Follow the FOURTH PILLAR LIVE channel on WhatsApp
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത കശ്മീരികളായ രണ്ട് ലഷ്‌കര്‍ എ തോയ്ബ ഭീകരരുടെ വീടുകള്‍ തകര്‍ത്ത് പ്രാദേശിക ഭരണകൂടം. ആക്രമണത്തില്‍ പങ്കെടുത്ത തദ്ദേശീയരായ ആസിഫ് ഷെയ്ഖ്, ആദില്‍ ഹുസൈന്‍ തോക്കര്‍ എന്നിവരുടെ വീടുകളാണ് വ്യാഴാഴ്ച രാത്രി തകര്‍ത്തത്. സ്‌ഫോടനത്തിലാണ് വീടുകള്‍ തകര്‍ത്തതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇവരുടെ വീടുകള്‍ക്കുള്ളില്‍ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ദക്ഷിണ കശ്മീരിലെ പുല്‍വാമയിലെ ത്രാലിലും അനന്ത്നാഗിലെ ബിജ്‌ബെഹരയിലുമുള്ള 2 വീടുകളാണ് തകര്‍ത്തത്. പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ ഭീകരരുടെ കുടുംബങ്ങള്‍ വീടുകള്‍ ഒഴിഞ്ഞുപോയിരുന്നു. ആക്രമണത്തില്‍ പങ്കെടുത്ത തദ്ദേശീയരായ ഭീകരര്‍ക്കെതിരേ കടുത്ത പ്രതിഷേധം സമീപവാസികളില്‍ നിന്നുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പ്രാദേശിക ഭരണകൂടത്തിൻ്റെ നീക്കം.
തദ്ദേശീയരായ 2 തീവ്രവാദികളുടേതടക്കമുള്ളവരുടെ രേഖാചിത്രം കഴിഞ്ഞദിവസം പൊലീസ് പുറത്തുവിട്ടിരുന്നു. 5 പേരാണ് ഈ തീവ്രവാദി ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം.
2018ല്‍ വാഗ-അട്ടാരി അതിര്‍ത്തിയിലൂടെ പാകിസ്താനിലേക്ക് യാത്രചെയ്ത ആദില്‍ ഹുസൈന്‍ തോക്കര്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ തിരിച്ചെത്തുംമുമ്പ് തീവ്രവാദ പരിശീലനം നേടിയതായി ഇൻ്റലിജന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. പാകിസ്താന്‍ ഭീകരരുടെ ഗൈഡായും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നതായാണ് വിവരം.