Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: സംസ്ഥാനത്തെ എക്സൈസ് ഓഫീസുകളിൽ വൻ അഴിമതി. വിജിലൻസ് നടത്തിയ പരിശോധനയിൽ വ്യപക ക്രമക്കേടുകൾ കണ്ടെത്തി. കള്ളുഷാപ്പ് , ബാർ ഉടമകളിൽ നിന്നായി എക്സൈസ് ഓഫീസർമാർ കൈപ്പറ്റിയത് 2,13,500 രൂപ യെന്നും കണ്ടെത്തൽ. ഗൂഗിൾ പേ വഴിയാണ് പണം മുഴുവൻ കൈപ്പറ്റിയിരിക്കുന്നത്. കൂടാതെ വിവിധ ഓഫീസുകളിൽ നിന്നായി 28,164 രൂപയും ബാറുകളിൽ നിന്ന് കൈപ്പറ്റിയ 25 കുപ്പി മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. ‘ഓപ്പറേഷൻ സേഫ് സിപ്പ്’ എന്ന പേരിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ.പത്താനാപുരം എക്‌സൈസ് സർക്കിൾ ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ ബാറുമയുടെ പക്കൽ നിന്ന് 42,000 രൂപ ഗൂഗിൾ പേ വഴി കൈപ്പറ്റിയതായും പാലാ എക്‌സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥർ 11,500 രൂപ കൈപ്പറ്റിയതായും കണ്ടെത്തി. കൊച്ചി എക്‌സൈസ് ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്റെ അക്കൗണ്ടിൽ ഗൂഗിൾ പേ വഴി 93,000 രൂപ നൽകിയത് ബാർ ഉടമയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നയാൾ. തൃശ്ശൂരിലെ പരിശോധനയിൽ എക്‌സൈസ് ഉദ്യോഗസ്ഥരിൽ നിന്ന് 2600 കണ്ടെത്തി. വൈക്കം എക്‌സൈസ് സർക്കിൾ ഓഫീസിലെ ശുചിമുറിയിൽ നിന്ന് സ്വകാര്യ ബാർ ഹോട്ടലിന്റെ പേരിലുള്ള കവറിൽ നിന്നാണ് 13,000 രൂപ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. കൂടാതെ പൊന്നാനി എക്‌സൈസ് സർക്കിൾ ഓഫീസിൽ അഞ്ച് മദ്യക്കുപ്പികൾ ഉദ്യോഗസ്ഥർ പാരിതോഷികമായി വാങ്ങിയതായും വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി.
പെരിന്തൽമണ്ണ എക്‌സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥർ ഷാപ്പ് ഉടമയിൽ നിന്ന് 24,000 രൂപ, മഞ്ചേരി സർക്കിൾ ഓഫീസിൽ നിന്ന് ബാറുടമയിൽ നിന്ന് 34,000 രൂപയും ഗൂഗിൾ പേ വഴി വാങ്ങിയതായി വിജിലൻസ് കണ്ടെത്തി. കോഴിക്കോട് എക്‌സൈസ് സർക്കിൾ ഓഫീസിൽ നിന്നും 16 കുപ്പി പാരിതോഷികം ലഭിച്ച മദ്യമാണ് കണ്ടെത്തിയത്. പേരാമ്പ്ര എക്‌സൈസ് സർക്കിൾ ഓഫീസിൽ 8000 രൂപ കണ്ടെത്തി. എന്നാൽ വിജിലൻസ് പരിശോധനയ്ക്ക് എത്തിയപ്പോൾ കൽപ്പറ്റ എക്‌സൈസ് ഓഫീസ് പൂട്ടിക്കിടക്കുന്ന നിലയിലായിരുന്നു. സുൽത്താൻ ബത്തേരിയിൽ വിജിലൻസിനെ കണ്ട എക്‌സൈസ് ഉദ്യോഗസ്ഥർ 6500 രൂപ വലിച്ചെറിഞ്ഞു. കാസർകോട് ഉദ്യോഗസ്ഥരിൽ നിന്ന് കണക്കിൽപ്പെടാത്ത 5000 രൂപയും പിടിച്ചെടുത്തു.
























