Follow the FOURTH PILLAR LIVE channel on WhatsApp
“മാധ്യമങ്ങളെ മുഖ്യമന്ത്രിക്ക് ഭയമാണ്.” 2023 മാർച്ചിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നടത്തിയ വിമർശനമായിരുന്നു അത്. അംഗീകൃത മാധ്യമപ്രവർത്തകരെപ്പോലും സെക്രട്ടേറിയറ്റിൽ പ്രവേശിപ്പിക്കാത്തത് മാധ്യമങ്ങളെയും വിമർശകരെയും ഭരണകൂടം ഭയക്കുന്നതിന്റെ തെളിവാണെന്നായിരുന്നു സതീശന്റെ ആരോപണം.
മൂന്നര വർഷത്തിനിപ്പുറം കേരളത്തിൽ മറ്റൊരു മുഖ്യമന്ത്രി — വി.ഡി.സതീശൻ. 2026 സെപ്റ്റംബർ 26ന് കൊച്ചിയിലെ മുഖ്യമന്ത്രിയുടെ പൊതുപരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് പൊലീസ് നൽകിയ നിർദേശം: ‘മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കരുത്. മാറിനിൽക്കണം.’ അന്നുതന്നെ തൃശ്ശൂരിൽ മുഖ്യമന്ത്രിയുടെ പരിപാടിയിൽനിന്ന് മാധ്യമപ്രവർത്തകരെ പൊലീസ് മാറ്റി. സദസ്സിലിരുന്ന വനിതാ മാധ്യമപ്രവർത്തകയോട് മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കരുതെന്ന് നിർദേശിച്ചു. പുസ്തകപ്രകാശനത്തിന്റെ ചിത്രം എടുക്കാൻ ശ്രമിച്ച ഫൊട്ടോഗ്രാഫറെയും തടഞ്ഞു.
കസേര മാറി. മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സതീശന്റെ ഭാഷയും മാറിയോ എന്ന ചോദ്യം ഉയരുന്നത് ഇവിടെയാണ്. ഒരിക്കൽ മാധ്യമങ്ങൾക്ക് കടിഞ്ഞാണിടുന്ന മുഖ്യമന്ത്രിക്കെതിരെ പടവാളെടുത്ത നേതാവ് ഇന്ന് സ്വന്തം പൊതുപരിപാടിയിൽ മാധ്യമങ്ങൾ എവിടെ നിൽക്കണം, ചോദ്യം ചോദിക്കാമോ എന്നതുവരെ പൊലീസ് നിയന്ത്രിക്കുന്ന സാഹചര്യത്തിന്റെ കേന്ദ്രത്തിലാണ്. അതിനേക്കാൾ ശ്രദ്ധേയമാണ് പ്രതിവാര മന്ത്രിസഭാ വാർത്താസമ്മേളനങ്ങളിൽ കഴിഞ്ഞ മാസങ്ങളിൽ രൂപപ്പെട്ട മാറ്റം.
‘എല്ലാ ചോദ്യത്തിനും മറുപടി പറയും’
മുഖ്യമന്ത്രിയായ തുടക്കത്തിൽ മാധ്യമങ്ങളുമായുള്ള ബന്ധത്തെ സ്വന്തം പ്രത്യേകതയായാണ് സതീശൻ അവതരിപ്പിച്ചത്. ഓഗസ്റ്റ് 22ന് മനോരമ ന്യൂസ് കോൺക്ലേവിൽ പിണറായി വിജയന്റെ വാർത്താസമ്മേളനങ്ങളെ പരിഹസിച്ചുകൊണ്ടായിരുന്നു വിശദീകരണം. പിണറായി വിജയൻ 50 മിനിറ്റ് തയ്യാറാക്കിയ പ്രസംഗം വായിച്ചശേഷം അഞ്ചോളം ചോദ്യങ്ങൾ മാത്രമാണ് സ്വീകരിച്ചിരുന്നതെന്ന് സതീശൻ പറഞ്ഞു. താൻ 10 മിനിറ്റ് സംസാരിച്ചശേഷം എല്ലാ മാധ്യമപ്രവർത്തകരുടെയും എല്ലാ ചോദ്യങ്ങളും തീരുന്നതുവരെ മറുപടി നൽകുമെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. മാധ്യമങ്ങളോടുള്ള ലഭ്യതയിൽ വിട്ടുവീഴ്ചയില്ലെന്നും പറഞ്ഞു.
ഈ പ്രഖ്യാപനം വളരെ പ്രധാനമാണ്. കാരണം മാധ്യമങ്ങളുമായുള്ള ബന്ധത്തിൽ പിണറായി വിജയനേക്കാൾ വ്യത്യസ്തനാണ് താൻ എന്ന രാഷ്ട്രീയപ്രതിച്ഛായ സതീശൻ തന്നെ നിർമ്മിക്കുകയായിരുന്നു. പിണറായി മാധ്യമങ്ങളെ അവഗണിക്കുന്നു. സതീശൻ മാധ്യമങ്ങളെ കേൾക്കുന്നു. പിണറായി കുറച്ചു ചോദ്യങ്ങൾ മാത്രം സ്വീകരിക്കുന്നു. സതീശൻ അവസാനത്തെ ചോദ്യത്തിനും മറുപടി പറയുന്നു. അങ്ങനെയായിരുന്നു പരസ്യം. പക്ഷേ പ്രതിവാര വാർത്താസമ്മേളനങ്ങൾ മുന്നോട്ടുപോയപ്പോൾ ചിത്രം മാറിത്തുടങ്ങി.
വാർത്താസമ്മേളനം വാക്കേറ്റവേദിയായപ്പോൾ
ജൂലൈ 15ലെ മന്ത്രിസഭാ വാർത്താസമ്മേളനത്തെക്കുറിച്ച് സതീശൻ്റെ സ്വന്തം മനോരമ തന്നെ വിശേഷിപ്പിച്ചത് ‘പ്രസ് ഗ്രില്ലിങ്’ എന്നായിരുന്നു. സർക്കാർ തീരുമാനങ്ങൾ ഔദ്യോഗികമായി വിശദീകരിക്കേണ്ട വേദി മുഖ്യമന്ത്രിയും മാധ്യമപ്രവർത്തകരും തമ്മിലുള്ള ചൂടേറിയ വാക്കേറ്റത്തിന്റെ വേദിയായി മാറുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ഉന്നയിച്ച ഒരു വാദത്തിലെ വസ്തുതാപരമായ പ്രശ്നം ദേശാഭിമാനി റിപ്പോർട്ടർ ചൂണ്ടിക്കാട്ടിയപ്പോഴുണ്ടായ പ്രതികരണം ഇതിന്റെ ഉദാഹരണമാണ്. ചോദ്യം ആവർത്തിക്കുകയും മുഖ്യമന്ത്രിയുടെ മറുപടിക്കിടെ റിപ്പോർട്ടർ വിശദീകരിക്കാൻ ശ്രമിക്കുകയും ചെയ്തപ്പോൾ സതീശൻ രോഷാകുലനായി. താൻ മറുപടി പറയുമ്പോൾ ഇടപെടാൻ അവകാശമില്ലെന്നും ഒരേ ചോദ്യം ആവർത്തിക്കരുതെന്നും മാധ്യമപ്രവർത്തകനിൽനിന്ന് ‘മര്യാദ’ പ്രതീക്ഷിക്കുന്നുവെന്നുമായിരുന്നു പ്രതികരണം.
ഇവിടെയാണ് മാറ്റത്തിന്റെ ആദ്യ സൂചന. ‘എല്ലാ ചോദ്യത്തിനും മറുപടി’ എന്ന പ്രഖ്യാപനം പതുക്കെ ‘ചോദ്യം എങ്ങനെ ചോദിക്കണമെന്ന് ഞാൻ തീരുമാനിക്കും’ എന്ന സ്വഭാവത്തിലേക്ക് മാറുന്നു. മാധ്യമപ്രവർത്തകന്റെ ചോദ്യം തെറ്റാണെങ്കിൽ മുഖ്യമന്ത്രി വസ്തുത പറഞ്ഞ് തിരുത്താം. ആവർത്തനമാണെങ്കിൽ അത് വ്യക്തമാക്കാം. പക്ഷേ അധികാരമുള്ള വ്യക്തി തന്നെ ചോദ്യം ചോദിക്കുന്ന രീതിയുടെ ‘മര്യാദ’ നിർണയിക്കുന്നിടത്താണ് മാധ്യമ–അധികാര ബന്ധത്തിലെ പ്രശ്നം ആരംഭിക്കുന്നത്.
പ്രതിപക്ഷത്തിരിക്കുമ്പോഴും സൂചനയുണ്ടായിരുന്നു
ഈ മാറ്റം മുഖ്യമന്ത്രിയായശേഷം മാത്രമാണ് ഉണ്ടായതെന്നും പറയാനാകില്ല. 2026 ഏപ്രിൽ 4ന് കാസറഗോഡ് നടത്തിയ വാർത്താസമ്മേളനത്തിൽ ദേശാഭിമാനിയുടെയും കൈരളി ന്യൂസിന്റെയും ചോദ്യങ്ങൾക്ക് മറുപടി പറയില്ലെന്ന് അന്നത്തെ പ്രതിപക്ഷ നേതാവ് സതീശൻ പ്രഖ്യാപിച്ചിരുന്നു. വയനാട് ദുരന്തസഹായ ഫണ്ടിനെക്കുറിച്ചുള്ള ചോദ്യം ആവർത്തിച്ചതിനെ തുടർന്ന് വാർത്താസമ്മേളനം അവസാനിപ്പിച്ച് ഇറങ്ങിപ്പോയി. അതായത് മാധ്യമസ്വാതന്ത്ര്യത്തിന്റെ വലിയ വക്താവായി പൊതുവേദിയിൽ സംസാരിക്കുമ്പോഴും തനിക്ക് അസൗകര്യമുണ്ടാക്കുന്ന മാധ്യമങ്ങളോട് മറ്റൊരു സമീപനത്തിന്റെ സൂചന അന്നേ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ കസേര അത് കൂടുതൽ പ്രകടമാക്കി എന്നതാണ് പിന്നീട് കണ്ടത്.
‘ഞാനല്ലേ സംസാരിക്കുന്നത്; കേട്ടിരുന്നാൽ മതി’
ചാർട്ടേഡ് വിമാനയാത്ര വിവാദം വന്നതോടെയാണ് പ്രതിവാര വാർത്താസമ്മേളനത്തിലെ ഈ സമീപനം കൂടുതൽ തെളിഞ്ഞത്. സ്വകാര്യ വ്യക്തി ഒരുക്കിയ വിമാനത്തിൽ മുഖ്യമന്ത്രി നടത്തിയ യാത്രയെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ആവർത്തിച്ചു. വിമാനം ഒരുക്കിയ വ്യക്തി ആരാണെന്ന് ചോദ്യം ഉയർന്നു. അതിനു മറുപടി പറയുന്നതിനിടെ മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് താനാണ് സംസാരിക്കുന്നതെന്നും തന്നെ സംസാരിക്കാൻ അനുവദിക്കണമെന്നും കേട്ടിരിക്കണമെന്നും പറഞ്ഞതായി ദേശാഭിമാനി റിപ്പോർട്ട് ചെയ്തു. തുടർന്ന് സ്പോൺസറുടെ പേര് വെളിപ്പെടുത്താതെ സർക്കാരിന് ചെലവില്ലെന്ന വാദമാണ് അദ്ദേഹം മുന്നോട്ടുവച്ചത്.
ഇത് ഒരു ചോദ്യത്തിനുള്ള മറുപടി മാത്രമല്ല. വാർത്താസമ്മേളനത്തെക്കുറിച്ചുള്ള ഒരു സമീപനമാണ്. മാധ്യമത്തിന്റെ ജോലി ചോദ്യം ചോദിക്കുക. അധികാരത്തിലുള്ളവന്റെ ജോലി മറുപടി നൽകുക. പക്ഷേ ആ ബന്ധം ‘ഞാൻ സംസാരിക്കും, നിങ്ങൾ കേൾക്കുക’ എന്ന നിലയിലേക്ക് മാറുമ്പോൾ വാർത്താസമ്മേളനത്തിന്റെ സ്വഭാവം തന്നെ മാറുന്നു. ഒരിക്കൽ പിണറായി വിജയനെതിരെ സതീശൻ ഉന്നയിച്ച വിമർശവും ഇതുതന്നെയായിരുന്നില്ലേ? മുഖ്യമന്ത്രി സ്വന്തം നിലപാട് പറഞ്ഞുകൊണ്ടേയിരിക്കുന്നു; മാധ്യമങ്ങളുടെ യഥാർഥ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നില്ല എന്നായിരുന്നു അന്നത്തെ ആരോപണം. 2024 സെപ്റ്റംബറിൽ പിണറായി വിജയന്റെ ഒരു വാർത്താസമ്മേളനത്തെ വിമർശിക്കുമ്പോൾ ആദ്യ 58 മിനിറ്റും മുഖ്യമന്ത്രി മാധ്യമങ്ങളെക്കുറിച്ചാണ് സംസാരിച്ചതെന്നും ‘യഥാർഥ ചോദ്യങ്ങൾക്ക് മറുപടിയില്ല’ എന്നും സതീശൻ കുറ്റപ്പെടുത്തിയിരുന്നു. പഴയ സതീശന്റെ ആ വാചകം ഇപ്പോഴത്തെ പ്രതിവാര വാർത്താസമ്മേളനങ്ങൾക്ക് മുന്നിൽ തിരിച്ചുവയ്ക്കാവുന്ന സ്ഥിതിയാണ് രൂപപ്പെട്ടിരിക്കുന്നത്.
എം.ഡി.എം.എ. ചോദ്യത്തിലും പ്രതിരോധഭാവം
അസൗകര്യമുള്ള ചോദ്യങ്ങളോടുള്ള സമീപനത്തിന് മറ്റൊരു ഉദാഹരണമാണ് കാസറഗോഡ് എം.ഡി.എം.എ. കേസ്. ഓപ്പറേഷൻ തൂഫാനിൽ മുഹമ്മദ് ഹുസൈൻ, അബ്ദുൾ സലാം എന്നിവരടക്കം 3 പേർ അറസ്റ്റിലായതിനു പിന്നാലെ ഹുസൈൻ സതീശന്റെ സോഷ്യൽ മീഡിയ സംഘവുമായി ബന്ധപ്പെട്ടിരുന്നുവെന്ന വിവരം പുറത്തുവന്നു. ഹുസൈനുമായുള്ള നിരവധി ചിത്രങ്ങളും കൂടിക്കാഴ്ചകളുടെ വിവരങ്ങളും പ്രവഹിച്ചു. ഹുസൈനെയും സലാമിനെയും നേരിട്ട് അറിയാമെന്ന് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി സമ്മതിച്ചു. എന്നാൽ ഹുസൈൻ തന്റെ ‘സോഷ്യൽ മീഡിയ കോ-ഓർഡിനേറ്റർ’ ആയിരുന്നുവെന്ന ആരോപണം നിഷേധിച്ച സതീശൻ, പ്രതിപക്ഷ നേതാവായിരുന്നപ്പോഴും ഇപ്പോഴും തനിക്ക് അത്തരമൊരു ഔദ്യോഗിക സോഷ്യൽ മീഡിയ സംഘം ഉണ്ടായിരുന്നില്ലെന്നാണ് വിശദീകരിച്ചത്. ഹുസൈനെ നവകേരള സദസ്സിനിടെ ആക്രമിക്കപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയിലാണ് പരിചയപ്പെട്ടതെന്നും പിന്നീട് ഏതാനും തവണ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പക്ഷേ ബന്ധത്തിന്റെ കാലപരിധിയും പുറത്തുവന്ന പഴയ ചിത്രങ്ങളും ചൂണ്ടിക്കാട്ടി മാധ്യമങ്ങൾ വീണ്ടും ചോദ്യം ഉയർത്തിയപ്പോൾ മുഖ്യമന്ത്രിയുടെ പ്രതികരണം കൂടുതൽ ശ്രദ്ധേയമായി. “ഇഷ്ടം പോലെ ആളുകൾ വന്ന് കണ്ടുകാണുമെന്നേ. അതിനെന്താ കുഴപ്പം? ഞാൻ പരിചയപ്പെട്ടത് അന്നാണ്. അതൊക്കെ അന്ന് പറഞ്ഞുതീർത്തതാണ്” എന്ന് പറഞ്ഞ് കൂടുതൽ വിശദീകരണത്തിലേക്ക് കടക്കാതെ അദ്ദേഹം ചോദ്യത്തിൽനിന്ന് മാറി. മാധ്യമങ്ങൾ വിശദീകരണം തേടുമ്പോൾ വസ്തുതകൾ നിരത്തി സംശയം തീർക്കുന്നതിനുപകരം ചോദ്യം അവസാനിപ്പിക്കാനുള്ള ഈ സമീപനവും പ്രതിവാര വാർത്താസമ്മേളനങ്ങളിൽ രൂപപ്പെട്ട പുതിയ ശൈലിയുടെ ഭാഗമാണ്. ‘എല്ലാ മാധ്യമപ്രവർത്തകരുടെയും എല്ലാ ചോദ്യങ്ങൾക്കും മറുപടി പറയും’ എന്ന് അധികാരത്തിലെത്തിയ ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ മുന്നിൽ, അസൗകര്യമുള്ള ചോദ്യം വന്നപ്പോൾ ‘ഇതൊക്കെ പറഞ്ഞുതീർത്തതാണ്’ എന്ന മറുപടി എത്തിയത് ആ പ്രഖ്യാപനവും പ്രയോഗവും തമ്മിലുള്ള അകലം വീണ്ടും തുറന്നുകാട്ടി.
ക്യാമറ മാധ്യമങ്ങളിലേക്ക്
ഓഗസ്റ്റ് 5ന് സെക്രട്ടേറിയറ്റിലെ വാർത്താസമ്മേളന മുറിയിൽ മറ്റൊരു സംഭവം. മുഖ്യമന്ത്രി ഇരിക്കുന്ന ഭാഗത്തുനിന്ന് മാധ്യമപ്രവർത്തകരുടെ ഭാഗത്തേക്ക് തിരിച്ച് അധിക ക്യാമറ സ്ഥാപിച്ചതായി മാധ്യമപ്രവർത്തകർ കണ്ടെത്തി. അവർ പ്രതിഷേധിച്ചു. പിന്നീട് പി.ആർ.ഡി. ക്യാമറ നീക്കി. അതിനുശേഷമാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ആരംഭിച്ചത്. പി.ആർ.ഡിയുടെ വിശദീകരണം വാർത്താസമ്മേളനം ചിത്രീകരിക്കുന്നതിനുള്ള സംവിധാനത്തിന്റെ ഭാഗമായിരുന്നു എന്നായിരുന്നു.
സംഭവം സൃഷ്ടിച്ച ദൃശ്യം ശ്രദ്ധേയമാണ്. ഭരണകൂടത്തെ നിരീക്ഷിക്കേണ്ട മാധ്യമങ്ങളുടെ നേരെ ക്യാമറ. മാധ്യമപ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് അത് നീക്കേണ്ടിവരുന്നു. മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനെതിരെ പ്രതിപക്ഷത്തിരിക്കെ പ്രസംഗിച്ചിരുന്ന ഒരു നേതാവിന്റെ ഭരണകാലത്ത് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളന മുറിയിൽ ഉണ്ടായ കാഴ്ചയാണിത്.
‘ഞാൻ നിങ്ങളെ കാണുന്നില്ല’
സെപ്റ്റംബർ 25ന് ഇടുക്കിയിലെ സംഭവത്തോടെ വാർത്താസമ്മേളനത്തിനുള്ളിലെ അസഹിഷ്ണുത പൊതുപരിപാടിയുടെ വാതിലിലേക്കെത്തി. ചാർട്ടേഡ് വിമാന വിവാദത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദ്യം ചോദിക്കാൻ സമീപിച്ചപ്പോൾ സതീശൻ പ്രതികരിച്ചില്ല. “ഞാൻ നിങ്ങളെ കാണുന്നില്ല, ദയവായി മാറിനിൽക്കൂ” എന്നാണ് മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞത്. പരാതി നൽകാനെത്തിയവരെ കാണാനാണ് തനിക്ക് സമയമെന്നും പറഞ്ഞു.
മാധ്യമപ്രവർത്തകരെ മാറ്റാൻ പൊലീസിനോട് നിർദേശിക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവായിരുന്ന സതീശന്റെ പഴയ ആരോപണം വീണ്ടും ഓർക്കണം: “മാധ്യമങ്ങളെ മുഖ്യമന്ത്രിക്ക് ഭയമാണ്.” അന്ന് സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകരുടെ പ്രവേശനനിയന്ത്രണത്തെവരെ മാധ്യമസ്വാതന്ത്ര്യവുമായി ബന്ധപ്പെടുത്തി അദ്ദേഹം വിമർശിച്ചിരുന്നു. ഇന്ന് മാധ്യമപ്രവർത്തകൻ മുഖ്യമന്ത്രിയുടെ അടുത്തെത്തി ചോദ്യം ചോദിക്കുന്നതുതന്നെ നിയന്ത്രിക്കപ്പെടുന്ന ഘട്ടത്തിലേക്കാണ് കാര്യങ്ങൾ നീങ്ങിയത്.
അടുത്ത ദിവസം: ‘ചോദ്യം ചോദിക്കരുത്’
ഇടുക്കിയിലെ സംഭവത്തിന്റെ പിറ്റേന്ന് നിയന്ത്രണം കൂടുതൽ വ്യക്തമായി. സെപ്റ്റംബർ 26ന് കൊച്ചി ഗോകുലം പാർക്കിലെ മുഖ്യമന്ത്രിയുടെ പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ പൊലീസ് തടഞ്ഞു. മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കരുത്. മാറിനിൽക്കണം. നിശ്ചയിച്ച സ്ഥലത്ത് നിൽക്കണം. അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് നിയന്ത്രണം നടപ്പാക്കിയത്.
അതേ ദിവസം തൃശ്ശൂരിലെ കേരള സാഹിത്യ അക്കാദമി ഹാളിൽ മുഖ്യമന്ത്രിയുടെ പുസ്തകപ്രകാശന പരിപാടിയിലും സമാന സംഭവം. സദസ്സിലിരുന്ന വനിതാ മാധ്യമപ്രവർത്തകയെ പൊലീസ് മാറ്റി. മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കരുതെന്ന് നിർദേശിച്ചു. ചിത്രമെടുക്കാൻ ശ്രമിച്ച ഫൊട്ടോഗ്രാഫറെ തടഞ്ഞു. ചാനൽ റിപ്പോർട്ടർമാരോടും മുഖ്യമന്ത്രി പ്രതികരണം തേടാൻ ശ്രമിക്കരുതെന്ന് പൊലീസ് പറഞ്ഞു. മാധ്യമപ്രവർത്തകർ പ്രതിഷേധിക്കുകയും ചെയ്തു.
ഇവിടെ ‘മാധ്യമസ്വാതന്ത്ര്യം’ എന്നത് വലിയ ഭരണഘടനാ പ്രസംഗത്തിന്റെ വിഷയമല്ല. ഒരു മാധ്യമപ്രവർത്തകന് മുഖ്യമന്ത്രിയോട് ഒരു ചോദ്യം ചോദിക്കാമോ എന്ന അത്ര ലളിതമായ കാര്യമാണ്. പൊലീസിന്റെ മറുപടി — വേണ്ട.
പിണറായിക്കെതിരെ പറഞ്ഞതെല്ലാം തിരിച്ചെത്തുന്നു
ഈ ഘട്ടത്തിലാണ് സതീശന്റെ പഴയ പ്രസംഗങ്ങൾ പുതിയ അർഥം നേടുന്നത്. 2023ൽ അദ്ദേഹം പറഞ്ഞത്: അംഗീകൃത മാധ്യമപ്രവർത്തകരെ സെക്രട്ടേറിയറ്റിൽ പ്രവേശിപ്പിക്കാത്തത് തെറ്റാണ്. മാധ്യമങ്ങളെ നിയന്ത്രിക്കുകയാണ് സർക്കാർ. മാധ്യമങ്ങളെയും വിമർശകരെയും മുഖ്യമന്ത്രി പേടിക്കുന്നു. 2024ൽ: മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ യഥാർഥ ചോദ്യങ്ങൾക്ക് മറുപടി ഇല്ലെന്ന് കുറ്റപ്പെടുത്തി. 2025ൽ: മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് ഏഴു ചോദ്യങ്ങളുമായി വാർത്താസമ്മേളനം നടത്തി. 2026 ഓഗസ്റ്റിൽ മുഖ്യമന്ത്രിയായശേഷവും സതീശൻ അഭിമാനത്തോടെ പറഞ്ഞു: പിണറായി കുറച്ചു ചോദ്യങ്ങൾ മാത്രം സ്വീകരിച്ചിരുന്നു; താൻ എല്ലാവരുടെയും എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകും.
അതിനു വെറും ഒരുമാസത്തിനുള്ളിൽ: ഇടുക്കിയിൽ — മാറിനിൽക്കൂ. കൊച്ചിയിൽ — ചോദ്യം ചോദിക്കരുത്. തൃശ്ശൂരിൽ — റിപ്പോർട്ടറെ മാറ്റുക; ഫൊട്ടോഗ്രാഫറെ തടയുക. ഈ ക്രമമാണ് ഇപ്പോഴത്തെ മാധ്യമബന്ധത്തെക്കുറിച്ചുള്ള ഏറ്റവും വലിയ വിമർശം ഉയർത്തുന്നത്.
മാധ്യമങ്ങളെ ‘കളകൾ’ എന്ന് വിളിച്ച അതേ ദിവസം
ഈ പൊലീസ് നിയന്ത്രണങ്ങൾ നടന്ന സെപ്റ്റംബർ 26ന് തന്നെയാണ് തൃശ്ശൂർ പ്രസ് ക്ലബിന്റെ സുവർണജൂബിലി വേദിയിൽ മുഖ്യമന്ത്രി മാധ്യമധാർമികതയെക്കുറിച്ച് പ്രസംഗിച്ചത്. ചില മാധ്യമസ്ഥാപനങ്ങൾക്ക് പ്രൊഫഷണൽ മര്യാദയും ഔചിത്യവുമില്ലെന്നും എന്തും പ്രചരിപ്പിക്കാമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. അത്തരം മാധ്യമങ്ങളെ മഴയ്ക്കുശേഷം മുളയ്ക്കുന്ന ‘കളകൾ’ എന്ന ഉപമയിലൂടെയാണ് വിശേഷിപ്പിച്ചത്.
രാഷ്ട്രീയനേതാവിന് മാധ്യമവാർത്തയെ വിമർശിക്കാം. തെറ്റായ വാർത്തയ്ക്കെതിരെ വസ്തുത അവതരിപ്പിക്കാം. പക്ഷേ ഒരു ഭാഗത്ത് മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് ധാർമികപാഠം നൽകുകയും അതേ ദിവസം മറ്റൊരു വേദിയിൽ മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കരുതെന്ന് പൊലീസ് മാധ്യമപ്രവർത്തകരോട് നിർദേശിക്കുകയും ചെയ്യുന്ന ചിത്രം അസാധാരണമാണ്. ഒരിക്കൽ ഭരണകൂടം മാധ്യമങ്ങളെ നിയന്ത്രിക്കുന്നുവെന്ന് ആരോപിച്ച നേതാവാണ് ഇന്ന് ഏത് മാധ്യമത്തിനാണ് ‘മര്യാദ’, ഏത് മാധ്യമമാണ് ‘കള’ എന്ന് വിലയിരുത്തുന്ന ഭരണാധികാരിയായി മാറിയത്.
ഇനി സുരക്ഷയുടെ പേരിലും അകലം
സെപ്റ്റംബർ 28ന് മുഖ്യമന്ത്രിയുടെ സുരക്ഷ കൂടുതൽ ശക്തമാക്കണമെന്ന് ഇന്റലിജൻസ് എ.ഡി.ജി.പി. ജില്ലാ പൊലീസ് മേധാവികൾക്ക് നിർദേശം നൽകി. പൊതുപരിപാടികളിൽ യൂണിഫോമിലുള്ള പൊലീസിനൊപ്പം മഫ്തിയിലും ഉദ്യോഗസ്ഥരെ നിയോഗിക്കണം. ജനക്കൂട്ടം മുഖ്യമന്ത്രിയോട് അനിയന്ത്രിതമായി അടുത്തുവരുന്നതും പ്രതിഷേധസാധ്യതയും സുരക്ഷാപ്രശ്നമായി ഇന്റലിജൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ മുഖ്യമന്ത്രിക്ക് ചുറ്റും തിക്കുംതിരക്കും സൃഷ്ടിക്കുന്നത് സുരക്ഷാവീഴ്ചയായി ഇന്റലിജൻസ് കത്തിൽ പരാമർശിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണ്. പക്ഷേ സുരക്ഷയും മാധ്യമപ്രവർത്തനവും തമ്മിലുള്ള അതിർത്തിയാണ് ഇനി നിർണായകം. സുരക്ഷ എന്ന പേരിൽ മാധ്യമപ്രവർത്തകൻ മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാനാകാത്ത സാഹചര്യം സ്ഥിരം സംവിധാനമായി മാറിയാൽ അതിന്റെ അർഥം മറ്റൊന്നായിരിക്കും. കൊച്ചിയിലും തൃശ്ശൂരിലും ഇതിനകം ‘ചോദ്യം ചോദിക്കരുത്’ എന്ന നിർദേശം ഉണ്ടായ പശ്ചാത്തലത്തിൽ പുതിയ സുരക്ഷാക്രമീകരണങ്ങൾ മാധ്യമങ്ങൾക്ക് കൂടുതൽ അകലം സൃഷ്ടിക്കുമോ എന്ന ആശങ്ക സ്വാഭാവികമാണ്.
റിപ്പോർട്ടർ ടിവി അതിന്റെ മറ്റൊരു മുഖം മാത്രം
ഈ പശ്ചാത്തലത്തിലാണ് റിപ്പോർട്ടർ ടിവി ഓഫീസിലെ പൊലീസ് പരിശോധനയെയും കാണേണ്ടത്. പ്രതിപക്ഷത്തിരിക്കെ ഏഷ്യാനെറ്റ് ഓഫീസിലെ പരിശോധനയെ ‘മാധ്യമവേട്ട’യായി അവതരിപ്പിച്ച സതീശൻ, മുഖ്യമന്ത്രിയായപ്പോൾ റിപ്പോർട്ടർ ടിവി വാർത്താമുറിയിലെ പരിശോധനയെ നിയമപരമായ പൊലീസ് അന്വേഷണമായാണ് ന്യായീകരിച്ചത്. പക്ഷേ അത് ഇപ്പോഴത്തെ പ്രശ്നത്തിന്റെ ഒരു ഭാഗം മാത്രമാണ്. പ്രധാനപ്രശ്നം ഏതെങ്കിലും ഒരു മാധ്യമസ്ഥാപനത്തോടുള്ള സമീപനമല്ല. മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കുന്ന മാധ്യമത്തോടുള്ള പൊതുവായ സമീപനമാണ്.
പ്രതിവാര വാർത്താസമ്മേളനത്തിന്റെ രൂപം മാറി
സതീശൻ മുഖ്യമന്ത്രിയായപ്പോൾ പ്രതിവാര മന്ത്രിസഭാ വാർത്താസമ്മേളനം വലിയ രാഷ്ട്രീയ ആയുധമാക്കി. ആദ്യഘട്ടത്തിൽ അതിന് ലഭിച്ച പ്രതിച്ഛായ തുറന്ന ആശയവിനിമയത്തിന്റേതായിരുന്നു. പക്ഷേ മാസങ്ങൾക്കുള്ളിൽ അതിന്റെ സ്വഭാവം മാറിയതാണ് സംഭവങ്ങൾ കാണിക്കുന്നത്.
വസ്തുത തിരുത്തുന്ന ചോദ്യത്തോട് വാക്കേറ്റം. ചോദ്യം ആവർത്തിച്ചാൽ ‘മര്യാദ’ ഓർമ്മപ്പെടുത്തൽ. മറുപടിക്കിടെ ഇടപെട്ടാൽ ‘അവകാശമില്ല’ എന്ന ശാസനം. സ്പോൺസറുടെ പേര് ചോദിച്ചാൽ താൻ സംസാരിക്കുമ്പോൾ കേട്ടിരിക്കണമെന്ന് നിർദേശം. ചില മാധ്യമങ്ങളെ ‘കളകൾ’ എന്ന് പൊതുവേദിയിൽ വിശേഷിപ്പിക്കൽ. പിന്നെ വാർത്താസമ്മേളന മുറിക്ക് പുറത്തേക്ക്: “ഞാൻ നിങ്ങളെ കാണുന്നില്ല.” “മാറിനിൽക്കൂ.” “ചോദ്യം ചോദിക്കരുത്.” ഇതാണ് ഏതാനും മാസത്തിനുള്ളിൽ രൂപപ്പെട്ട ക്രമം.
‘മാധ്യമങ്ങളെ ഭയക്കുന്ന മുഖ്യമന്ത്രി’ ആരാണ്?
സതീശന്റെ പഴയ രാഷ്ട്രീയഭാഷ ഉപയോഗിച്ചുതന്നെ ഇപ്പോഴത്തെ അവസ്ഥയെ പരിശോധിക്കാം. പിണറായി വിജയൻ മാധ്യമങ്ങളെ കാണുന്നില്ലെങ്കിൽ — ജനാധിപത്യവിരുദ്ധം. ചോദ്യങ്ങൾക്ക് മറുപടി പറയുന്നില്ലെങ്കിൽ — ഭയം. സെക്രട്ടേറിയറ്റിൽ മാധ്യമങ്ങൾക്ക് നിയന്ത്രണമുണ്ടെങ്കിൽ — മാധ്യമസ്വാതന്ത്ര്യത്തിന് കടിഞ്ഞാൺ. ഇതൊക്കെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ മാനദണ്ഡം.
ആ മാനദണ്ഡം മുഖ്യമന്ത്രിയായ സതീശനും ബാധകമാണെങ്കിൽ എന്താണ് ഇപ്പോഴത്തെ ചിത്രം? പൊതുപരിപാടിയിൽ മാധ്യമത്തെ പൊലീസ് മാറ്റുന്നു. ചോദ്യം ചോദിക്കരുതെന്ന് നിർദേശിക്കുന്നു. ഫൊട്ടോഗ്രാഫറെ തടയുന്നു. അസൗകര്യമുള്ള വിഷയത്തിൽ മുഖ്യമന്ത്രി മാധ്യമങ്ങളിൽനിന്ന് മാറിനിൽക്കുന്നു. വാർത്താസമ്മേളനത്തിൽ ചോദ്യത്തിന്റെ രീതിക്ക് മുഖ്യമന്ത്രി തന്നെ ‘മര്യാദ’ നിർദേശിക്കുന്നു. മാധ്യമസ്ഥാപനങ്ങളെ ‘കളകൾ’ എന്ന് വിളിക്കുന്നു. ഇതിനെ ഏത് വാക്കിലാണ് പഴയ സതീശൻ വിശേഷിപ്പിക്കുമായിരുന്നത് എന്നതാണ് കൗതുകകരമായ ചോദ്യം.
മാധ്യമസ്വാതന്ത്ര്യത്തിന്റെ ‘ജിഹ്വ’യിൽനിന്ന് പൊലീസ് അകലത്തിലേക്ക്
പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് സതീശന്റെ രാഷ്ട്രീയത്തിന്റെ പ്രധാന ആയുധങ്ങളിലൊന്നായിരുന്നു മാധ്യമസ്വാതന്ത്ര്യം. മാധ്യമത്തിന് നിയന്ത്രണം വന്നാൽ പ്രതികരിച്ചു. മുഖ്യമന്ത്രി മറുപടി പറയുന്നില്ലെങ്കിൽ ചോദ്യംചെയ്തു. മാധ്യമപ്രവർത്തകനെ സ്വന്തം പ്രവർത്തകർ തടഞ്ഞാൽ അവരെ ശകാരിച്ചു. മാധ്യമസ്ഥാപനത്തിൽ പൊലീസ് കയറിയാൽ ഭരണകൂട അസഹിഷ്ണുതയെന്ന് പറഞ്ഞു. അതുകൊണ്ടാണ് സതീശൻ അധികാരത്തിലെത്തിയപ്പോൾ തന്റെ മാധ്യമലഭ്യതയെ പിണറായി വിജയനിൽനിന്നുള്ള വലിയ വ്യത്യാസമായി പ്രഖ്യാപിക്കാനായത്.
എന്നാൽ ഇപ്പോൾ പ്ലേറ്റ് തിരിഞ്ഞിരിക്കുന്നു. മാധ്യമം അധികാരത്തെ ചോദ്യംചെയ്യുന്ന സ്വതന്ത്ര വേദി എന്നതിൽനിന്ന്, മുഖ്യമന്ത്രിയുടെ സൗകര്യത്തിനനുസരിച്ച് അകലം പാലിക്കേണ്ട സംവിധാനമായി ചുരുങ്ങുന്ന ചിത്രമാണ് പൊതുപരിപാടികളിൽ കാണുന്നത്. വാർത്താസമ്മേളനത്തിനുള്ളിൽ മുഖ്യമന്ത്രി ചോദ്യം ചെയ്യലിന്റെ ‘മര്യാദ’ നിശ്ചയിക്കുന്നു. വാർത്താസമ്മേളനത്തിന് പുറത്ത് പൊലീസ് മാധ്യമപ്രവർത്തകന്റെ അകലം നിശ്ചയിക്കുന്നു.
കസേര തന്നെയാണ് പരീക്ഷ
മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കാൻ ഏറ്റവും എളുപ്പമുള്ള സ്ഥലം പ്രതിപക്ഷമാണ്. അവിടെ മാധ്യമത്തിന്റെ ചോദ്യം ഭരണകൂടത്തെയാണ് അസ്വസ്ഥമാക്കുന്നത്. സ്വന്തം രാഷ്ട്രീയത്തെ അല്ല. യഥാർഥ പരീക്ഷ അധികാരത്തിലെത്തുമ്പോഴാണ്. ചോദ്യം സ്വന്തം ചാർട്ടേഡ് വിമാനത്തെക്കുറിച്ചാകുമ്പോൾ. സ്വന്തം പൊലീസിന്റെ നടപടിയെക്കുറിച്ചാകുമ്പോൾ. സ്വന്തം സർക്കാരിന്റെ തീരുമാനത്തെക്കുറിച്ചാകുമ്പോൾ. സ്വന്തം വാദത്തിലെ തെറ്റ് മാധ്യമപ്രവർത്തകൻ ചൂണ്ടിക്കാട്ടുമ്പോൾ. അവിടെയും അതേ മാധ്യമസ്വാതന്ത്ര്യം അംഗീകരിക്കാനാകുമോ എന്നതാണ് പരീക്ഷ.
പ്രതിപക്ഷ നേതാവായിരുന്ന വി.ഡി.സതീശൻ ഈ പരീക്ഷയുടെ ചോദ്യപേപ്പർ മറ്റൊരു മുഖ്യമന്ത്രിക്ക് മുന്നിൽ പലതവണ വെച്ചിട്ടുണ്ട്. ഇപ്പോൾ അതേ ചോദ്യപേപ്പറിനു മുന്നിൽ ഇരിക്കുന്നത് മുഖ്യമന്ത്രി വി.ഡി.സതീശനാണ്. ഒരിക്കൽ അദ്ദേഹം ചോദിച്ചു: മാധ്യമങ്ങളെ മുഖ്യമന്ത്രിക്ക് ഭയമാണോ? ഇന്ന് അദ്ദേഹത്തിന്റെ പൊതുപരിപാടികളിൽ പൊലീസ് പറയുന്നത്: ചോദ്യം ചോദിക്കരുത്. മാറിനിൽക്കണം. രണ്ടിനുമിടയിലെ വൈരുധ്യം വിശദീകരിക്കേണ്ടത് ഇനി മുഖ്യമന്ത്രി തന്നെയാണ്.
























