Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തിന്റെ കണ്ണുംകാതും കാത്തിരിക്കുന്ന തദ്ദേശപ്പോരിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് നാളെ. തെക്കന്‍ കേരളത്തിലെ ഏഴ് ജില്ലകള്‍ നാളെ പോളിങ് ബൂത്തിലേക്ക്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളാണ് നാളെ ജനവിധിയെഴുതുന്നത്. അവസാനവട്ട തന്ത്രങ്ങളുടെയും കണക്കുകൂട്ടലുകളുടെയും തിരക്കിലാണ് മുന്നണികള്‍. ഇവിടങ്ങളില്‍ ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍. വോട്ടെടുപ്പ് നാളെ രാവിലെ 7 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ്. ഇതിനുള്ള മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.
പരസ്യപ്രചാരണത്തിന്റെ ക്ലൈമാക്സായി മാറിയ കലാശക്കൊട്ടില്‍, നാടൊട്ടുക്കും ആവേശം മാനംമുട്ടെ ഉയര്‍ന്നു. ക്രെയിനുകളുടെ മുകളില്‍വരെ സ്ഥാനാര്‍ഥികളെ അണിനിരത്തി കലാശക്കൊട്ടിന്റെ അവസാന മിനുട്ടും മുന്നണികള്‍ ആഘോഷമാക്കി.
ഇന്നലെ കലാശക്കൊട്ടിനിടെ ആവേശം അതിരുവിട്ടതോടെ വിവിധയിടങ്ങളില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. തിരുവനന്തപുരത്ത് പോത്തന്‍കോട്, ചാത്തമ്പാറ, ഇടുക്കിയില്‍ കട്ടപ്പന, കോട്ടയത്ത് ഞീഴൂര്‍ എന്നിവിടങ്ങളിലാണ് സംഘര്‍ഷമുണ്ടായത്. കലാശക്കൊട്ടിനിടെ അപകടങ്ങളുമുണ്ടായി.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍, 11ന് നടക്കുന്ന വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും. 10ാം തീയതി നിശബ്ദ പ്രചാരണമായിരിക്കും. രണ്ടാം ഘട്ടത്തില്‍ ഏഴ് വടക്കന്‍ ജില്ലകളിലാണ് വോട്ടെടുപ്പ്.




















