Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: അസ്ലീല സന്ദേശമയച്ചതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് സ്ഥാനത്തുനിന്ന് രാജിവച്ച രാഹുൽ മാങ്കൂട്ടൽ എംഎൽഎ സ്ഥാനം കൂടി രാജിവയ്ക്കാനുള്ള സമ്മർദ്ദം ശക്തമാക്കി, ബിജെപിയും സിപിഎമ്മും. രാജിക്കായി കോൺഗ്രസിനുമേൽ സമ്മർദമുണ്ടാക്കുകയാണ് സിപിഎം. ഇതിനുള്ള സമ്മർദം സമൂഹത്തിലുണ്ടാക്കാനുള്ള പ്രചാരണമാണ് പാർട്ടി നടത്തുന്നത്. രാജിവേണമെന്ന ആവശ്യം പരസ്യമായി ഉന്നയിച്ചാണ് ബിജെപിയുടെ പ്രതിഷേധം.
കോൺഗ്രസിൽ രാഹുലിനെ പിന്തുണയ്ക്കുന്നവരെ സൈബറിടത്തിൽ നേരിട്ടാണ് ഇടത്-ബിജെപി സൈബർ ഹാൻഡിലുകൾ രാജിസമ്മർദം കടുപ്പിക്കുന്നത്. സിപിഎം എംഎൽഎമാർക്കെതിരേ സ്ത്രീ അതിക്രമ പരാതികളുണ്ടായപ്പോൾ അവരാരും എംഎൽഎ സ്ഥാനം രാജിവെച്ചിട്ടില്ലെന്നതാണ് കോൺഗ്രസിന്റെ പിടിവള്ളി. നടൻ എം. മുകേഷിനെതിരേ സമാന ആരോപണവും പ്രതിഷേധവും ഉയർന്നപ്പോൾ, ധാർമികതയുടെ പേരിൽ ജനപ്രതിനിധിസ്ഥാനം രാജിവെച്ചാൽ, നിരപരാധിത്വം തെളിയിയുമ്പോൾ ധാർമികതയുടെ പേരിൽ പദവി തിരിച്ചുലഭിക്കില്ലെന്നായിരുന്നു രാജി ഒഴിവാക്കാൻ കാരണമായി സിപിഎം വിശദീകരിച്ചിരുന്നത്. ഇത് രാഹുലിനും ബാധകമാകുമെന്നതാണ് സിപിഎമ്മിന് രാജി ഉന്നയിക്കാൻ തടസ്സമാകുന്നത്. എന്നാൽ, ആരോപണമല്ല തെളിവുകളാണ് രാഹുലിനെതിരേയുള്ളതെന്ന് സിപിഎം ചൂണ്ടിക്കാട്ടുന്നു.
പാലക്കാട് ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണ്. കോൺഗ്രസിനുണ്ടാകുന്ന രാഷ്ട്രീയ തിരിച്ചടി പാലക്കാട് ബിജെപിക്ക് പ്രതീക്ഷ വർധിപ്പിക്കുന്നതാണ്. യുവനടിയുടെ വെളിപ്പെടുത്തൽ വന്നതിനുപിന്നാലെത്തന്നെ ബിജെപി പാലക്കാട്ട് പ്രതിഷേധം തുടങ്ങിയിരുന്നു. രാഹുലിന് രാഷ്ട്രീയസംരക്ഷണം ഉറപ്പാക്കാനുള്ള നീക്കം കോൺഗ്രസിനുള്ളിലും ശക്തമല്ല. എന്തു തീരുമാനവും ഹൈക്കമാൻഡിന് എടുക്കാമെന്ന നിലപാടാണ് സംസ്ഥാനനേതാക്കൾ അറിയിച്ചിട്ടുള്ളത്. ആരോപണത്തിൽ ‘ശുദ്ധീകരണം’ നടത്തേണ്ട ഉത്തരവാദിത്വം രാഹുലിന് മാത്രമാക്കിയിരിക്കുകയാണ് നേതൃത്വം. പാർട്ടിയിൽനിന്ന് പിന്തുണയുണ്ടാവില്ലെന്ന കാര്യം രാഹുലിനെ അറിയിച്ചിട്ടുമുണ്ട്. സ്ത്രീ അധിക്ഷേപക്കേസുകളിൽ രാഷ്ട്രീയസംരക്ഷണം നൽകുന്ന സമീപനം പുതിയ രാഷ്ട്രീയസാഹചര്യത്തിൽ ചേർന്നതല്ലെന്ന നിലപാടിലാണ് പ്രതിപക്ഷനേതാവ് വിഡി സതീശൻ. അതിനാൽ, സിപിഎമ്മും ബിജെപിയും ഉണ്ടാക്കുന്ന സാമൂഹിക-രാഷ്ട്രീയ സമ്മർദത്തിന്റെ തോത് അനുസരിച്ചിരിക്കും കോൺഗ്രസിന്റെ തീരുമാനവും രാഹുലിന്റെ എംഎൽഎ സ്ഥാനത്തിന്റെ ഭാവിയും.























