Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: പാർട്ടിയുടെ പ്രഥമികാംഗത്വത്തിൽ നിന്നും സസ്പെന്റ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിലിനെ നിയമസഭയിലെത്തിച്ച യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ ആധ്യക്ഷൻ നേമം ഷജീറിനെതിരെ പാർട്ടിയിൽ നീക്കം. ഷജീറിന്റെ പ്രവൃത്തി തെറ്റായ സന്ദേശം നൽകിയെന്ന് ചൂണ്ടിക്കാട്ടി കെപിസിസി അധ്യക്ഷനും അച്ചടക്ക സമിതി ചെയർമാനുമാണ് പരാതി നൽകുക. ജില്ലാ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുക.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ എതിർപ്പടക്കം അവഗണിച്ചാണ് രാഹുൽ കഴിഞ്ഞ ദിവസം നിയമസഭയിലേക്കെത്തിയത്. നേമം ഷജീർ അടക്കമുളള യുവ നേതാക്കൾക്കൊപ്പം പ്രത്യേക വാഹനത്തിലാണ് രാഹുൽ എത്തിയത്. സഭയിൽ എത്തിയതിന് പിന്നാലെ രാഹുലിന് ഒരു കുറിപ്പ് ലഭിച്ചിരുന്നു. ശേഷം രാഹുൽ സഭയിൽ നിന്നിറങ്ങിയിരുന്നു.
പിന്നാലെ മാധ്യമങ്ങളോട് സംസാരിച്ച രാഹുൽ തനിക്കെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. ഗർഭഛിദ്രവുമായി ബന്ധപ്പെട്ട് വന്ന ശബ്ദരേഖയിലെ ശബ്ദം രാഹുലിന്റേതാണോയെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് അല്ലെന്നും ആണെന്നും മറുപടി പറയാതെ രാഹുൽ ഒഴിഞ്ഞുമാറുകയായിരുന്നു.
























