Follow the FOURTH PILLAR LIVE channel on WhatsApp
ഫ്ലിപ്പ്കാർട്ട് എന്ന ഓൺലൈൻ ആപ്പ് വഴി, 2000 രൂപ വിലവരുന്ന ഡ്രോണിനു പകരം കിട്ടിയത് വേസ്റ്റ് കടലാസുകളും വാട്ടർബോട്ടിലുമെന്ന് പരാതി. ബിഹാറിലെ കൈമൂർ ജില്ലയിലാണ് തട്ടിപ്പ് നടന്ന്. എന്നാൽ ലഭിച്ച പാക്കറ്റ് തുറന്ന് നോക്കിയതിനാൽ വലിയ തട്ടിപ്പിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. ക്യാഷ് ഓൺ ഡെലിവറി ഓപ്ഷൻ നൽകിയത് കൊണ്ട് പണം നഷ്ടപ്പെട്ടില്ല എന്നതാണ് ആശ്വാസം.
അർപൺ ത്രിഗുൺ എന്ന കുട്ടിയാണ് 2564 രൂപയ്ക്ക് ഫ്‌ളിപ്പ്കാർട്ടിൽ നിന്നും ഡ്രോൺ ഓർഡർ ചെയ്തത്. വരുന്ന ഓഗസ്റ്റ് 21ന് അർപണിന്റെ ജന്മദിനമാണ്. ആദ്യ ഡെലിവറിയിൽ ലഭിച്ച ഡ്രോൺ ഓൺ ആവാഞ്ഞത് കൊണ്ട് റിട്ടേൺ ചെയ്തിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് വന്ന പാക്കറ്റ് തുറന്നപ്പോഴാണ് ഡ്രോണിന് പകരം വാട്ടർ ബോട്ടിൽ കണ്ടത്. ഓപ്പൺ ഓൺ ഡെലിവറി എന്ന് പാക്കറ്റിൽ തന്നെ എഴുതിയിരുന്നത് കണ്ട് കുട്ടിയുടെ കുടുംബം അത് തുറക്കാൻ ഡെലിവറി ബോയിയോട് തന്നെ ആവശ്യപ്പെടുകയായിരുന്നു.
ഒരു ലോക്കൽ സ്വീറ്റ് കമ്പനിയുടെ പേരിലുള്ള അരലിറ്ററിന്റെ ബോട്ടിലും വേസ്റ്റ് പേപ്പറുകളുമാണ് പാക്കറ്റിലുണ്ടായിരുന്നത്. ഇത് കണ്ട എല്ലാവരും അമ്പരന്നു. അടുത്ത നിമിഷം തന്നെ ഡെലിവറി ബോയ് സൂപ്പർവൈസറെ വിളിച്ച് ഇക്കാര്യം അറിയിച്ചു. ഡെലിവറിക്കുള്ള സാധനങ്ങൾ അതത് സ്ഥലങ്ങളിൽ എത്തിക്കുന്നതല്ലാതെ പാക്കറ്റിനുള്ളിൽ എന്താണെന്ന് തങ്ങൾക്ക് അറിയില്ലെന്നാണ് ഡെലിവറി ഏജന്റ് നൽകിയ മറുപടി.
അതേസമയം സംഭവത്തിൽ പ്രതികരണവുമായി ഫ്‌ളിപ്പ്കാർട്ടും എത്തി. ഇത്തരം സംഭവമുണ്ടായതിൽ ഖേദിക്കുന്നുവെന്നും ഇത് ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നുമായിരുന്നു മറുപടി.































