Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: ശബരിമലയിലെ പന്തളത്ത് നടക്കാനിരിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് അയ്യപ്പ സംഗമം. ഹിന്ദു ഐക്യവേദിയാണ് സംഗമം സംഘടിപ്പിക്കുന്നത്. കൂടാതെ സർക്കാരിന്റെ അയ്യപ്പ സംഗമത്തിനെതിരെ ബിജെപി രാഷ്ട്രീയ പ്രചാരണവും നടത്തും. ബദൽ സംഗമത്തിലൂടെ സർക്കാരിനെ പ്രതിരോധത്തിലാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.
സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന അയ്യപ്പ സംഗമത്തിന്റെ കാപട്യം ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഹിന്ദുഐക്യവേദി അധ്യക്ഷൻ ആർ വി ബാബു പറഞ്ഞു. വിശ്വാസികൾക്ക് ഒപ്പമാണെന്ന് പറഞ്ഞ് സിപിഐഎം വിശ്വാസികളെ വഞ്ചിക്കുകയാണ്. ഹൈന്ദവ വിശ്വാസികളെ അവഹേളിക്കുന്നതും വഞ്ചിക്കുന്നതുമായ നിലപാടുകളാണ് നാളിതുവരെ സിപിഐഎമ്മും അവരെ പിന്തുണയ്ക്കുന്നവരും സ്വീകരിച്ചിട്ടുള്ളത്. വിശ്വാസികൾക്കൊപ്പമാണ് എന്നുള്ളത് സിപിഐഎമ്മിന്റെ അവസരവാദപരമായ നിലപാടാണെന്നും ആർ വി ബാബു പറഞ്ഞു.
സിപിഐഎമ്മിന് ഒരുകാലത്തും ഹൈന്ദവവിശ്വാസങ്ങളെ മാനിക്കാനാവില്ല. ഹിന്ദുവിരുദ്ധതയിൽ ഊന്നിക്കൊണ്ട് കെട്ടിപ്പടുത്ത പ്രസ്ഥാനത്തിന് ഹിന്ദു വിശ്വാസത്തിനൊപ്പം നിൽക്കാനാവില്ല. ഇതെല്ലാം പാർട്ടിയുടെ അടവ് നയവും അവസരവാദവുമാണ്. വിശ്വാസികളോട് ആത്മാർത്ഥതയുണ്ടെങ്കിൽ അയ്യപ്പ വിശ്വാസം സംരക്ഷിക്കാനായി സമരം ചെയ്തവർക്കെതിരായ കേസ് സർക്കാർ പിൻവലിക്കട്ടെയെന്നും ആർ വി ബാബു പറഞ്ഞു.
അതേസമയം ആഗോള അയ്യപ്പ സംഗമത്തോട് വിരോധമില്ലെന്നും എന്നാൽ മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും ചില കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്നും ബിജെപി നേതാവ് പി കെ കൃഷ്ണദാസ് പറഞ്ഞു. ഹിന്ദു സംഘടനകളടക്കം ഉന്നയിച്ച ആശങ്കകളിൽ സർക്കാരും ദേവസ്വം ബോർഡും വ്യക്തത വരുത്തേണ്ടതുണ്ട്. ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കണോ വേണ്ടയോ എന്നത് വ്യക്തി താൽപര്യമാണെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.
























