Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: പാകിസ്താനുമായി സംഘര്‍ഷം നിലനില്‍ക്കെ ഇന്ത്യ സലാൽ അണക്കെട്ട് തുറന്നു. ചെനാബ് നദിയിലെ സലാൽ ഡാം തുറന്നതോടെ പാകിസ്താനിൽ പ്രളയസാധ്യത ഉടലെടുത്തിരിക്കുകയാണ്.
സാധാരണനിലയിൽ അണക്കെട്ട് തുറക്കുമ്പോൾ പാകിസ്താന് മുന്നറിയിപ്പ് നല്കാറുണ്ടായിരുന്നു. അതനുസരിച്ച് പാകിസ്താൻ ജനങ്ങൾക്ക് മുന്നറിയിപ്പു നല്കുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യും. സിന്ധു നദീജല കരാറിലെ വ്യവസ്ഥയനുസരിച്ചാണിത്. എന്നാൽ കരാർ മരവിപ്പിക്കപ്പെട്ടതോടെ പാകിസ്താന് മുൻകൂട്ടി അറിയിപ്പു നല്കുക എന്ന ബാധ്യത ഇന്ത്യക്കില്ലാതായി. ഇതോടെയാണ് അവിടെ പ്രളയസാധ്യ ഉടലെടുത്തത്.
കനത്ത മഴയെ തുടർന്നാണ് ഡാമിൻ്റെ ഷട്ടറുകൾ ഇപ്പോൾ തുറന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. സലാൽ അണക്കെട്ട് ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ചെനാബ് നദിയിലെ സലാൽ ജലവൈദ്യുത നിലയത്തിൻ്റെ ഭാഗമാണ്. സിന്ധു നദീജല ഉടമ്പടിയുടെ കീഴിൽ ജമ്മു കശ്മീരിൽ ഇന്ത്യ നിർമ്മിച്ച ആദ്യത്തെ ജലവൈദ്യുത പദ്ധതിയാണിത്.
സലാൽ അണക്കെട്ടിൻ്റെ 3 ഷട്ടറുകളാണ് ഇപ്പോൾ തുറന്നിരിക്കുന്നത്. പാകിസ്താനിൽ ചെനാബ് നദിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരെയും കൃഷിയിടങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോർട്ട്.