‘ഗോദോയെ കാത്ത്’ അവർ വീണ്ടുമെത്തുന്നു; സെപ്റ്റംബർ 19ന് തിരുവനന്തപുരത്ത്

Follow the FOURTH PILLAR LIVE channel on WhatsApp 

സാമുവൽ ബെക്കറ്റിന്റെ ലോകപ്രശസ്ത നാടകം ‘വെയ്റ്റിങ് ഫോർ ഗോദോ’ മലയാളത്തിൽ വീണ്ടും അരങ്ങിലെത്തുന്നു. വർഷങ്ങളുടെ ഇടവേളയ്ക്കുശേഷമാണ് ‘ഗോദോയെ കാത്ത്’ മലയാളവേദിയിലേക്ക് മടങ്ങിയെത്തുന്നത്. സെപ്റ്റംബർ 19ന് വൈകീട്ട് 6.30ന് തൈക്കാട്ടെ സൂര്യ ഗണേശം തിയേറ്ററിലാണ് അവതരണം.

ഡോ.രാജ വാര്യരാണ് മലയാളാവിഷ്കാരം സംവിധാനം ചെയ്യുന്നത്. സ്റ്റേജ് ഇന്ത്യ പെർഫോമിങ് ആർട്സ് സ്റ്റഡി ആൻഡ് റിസർച്ച് സെന്ററിന്റെ ബാനറിൽ ഡോ.തുളസീധരക്കുറുപ്പാണ് നിർമാണം. കടമ്മനിട്ട രാമകൃഷ്ണന്റേതാണ് മലയാള പരിഭാഷ.

ബെക്കറ്റിന്റെ അസ്തിത്വവാദ ചിന്ത, മനുഷ്യന്റെ കാത്തിരിപ്പ്, പ്രതീക്ഷ, ജീവിതത്തിന്റെ അർഥത്തിനായുള്ള അന്വേഷണം എന്നിവയാണ് നാടകത്തിന്റെ കേന്ദ്രപ്രമേയങ്ങളെന്ന് അഭിനേതാക്കളിലൊരാളായ സജനചന്ദ്രൻ പറഞ്ഞു. വർഷങ്ങൾക്കുശേഷമാണ് ഈ കൃതി മലയാളത്തിൽ വീണ്ടും അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഗിരീഷ് സോപാനം, സജനചന്ദ്രൻ, പ്രവീൺ കുമാർ, ഡോ.അരോമൽ ടി. എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വ്ലാദിമിർ, എസ്ട്രഗോൺ എന്നീ കഥാപാത്രങ്ങളായി സജനചന്ദ്രനും പ്രവീൺ കുമാറും വേദിയിലെത്തും. ജീവിതസാഹചര്യങ്ങളിൽനിന്നുള്ള മോചനമെന്ന പ്രതീക്ഷയിൽ ഗോദോയെ അനന്തമായി കാത്തിരിക്കുന്ന ഇരുവരിലൂടെയാണ് നാടകം മുന്നോട്ടുപോകുന്നത്.

പോസോ എന്ന കഥാപാത്രത്തെ ഡോ.അരോമൽ ടി. അവതരിപ്പിക്കും. പ്രസിഡന്റിന്റെ പുരസ്കാരജേതാവായ ഗിരീഷ് സോപാനമാണ് ലക്കിയുടെ വേഷത്തിൽ. ഗോദോയുടെ സന്ദേശവാഹകനായ ബാലന്റെ കഥാപാത്രത്തെ ജോബി അവതരിപ്പിക്കും.

ഷൈമോൻ ചെല്ലാടാണ് വെളിച്ചവിന്യാസം. പ്രദീപ് അയിരൂർപാറ രംഗസജ്ജീകരണവും സതീഷ് കെ.നാരായണൻ സംഗീതവും ഒരുക്കുന്നു. ഡോ.അരോമൽ വസ്ത്രാലങ്കാരവും പ്രവീൺ കുമാർ വേദിനിർവഹണവും കൈകാര്യം ചെയ്യുന്നു. അഭിനന്ദാണ് സാങ്കേതിക സഹായം.

ആധുനിക ലോകനാടകവേദിയിലെ ശ്രദ്ധേയമായ ക്ലാസിക്കുകളിലൊന്നായ ‘വെയ്റ്റിങ് ഫോർ ഗോദോ’യെ മലയാളവേദിയിൽ പുതിയ ദൃശ്യ-ശ്രാവ്യ അനുഭവമായി അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു. 90 മിനിറ്റാണ് നാടകത്തിന്റെ ദൈർഘ്യം. പ്രവേശനപാസ് 200 രൂപ. വിശദവിവരങ്ങൾക്ക് 9562020458, 8590333130 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

COMMENTCancel reply

Recent Articles

Related Articles

Special