Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി∙ കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ സി.പി.എമ്മിനെയും പാർട്ടിയുടെ 3 മുന്‍ ജില്ലാ സെക്രട്ടറിമാരെയും പ്രതികളാക്കി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇ.ഡി) അന്തിമ കുറ്റപത്രം. സി.പി.എം. തൃശ്ശൂർ മുൻ ജില്ലാ സെക്രട്ടറിമാരായ കെ.രാധാകൃഷ്ണൻ എം.പി., എ.സി.മൊയ്തീൻ എം.എൽ.എ., എം.എം.വർഗീസ് എന്നിവരുള്‍പ്പെടെ 27 പേരെ പുതുതായി പ്രതി ചേർത്താണ് അന്വേഷണ ഉദ്യോഗസ്ഥനായ നിർമൽ കുമാർ മോഷ കലൂർ പി.എം.എൽ.എ. കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ആകെ 83 പേരാണ് കേസിൽ പ്രതിപ്പട്ടികയിലുള്ളത്.
കരുവന്നൂർ ബാങ്ക് വായ്പാ തട്ടിപ്പിലൂടെ പ്രതികൾ 180 കോടി രൂപ സമ്പാദിച്ചതായി ഇ.ഡി. പറയുന്നു. ആകെ 128 കോടി രൂപ പ്രതികളുടെ സ്വത്തുക്കളിൽനിന്ന് ഇ.ഡി. കണ്ടുകെട്ടിയിട്ടുണ്ട്. അടുത്തിടെ കെ.രാധാകൃഷ്ണനെ കേസുമായി ബന്ധപ്പെട്ട് ഇ.ഡി. ചോദ്യം ചെയ്ത് രാഷ്ട്രീയ വിവാദങ്ങൾക്കു കാരണമായിരുന്നു. രാധാകൃഷ്ണനെ കേസിൽ സാക്ഷിയാക്കിയേക്കുമെന്നായിരുന്നു പ്രചരണമെങ്കിലും ഇപ്പോൾ 70ാം പ്രതിയാക്കിയാണു കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. എ.സി.മൊയ്തീൻ 67ാം പ്രതിയും എം.എം.വർഗീസ് 69ാം പ്രതിയുമാണ്.
ഇ.ഡി. മുമ്പ് ചോദ്യം ചെയ്ത മുൻ എം.പി. ഡോ.പി.കെ.ബിജു, കേരള ബാങ്ക് വൈസ് പ്രസിഡൻ്റ് എം.കെ.കണ്ണൻ തുടങ്ങിയവരെ പ്രതി ചേർത്തിട്ടില്ല. സി.പി.എമ്മിനെ കേസിൽ 68ാം പ്രതിയാക്കിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ മധു അമ്പലപുരം, പാർട്ടിയുടെ വിവിധ ഘടകങ്ങളിൽ പ്രവർത്തിക്കുന്ന എ.ആർ.പീതാംബരൻ, എം.ബി.രാജു, കെ.സി.പ്രേമജൻ എന്നിവരും കേസിൽ പ്രതികളാണ്. കരുവന്നൂർ കേസിനെ മുൻനിര്‍ത്തിയുള്ള രാഷ്ട്രീയ തർക്കങ്ങള്‍ക്കൊടുവിലാണു മുതിര്‍ന്ന നേതാക്കളെ അടക്കം പ്രതികളാക്കി ഇ.ഡി. കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
























