29 C
Trivandrum
Monday, January 19, 2026

ഓൺലൈൻ ​ഗൈമിംങ് ബില്ലിന് അം​ഗീകാരം

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡൽഹി: ഓൺലൈൻ ഗെയിമിംഗ് ആപ്പുകളെ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാനും ചൂതാട്ടങ്ങൾക്ക് പിഴചുമത്താനും നിയമം കൊണ്ടുവരുന്ന ബിൽ കേന്ദ്ര മന്ത്രിസഭ അം​ഗീകരിച്ചു. ബിൽ നാളെ ലോക്‌സഭയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ബിൽ പ്രാബല്യത്തിൽ വരുന്നതോടെ പണത്തെ അടിസ്ഥാനമാക്കിയുള്ള എല്ലാ ഗെയിമിംഗ് ഇടപാടുകളും നിരോധിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. ഓൺലൈൻ ഗെയിമിംഗിന്റെ നിയന്ത്രണവും പ്രമോഷനും സംബന്ധിച്ച നിർദ്ദിഷ്ട നിയമപ്രകാരം, റിയൽ-മണി ഓൺലൈൻ ഗെയിമുകൾ പ്രോസസ്സ് ചെയ്യുന്നതിനോ ഫണ്ട് കൈമാറുന്നതിനോ ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും അനുവദിക്കില്ല.

റിയൽ മണി ഗെയിമിംഗിനെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ പൂർണ്ണമായും നിരോധിക്കുക, ഇ-സ്പോർട്സ്, നോൺ-മോണിറ്ററി സ്കിൽ അധിഷ്ഠിത ഗെയിമുകൾ എന്നിവയുടെ തുടർച്ചയായ പ്രോത്സാഹനം, രജിസ്റ്റർ ചെയ്യാത്തതോ നിയമവിരുദ്ധമോ ആയ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ കർശന നടപടി എന്നിവയും ബിൽ നിർദ്ദേശിക്കുന്നു.

പിഴയ്ക്കും ശിക്ഷയ്ക്കും വ്യവസ്ഥകളുമായാണ് ബിൽ തയ്യാറാക്കിയിട്ടുള്ളത് എന്നാണ് വിവരം. പുതിയ ശിക്ഷാ നിയമമായ ഭാരതീയ ന്യായ സംഹിത പ്രകാരം അനധികൃത വാതുവെപ്പിന് പിഴയും ഏഴ് വർഷം തടവും ലഭിക്കും. എന്നാൽ ഇത് നടപ്പിലാക്കുന്നത് സംസ്ഥാനങ്ങളെ ആശ്രയിച്ചായിരിക്കും അനധികൃത ഓൺലൈൻ വാതുവെപ്പ് അവസാനിപ്പിക്കുക എന്നതും ബില്ലിന്റെ ലക്ഷ്യമാണ്. ഓൺലൈൻ ഗെയിമിംഗ് മേഖലയുടെ നോഡൽ റെഗുലേറ്ററായി ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തെ (MeitY) അധികാരപ്പെടുത്താനും ബില്ലിൽ നിർദേശമുണ്ടെന്നാണ് വിവരം. ഇന്ത്യയിൽ പ്രവർത്തിക്കുന്ന രജിസ്റ്റർ ചെയ്യാത്തതോ നിയമവിരുദ്ധമോ ആയ ഏതൊരു സൈറ്റും തടയാനുള്ള അധികാരം ബിൽ നൽകും. ഓൺലൈൻ ഗെയിമുകൾക്കെതിരെ നടപടികൾ സ്വീകരിക്കാനുള്ള “ധാർമ്മിക ഉത്തരവാദിത്തത്തിൽ” നിന്ന് കേന്ദ്ര സർക്കാർ ഒഴിഞ്ഞുമാറുകയാണെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടെയാണ് ബിൽ വരുന്നത്.

അതേസമയം, രാജ്യത്ത് 2022 മുതൽ, വാതുവെപ്പ്, ചൂതാട്ടം, ഗെയിമിംഗ് എന്നിവയ്‌ക്കായുള്ള 1,500-ലധികം നിയമവിരുദ്ധ സൈറ്റുകൾ നിരോധിച്ചിരുന്നു. 2023 ഒക്ടോബർ മുതൽ ഓൺലൈൻ ഗെയിമിംഗ് പ്രവർത്തനങ്ങൾക്ക് 28 ശതമാനം ജിഎസ്ടി ചുമത്തിയിരുന്നു. 2024-25 സാമ്പത്തിക വർഷം മുതൽ വിജയികൾക്ക് 30 ശതമാനം നികുതി ഏർപ്പെടുത്തി. ഓഫ്‌ഷോർ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളെ ഇന്ത്യൻ നികുതി വലയിൽ കൊണ്ടുവരികയും രജിസ്റ്റർ ചെയ്യാത്തതോ നിയമവിരുദ്ധമോ ആയ ഗെയിമിംഗ് സൈറ്റുകൾ നിരോധിക്കുകയും ചെയ്തു.

Recent Articles

Related Articles

Special

Enable Notifications OK No thanks