29 C
Trivandrum
Sunday, April 27, 2025

ഫ്രാൻസിസ് പാപ്പ നിത്യതയിൽ

Follow the FOURTH PILLAR LIVE channel on WhatsApp 

വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയുടെ മഹാ ഇടയന് പ്രാർഥനയോടെ വിട നൽകി ലോകം. മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം സെൻ്റ് മേരി മേജർ ബസലിക്കയിലാണ് അന്ത്യവിശ്രമം. സെൻ്റ് പീറ്റേഴ്സ് ചത്വരത്തിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ഓടെയാണ് സംസ്കാര ശുശ്രൂഷകൾ ആരംഭിച്ചത്. സംസ്കാരച്ചടങ്ങിൽ ലോകനേതാക്കളും പതിനായിരക്കണക്കിന് വിശ്വാസികളും പങ്കെടുത്തു.

കർദിനാൾ സംഘത്തിൻ്റെ ഡീൻ ജിയോവാനി ബാറ്റിസ്റ്റ റേ ആണ് അന്ത്യ ശുശ്രൂഷകള്‍ക്ക് കാർമ്മികത്വം വഹിച്ചത്. കർദിനാൾമാരായ റോജർ മൈക്കിൾ മഹോനി, ഡൊമിനിക് മമ്പേർത്തി, സെൻ്റ് പീറ്റേഴ്സ് ബസലിക്കയുടെ മുഖ്യ വൈദികൻ മൗറോ ഗമ്പെത്തി എന്നിവരും ചടങ്ങുകളിൽ പങ്കെടുത്തു. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്, മേജർ ആർച്ച് ബിഷപ് എമരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തുടങ്ങിയവരും സംസ്കാരച്ചടങ്ങിൽ സഹകാർമ്മികരായി.

ചടങ്ങില്‍ പാപ്പായുടെ സമാധാന നിലപാട് സഭ ഉയർത്തിപ്പിടിച്ചു. യുദ്ധങ്ങള്‍ അവസാനിപ്പിക്കണമെന്ന് സംസ്കാര ശുശ്രൂഷയിലെ ധ്യാന പ്രസംഗത്തിൽ കര്‍ദിനാള്‍ ബാറ്റിസ്റ്റ റേ പറഞ്ഞു. മതിലുകൾ അല്ല, പാലങ്ങൾ നിർമ്മിക്കാനാണ് ഫ്രാൻസിസ് പാപ്പ ആഗ്രഹിച്ചത്. യുദ്ധങ്ങൾ എല്ലാവരുടെയും നാശത്തിൽ മാത്രമേ അവസാനിക്കുവെന്നും കര്‍ദിനാള്‍ ബാറ്റിസ്റ്റ റേ പറഞ്ഞു. കര്‍ദിനാളിൻ്റെ വാക്കുകള്‍ക്ക് പിന്നാലെ സെൻ്റ് പീറ്റേഴ്സ് ചത്വരത്തിൽ വൻ കരഘോഷമാണ് ഉയര്‍ന്നത്.

ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു, യു.എസ്. പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്, യുക്രൈൻ പ്രസിഡൻ്റ് വൊളോദിമിർ സെലൻസ്കി തുടങ്ങിയവരടക്കം 130 രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ പാപ്പയുടെ അന്ത്യകർമ്മങ്ങൾക്ക് സാക്ഷികളായി. സംസ്കാര ചടങ്ങുകൾക്ക് ശേഷം മാർപാപ്പയുടെ മൃതദേഹമുള്ള പെട്ടി സെൻ്റ് പീറ്റേഴ്‌സ് ബസലിക്കയിലേക്കും തുടർന്ന് സെൻ്റ് മേരി മേജർ ബസലിക്കയിലേക്കും കൊണ്ടുപോയി. വത്തിക്കാൻ സിറ്റിയിൽ നിന്ന് പുറപ്പെട്ട് ടൈബർ നദിക്ക് മുകളിലൂടെ സഞ്ചരിച്ച് മധ്യ റോമിലൂടെ പിയാസ വെനീസിയയിലെത്തി കൊളോസിയം കടന്ന് വടക്കോട്ട് തിരിഞ്ഞാണ് മൃതശരീരവും വഹിച്ചുകൊണ്ടുള്ള വാഹനവ്യൂഹം സെൻ്റ് മേരി ബസലിക്കയിൽ എത്തിച്ചേർന്നത്. റോഡിന് ഇരുവശത്തും നിന്ന ജനങ്ങൾ കരഘോഷത്തോടെ തങ്ങളുടെ പാപ്പയോട് വിടചൊല്ലി.

അശരണരുടെ ഒരു സംഘമാണ് പാപ്പയുടെ മ‍ൃതശരീരം ബസലിക്കയിൽ ഏറ്റുവാങ്ങിയത്. ചെറുപ്രാർഥനകൾക്ക് ശേഷം മേരിയുടെ പള്ളിയിലെ മണ്ണിൽ പാപ്പയെ കബറടക്കി. പൊതുജനങ്ങള്‍ക്ക് ചടങ്ങുകളിലേക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഞായറാഴ്ച രാവിലെ മുതല്‍ ജനങ്ങള്‍ക്കായി ഇവിടം തുറന്നുകൊടുക്കും.

വിവിധങ്ങളായ അപ്പസ്തോലിക യാത്രകളുടെ മുമ്പും പിമ്പും ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശിക്കുന്ന കേന്ദ്രമായിരുന്നു സെൻ്റ് മേരി മേജർ ബസലിക്ക. വിശുദ്ധ പത്രോസിൻ്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സെൻ്റ് പീറ്റേഴ്സ് ബസലിക്കയിലാണ് മുൻ മാർപാപ്പമാരിൽ ഭൂരിഭാഗം പേരും അന്ത്യവിശ്രമം കൊള്ളുന്നത്. എന്നാൽ തനിക്ക് അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെൻ്റ് മേരി മേജർ ബസലിക്കയിലായിരിക്കണമെന്ന് മാർപാപ്പ മരണപത്രത്തിൽ പറഞ്ഞിരുന്നു. ബസലിക്കയിലെ പൗളിൻ ചാപ്പലിനും ഫോർസ് ചാപ്പലിനും നടുവിലായിട്ടാകണം തനിക്ക് ശവകുടീരമൊരുക്കേണ്ടതെന്നായിരുന്നു പാപ്പയുടെ നിർദ്ദേശം. ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ലെന്നും ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതിയെന്നും മാർപാപ്പയുടെ മരണപത്രത്തിൽ പറഞ്ഞിരുന്നു.

മാർപ്പാപ്പമാരുടെ മരണാനന്തര നടപടികളുടെ ക്രമം കഴിഞ്ഞ നവംബറിൽ ഫ്രാൻസിസ് മാർപ്പാപ്പ തന്നെ പരിഷ്കരിച്ച് കൂടുതൽ ലളിതമാക്കിയിരുന്നു. അതിനാൽ സാധാരണ പാപ്പമാരുടെ സംസ്കാര ചടങ്ങിനേക്കാൾ ദൈർഘ്യം കുറഞ്ഞതായിരുന്നു ശനിയാഴ്ചത്തെ ശുശ്രൂഷ.


പാവങ്ങളുടെ പാപ്പയ്ക്ക് പ്രാർഥനയോടെ വിട

    • ഫ്രാൻസിസ് മാർപ്പാപ്പയുടെ അന്ത്യയാത്ര ചിത്രങ്ങളിലൂടെ

Recent Articles

Related Articles

Special

Enable Notifications OK No thanks