Follow the FOURTH PILLAR LIVE channel on WhatsApp
ഗാന്ധിജിയെ കേവലമായൊരു ആരാധനാബിംബമായി കാണാതെ, അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെയും നിലപാടുകളെയും വിമർശനാത്മകമായി സമീപിക്കുന്ന ‘ഇഴകൾക്കപ്പുറം’ ഒക്ടോബർ 2ന് തിയേറ്ററുകളിലെത്തും. വേണു നായർ രചനയും സംവിധാനവും നിർവഹിച്ച് നിർമിക്കുന്ന ചിത്രം, പരമ്പരാഗത ഗാന്ധിയൻ മൂല്യങ്ങളും പുതിയ തലമുറയുടെ യുക്തിചിന്തയും തമ്മിലുള്ള ഏറ്റുമുട്ടലാണ് പ്രമേയമാക്കുന്നത്.
വിശ്വാസങ്ങളും സംശയങ്ങളും തമ്മിലുള്ള തലമുറമാറ്റത്തിന്റെ നേർക്കാഴ്ചയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു വശത്ത് ഗാന്ധിമാർഗത്തെ സ്വന്തം ജീവിതത്തിന്റെ ഭാഗമായി കാണുന്ന ഡോ. ആനന്ദ് ശിവൻ എന്ന പിതാവ്. മറുവശത്ത് ചരിത്രത്തെയും മഹത്തായ ബിംബങ്ങളെയും ചോദ്യംചെയ്യുന്ന കാർത്തി എന്ന മകൾ.
ഗാന്ധിജിയെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയുടെ പശ്ചാത്തലത്തിലാണ് അച്ഛനും മകളും തമ്മിലുള്ള ആശയസംഘർഷം വികസിക്കുന്നത്. ഗാന്ധിജിയോടുള്ള അച്ഛന്റെ ആരാധനയ്ക്കുമുന്നിൽ അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെയും നിലപാടുകളെയും കുറിച്ചുള്ള മൂർച്ചയേറിയ ചോദ്യങ്ങളാണ് കാർത്തി ഉയർത്തുന്നത്. ചില ചോദ്യങ്ങൾക്ക് മുന്നിൽ അച്ഛൻ മൗനത്തിലാകുമ്പോൾ, യുക്തിഭദ്രമായ വാദങ്ങളിലൂടെ ഗാന്ധിജിയെന്ന വലിയ ബിംബത്തിന്റെ മറഞ്ഞുകിടക്കുന്ന ഇഴകൾ അഴിച്ചെടുക്കാനാണ് ചിത്രം ശ്രമിക്കുന്നത്.
ദിനേശ് പണിക്കർ, ഗൗതമി, വഞ്ചിയൂർ പ്രവീൺ കുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വേണു നായർ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം, നിർമാണം, സംവിധാനം എന്നിവ വേണു നായർ തന്നെയാണ് നിർവഹിക്കുന്നത്. ജിജോ ജോണി ചെറുവത്തൂർ എക്സിക്യുട്ടീവ് പ്രൊഡ്യൂസറാണ്.
പുഷ്പൻ ദിവാകരൻ ഛായാഗ്രഹണവും പ്രദീപ് ചന്ദ്രൻ ചിത്രസംയോജനവും നിർവഹിക്കുന്നു. സംഗീതവും പശ്ചാത്തലസംഗീതവും വേണു നായരാണ്. ശ്രീ ലക്ഷ്മണാചാര്യയുടെ വരികൾ സരിത രാജീവ് ആലപിക്കുന്നു.
അരുൺ നായർ പ്രൊഡക്ഷൻ എക്സിക്യുട്ടീവ്. ശബ്ദരൂപകല്പന വേണു നായർ. അരുൺ രഘു ആനാട് കലാസംവിധാനം നിർവഹിക്കുന്നു. വി.എൻ. വസ്ത്രരൂപകല്പനയും ശ്രീജിത്ത് വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. രാജേഷ് വെള്ളനാടാണ് ചമയം. അരുൺകുമാർ എം. കളറിസ്റ്റും അജയ് തുണ്ടത്തിൽ പി.ആർ.ഒ.യുമാണ്.
ഗാന്ധിയൻ ചിന്തയെ ആരാധനയുടെ പരിധിക്കപ്പുറം സംവാദത്തിന്റെയും ചോദ്യംചെയ്യലിന്റെയും മണ്ഡലത്തിലേക്ക് കൊണ്ടുവരുന്ന ചിത്രമായാണ് ‘ഇഴകൾക്കപ്പുറം’ എത്തുന്നത്.




























