Follow the FOURTH PILLAR LIVE channel on WhatsApp
ജി.മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് തിയേറ്ററുകളിലെത്തും. ഗ്രാമീണ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ നർമത്തിനൊപ്പം സാമൂഹിക നിരീക്ഷണങ്ങളും ചേർത്തൊരുക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന വിവരങ്ങളാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
വിജയരാഘവൻ അവതരിപ്പിക്കുന്ന ഉദയൻ ശാന്തിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. നാട്ടിൻപുറത്തിന്റെ ജീവിതവുമായി ഇഴചേർന്നുനിൽക്കുന്ന, നർമത്തിന് ഏറെ സാധ്യതകളുള്ള കഥാപാത്രമായാണ് ഉദയൻ ശാന്തിയെ അവതരിപ്പിക്കുന്നത്.
വിഷ്ണു ഉണ്ണികൃഷ്ണന്റെ സ്വപ്നേഷ് ആണ് മറ്റൊരു ശ്രദ്ധേയ കഥാപാത്രം. ആശുപത്രിക്ക് സമീപം ശവപ്പെട്ടിക്കട തുടങ്ങാനുള്ള പരസ്യം നൽകുന്നതുൾപ്പെടെ വ്യത്യസ്തമായ ആശയങ്ങളുമായി നടക്കുന്ന സ്വപ്നേഷിലൂടെയാണ് ചിത്രത്തിലെ നർമത്തിന്റെ പ്രധാനൊരു ഭാഗം വികസിക്കുന്നത്.
ഹരിശ്രീ അശോകൻ ബാബു അളിയൻ എന്ന കഥാപാത്രമായെത്തുന്നു. ടിനി ടോമിനും ചിത്രത്തിൽ ശ്രദ്ധേയമായ വേഷമുണ്ട്. ‘തിങ്കളാഴ്ച നിശ്ചയം’ ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കെ.യു. മോഹൻ രാജൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബിബിൻ ജോർജും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഗ്രാമങ്ങളിൽ നിത്യജീവിതത്തിൽ കണ്ടുമുട്ടുന്ന മനുഷ്യരുടെ സ്വഭാവവിശേഷങ്ങളും ബന്ധങ്ങളും ചെറുസംഭവങ്ങളുമാണ് കഥാപാത്രങ്ങളിലൂടെ സിനിമയിലേക്ക് കൊണ്ടുവരുന്നതെന്ന് അണിയറപ്രവർത്തകർ പറയുന്നു. നാട്ടിൻപുറത്തിന്റെ സ്വാഭാവികത നിലനിർത്തിക്കൊണ്ടുള്ള അവതരണമാണ് സംവിധായകൻ ലക്ഷ്യമിടുന്നത്.
ആദ്യ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ചിത്രം ജെ.കെ.എസ്. പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ടാണ് നിർമിക്കുന്നത്. സിറിയക് ആലഞ്ചേരി സഹനിർമാതാവാണ്. ഹിരൺ മഹാജൻ, ജി. മാർത്താണ്ഡൻ എന്നിവർ എക്സിക്യുട്ടീവ് പ്രൊഡ്യൂസർമാരാണ്.
വിജയരാഘവൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ഹരിശ്രീ അശോകൻ, ടിനി ടോം, കെ.യു. മോഹൻ എന്നിവർക്കൊപ്പം ബിനു ശിവറാം, ജിയോ ബേബി, സിദ്ധാർഥ് ശിവ, കുട്ടി അഖിൽ, ജെറോം, ബിപിൻ ചന്ദ്രൻ, പ്രിയനന്ദനൻ, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റർ ശ്രീപത്, അനിയപ്പൻ, ശ്രീരാജ്, പൗളി വത്സൻ, സേതുലക്ഷ്മി, ജസ്ന്യ കെ. ജയദീഷ്, ചിത്ര നായർ, പ്രിയ കോട്ടയം, ബിന്ദു അനീഷ്, ലതാദാസ്, അജീഷ, രാജി മേനോൻ എന്നിവരും അഭിനയിക്കുന്നു.
ബിനു ശശിറാമിന്റേതാണ് തിരക്കഥ. പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി ചിത്രസംയോജനവും നിർവഹിക്കുന്നു. സുജിത് രാഘവാണ് കലാസംവിധാനം. അമൽ സി.ചന്ദ്രൻ മേക്കപ്പും സിജി തോമസ് നോബൽ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു.
അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ എന്നിവർ ചീഫ് അസോസിയേറ്റ് ഡയറക്ടർമാരും സജു പൊറ്റയിൽക്കട, ഡിഫിൻ ബാലൻ എന്നിവർ അസോസിയേറ്റ് ഡയറക്ടർമാരുമാണ്. അജി മസ്കറ്റാണ് സ്റ്റിൽസ്. റഫീഖ് ഖാൻ, മെൽബിൻ ഫെലിക്സ് എന്നിവർ പ്രൊഡക്ഷൻ മാനേജർമാരും ബിജു കടവൂർ പ്രൊഡക്ഷൻ കൺട്രോളറുമാണ്. വാഴൂർ ജോസാണ് പി.ആർ.ഒ.
ഗുഡ് ഫെല്ലാസ് റിലീസ് സെപ്റ്റംബർ 18ന് ചിത്രം തിയേറ്ററുകളിലെത്തിക്കും.


























