29 C
Trivandrum
Sunday, November 9, 2025

ശബരിമല തീർത്ഥാടന സീസണിന് ഒരു മാസം മാത്രം; നടപടികള്‍ വേഗത്തിലാക്കാന്‍ ദേവസ്വം ബോര്‍ഡ് നിര്‍ദേശം

Follow the FOURTH PILLAR LIVE channel on WhatsApp 

പത്തനംതിട്ട : ശബരിമല തീർത്ഥാടന സീസണിന് ഒരു മാസം മാത്രമാണ് ആരംഭിക്കാന്‍ അവശേഷിക്കുന്നത്. ഇപ്പോഴാണ് മുന്നൊരുക്കങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു വരുന്നത് സമയബന്ധിതമായി മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാകില്ലെന്നു ഏറെ കുറെ ഉറപ്പായി കഴിഞ്ഞു. സ്വര്‍ണപാളി വിവാദങ്ങള്‍ ശബരിമല തീര്‍ഥാടന കാല മുന്നൊരുക്കങ്ങളെ ബാധിക്കുമോ, എന്നതിലാണ് ആശങ്ക. അതേസമയം ഇപ്പോള്‍ ഉയര്‍ന്ന സ്വര്‍ണ പാളി വിവാദങ്ങള്‍ മുന്നൊരുക്കങ്ങളെ ബാധിക്കില്ലെന്നും നടപടികള്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്.

മുന്നൊരുക്കങ്ങളുടെ ഭാഗമായി മന്ത്രി വി.എന്‍. വാസവന്റെ അധ്യക്ഷയില്‍ കോട്ടയം ജില്ലാ തല അവലോകന യോഗം ചേരുന്നുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഒരു മാസം മുന്‍പേ തന്നെ വകുപ്പ്തല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമായിരുന്നു.എന്നാല്‍, ഇക്കുറി മുന്നൊരുക്കങ്ങള്‍ക്ക് വേഗം പോരെന്ന ആക്ഷേപം ശക്തമാണ്. റോഡുകള്‍ നന്നാക്കുന്നില്ല, തെരുവു വളിക്കുകള്‍ പോലും സ്ഥാപിക്കാന്‍ ഇനിയും നടപടിയായിട്ടില്ല. അപകട മേഖലകള്‍ കണ്ടെത്തി കൂടുതല്‍ സുരക്ഷ സംവധിനാങ്ങള്‍ ഒരുക്കുന്നതിനു പ്രാരംഭ നടപടികളും ഒരുക്കിയിട്ടില്ല.രാഷ്ട്രപതി ദ്രൗപതി മുര്‍മു 22ന് തുലാമാസ പൂജയ്ക്ക് ദര്‍ശനം നടത്തുന്നതിനാല്‍, നിലയ്ക്കലിലെയും പമ്പയിലെയും റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടന്നിരുന്നു.

പമ്പയില്‍ നിന്ന് രാഷ്ട്രപതി സന്നിധാനത്തേക്കു പോകുന്ന വഴിയിലെ മരച്ചില്ലകള്‍ നീക്കം ചെയ്യുന്ന ജോലികളും ഗസ്റ്റ് ഹൗസുകളുടെ പെയിന്റിംഗും നടക്കുന്നുണ്ട്. എന്നാല്‍, ഭക്തര്‍ക്ക് ആവശ്യമായ പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കുന്നതിന് നടപടികള്‍ വൈകുന്നത് ഗുരുതര വീഴ്ചയാണ്. നിലയ്ക്കലില്‍ തകര്‍ന്നു കിടക്കുന്ന ശൗചാലയങ്ങള്‍ പോലും നവീകരിച്ചിട്ടില്ലെന്നതാണ് വസ്തുത. പല പദ്ധതികളും ഇന്നും പൂര്‍ത്തിയാകാതെ കിടക്കുന്നു. നിലയ്ക്കലില്‍ പോലീസുകാര്‍ക്കും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കും താമസിക്കാനുള്ള ഏഴ് സ്ഥിരം ഡോര്‍മെറ്ററി കെട്ടിടങ്ങളുടെ നിര്‍മ്മാണച്ചെലവ് നല്‍കാത്തതിനാല്‍ കരാറുകാരന്‍ പണി നിര്‍ത്തിവച്ചു.

2016ല്‍ നിര്‍മ്മാണം തുടങ്ങിയ വാട്ടര്‍ അതോറിറ്റിയുടെ പദ്ധതി ഇനിയും പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ തവണ പരാതി രഹിതമായി മണ്ഡല മകരവിളക്ക് ഉത്സവം നടത്താന്‍ സർക്കാരിന് സാധിച്ചിരുന്നു. തീര്‍ഥാടന കാലം ആരംഭിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പേ നടപ്പിലാക്കിയ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളും നട തുറന്നതിന് ശേഷം നടപ്പിലാക്കി വരുന്ന ചിട്ടയായ ക്രമീകരണങ്ങളുമാണ് ശബരിമലയില്‍ സുരക്ഷിത ദര്‍ശനം സാധ്യമായത്. എന്നാല്‍, ഇക്കുറി സര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധ മുന്നൊരുക്കങ്ങള്‍ക്ക് കൊടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

Recent Articles

Related Articles

Special

Enable Notifications OK No thanks