ഉപതിരഞ്ഞെടുപ്പ് വഞ്ചനയുടെ ഫലം, സ്വരാജിന് ക്ലീൻ ഇമേജ്, തല ഉയർത്തി വോട്ട് ചോദിക്കാമെന്ന് മുഖ്യമന്ത്രി

Follow the FOURTH PILLAR LIVE channel on WhatsApp 

മലപ്പുറം: ഒരു വഞ്ചന കാരണമാണ് നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലമ്പൂരില്‍ എല്‍.ഡി.എഫിൻ്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യവേ മുൻ എം.എൽ.എ. പി.വി.അൻവറിനെ പേരെടുത്തു പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. എൽ.ഡി.എഫ്. സ്ഥാനാര്‍ഥി എം.സ്വരാജിന് ക്ലീന്‍ ഇമേജ് ആണെന്നും തല ഉയര്‍ത്തി വോട്ട് ചോദിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ഏറ്റവും വലിയ വഞ്ചന കാണിച്ചതിൻ്റെ ഫലമാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. എൽ.ഡി.എഫ്. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചപ്പോള്‍ തന്നെ മണ്ഡലത്തില്‍ മാത്രമല്ല, സംസ്ഥാനത്താകെ വലിയ സ്വീകാര്യതയാണ് ഉണ്ടായത്. നിലമ്പൂരിലുള്ളവര്‍ക്ക് സ്വരാജിനെ നേരിട്ടറിയാം. ഇതുവരെ എല്‍.ഡി.എഫിന്‍റെ പരിപാടിയില്‍ സജീവമായി പങ്കെടുക്കാത്ത, അനേകം ആളുകൾ കഴിഞ്ഞ ദിവസം സ്വരാജിനെ സ്വീകരിക്കാനെത്തി. പ്രത്യേക വികാരത്തോടെ സ്ഥാനാര്‍ഥിത്വം നാട് സ്വീകരിച്ചിരിക്കുന്നുവെന്നതാണ് ഇത് കാണിക്കുന്നത്. അതില്‍ ആശ്ചര്യമില്ല. ഇതുവരെയുള്ള പൊതുപ്രവര്‍ത്തനത്തിലൂടെ ക്ലീനായ ഇമേജ് നിലനിര്‍ത്തുന്ന നേതാവാണ് സ്വരാജ്. ആരുടെ മുന്നിലും തല ഉയര്‍ത്തി വോട്ട് ചോദിക്കാന്‍ അദ്ദേഹത്തിന് സാധിക്കും’-മുഖ്യമന്ത്രി പറഞ്ഞു.

വാരിയംകുന്നൻ്റെയും സഖാവ് കുഞ്ഞാലിയുടെയും പോരാട്ടത്തിന് സാക്ഷ്യംവഹിച്ച മണ്ണാണിത്. ഒപ്പംതന്നെ വാരിയംകുന്നനെ പിടികൂടാന്‍ ചതി കാണിച്ചവരുടെ മണ്ണുംകൂടിയാണിത്. നമ്മളും ഒരു ചതിക്കിരയായാണ് ഇത്തരമൊരു തിരഞ്ഞെടുപ്പ് നേരിടേണ്ടി വന്നത്. അതില്‍ ആശങ്കപ്പെടുന്ന മുന്നണിയല്ല എൽ.ഡി.എഫ്. നല്ല വിജയപ്രതീക്ഷയോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

വീരപ്പന്‍ ജീവിച്ചിരിക്കുന്ന കാലത്ത് ഒരു മാധ്യമ പ്രവര്‍ത്തകന്‍ കാണാന്‍ ചെന്നു. അന്ന് അയാളോട് വീരപ്പന്‍ ചോദിച്ചു, എന്നെ കുറിച്ച് വാര്‍ത്തകള്‍ ചെയ്യുന്ന നിങ്ങള്‍ കേരളത്തില്‍ ഒരു മന്ത്രി തന്നെ മരംവെട്ടുന്നത് എന്തുകൊണ്ട് റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് ചോദിച്ചു. ആ കാലത്ത് ആ മന്ത്രിയുടെ സഹായിയായി മരംവെട്ടാന്‍ അവിടെ ചെന്നത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇത് എല്‍.ഡി.എഫിനെ ബാധിക്കില്ല. അതൊന്നും എൽ.ഡി.എഫിൻ്റെ കാലത്തുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആളുകളെ പറഞ്ഞ് പറ്റിക്കുന്ന രീതി എല്‍.ഡി.എഫിനില്ല എന്നത് ജനങ്ങള്‍ക്ക് അനുഭവമാണ്. കാര്യങ്ങൾ കൃത്യമായി എൽ.ഡി.എഫ്. നിർവഹിക്കുന്നു എന്നവർക്കറിയാം. എന്തെങ്കിലും ചില വാഗ്ദാനങ്ങൾ നൽകുക, പിന്നീട് അവ മറക്കുക എന്ന രീതി എൽ.ഡി.എഫിന് ഇല്ല. അനുഭവത്തിലൂടെ ജനങ്ങൾക്ക് അത് ബോധ്യപ്പെട്ടിട്ടുണ്ട്. നേരത്തെ പിന്താങ്ങിയവർക്ക് പുറമെ മറ്റൊരു വിഭാഗം കൂടി ഇവരാണ് ശരിയെന്നു പറഞ്ഞ് എൽ.ഡി.എഫിനെ പിന്താങ്ങുകയാണ്. കേരളത്തിനി കിട്ടിയ സൽപേരുകളിൽ‌ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കേരളം അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം എന്നത്. ഈ പേര് എൽ.ഡി.എഫിനു നാടിനോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി വന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Recent Articles

Related Articles

Special