡയറക്ടറും കെസിയ സോഫിയ സാമുവൽ അസോസിയേറ്റ് ഡയറക്ടറുമാണ്. അഷയ് മനോജ്, ജെനീഷ് ജോസ് എന്നിവർ പ്രൊഡക്‌ഷൻ മാനേജർമാരും ആന്റണി തോമസ് പ്രൊഡക്‌ഷൻ കൺട്രോളറുമാണ്. പി.ആർ.ഒ. വാഴൂർ ജോസ്.

അങ്കമാലിയിലും പരിസരപ്രദേശങ്ങളിലുമായാണ് ചിത്രത്തിന്റെ പ്രധാന ചിത്രീകരണം നടക്കുക.

COMMENTCancel reply

Recent Articles

Related Articles

Special