Follow the FOURTH PILLAR LIVE channel on WhatsApp
മലപ്പുറം: നിർമ്മാണത്തിലിരുന്ന ദേശീയപാത തകര്‍ന്നതിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി നിർമ്മാണക്കമ്പനിയായ കെ.എൻ.ആർ. കണ്‍സ്ട്രക്ഷന്‍സ്. കമ്പനിയുടെ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ജലന്ധര്‍ റെഡ്ഡിയാണ് കമ്പനിയുടെ വീഴ്ച ഏറ്റെടുത്ത് പ്രതികരിച്ചത്. പ്രാഥമിക വിവരം മാത്രമാണുള്ളതെന്നും എന്താണ് സംഭവിച്ചതെന്നറിയാനുള്ള കൃത്യമായ പരിശോധനകള്‍ തുടരുകയാണെന്നും നിർമ്മാണത്തിനുമുന്‍പ് എല്ലാതരം പഠനങ്ങളും നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രദേശത്ത് പാലമാണ് വേണ്ടതെങ്കില്‍ പാലം നിർമ്മിക്കാനും തയ്യാറാണ്. വിദഗ്ധരുടെ ഉപദേശമനുസരിച്ച് കമ്പനി മുന്നോട്ടുപോകുമെന്നും ജലന്ധര്‍ റെഡ്ഡി പറഞ്ഞു. കമ്പനിക്ക് 40 വര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ടെന്നും മികച്ച അസംസ്‌കൃതവസ്തുക്കളും സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്താന്‍ കമ്പനി ശ്രദ്ധ ചെലുത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ മാസം 19നാണ് കൂരിയാണ് ദേശീയപാത 66ൻ്റെ ഭാഗം ഇടിഞ്ഞുതാണത്. ദേശീയപാത ഇടിഞ്ഞ് സര്‍വീസ് റോഡിലേക്ക് വീഴുകയും സര്‍വീസ് റോഡ് അടക്കം തകരുകയും ചെയ്തിരുന്നു.





















