Follow the FOURTH PILLAR LIVE channel on WhatsApp
മുംബൈ: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ നാവികസേനയുടെ ഏറ്റവും പുതിയ തദ്ദേശീയ യുദ്ധക്കപ്പലായ ഐ.എൻ.എസ്. സൂറത്തിൽ ആയുധ പരീക്ഷണം നടത്തി ഇന്ത്യൻ ശക്തിപ്രകടനം. മധ്യദൂര ഉപരിതല–വ്യോമ മിസൈൽ സംവിധാനം (എം.ആർ.–സാം) ഉപയോഗിച്ച് ‘സീ സ്കിമിങ്’ മിസൈലുകളെ തകർക്കുന്ന പരീക്ഷണമാണ് വിജയം കണ്ടത്. അറബിക്കടലായിരുന്നു പരീക്ഷണവേദി.
കറാച്ചി തീരത്ത് പാകിസ്താന്‍ മിസൈല്‍ പരിശീലനം നടത്തി എന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇന്ത്യന്‍ നാവികസേനയും കരുത്ത് തെളിയിച്ചുകൊണ്ട് അഭ്യാസപ്രകടനം കാഴ്ചവെച്ചത്. കറാച്ചി തീരത്ത് മിസൈല്‍ പരീക്ഷണം നടത്തിയെന്ന് പറഞ്ഞ പാകിസ്താന് അറബിക്കടലില്‍ മിസൈല്‍ പരീക്ഷിച്ച് കാട്ടിയാണ് നാവികസേന മറുപടി നല്‍കിയത്.
ശത്രുപക്ഷത്തിൻ്റെ റഡാറുകളുടെയും ഇൻഫ്രാറെഡിൻ്റെയും കണ്ണുവെട്ടിക്കാൻ മിസൈലുകൾ ജലോപരിതലത്തിന് തൊട്ടുമുകളിലൂടെ വേഗത്തിൽ പറക്കുന്ന രീതിയെയാണ് സീ സ്കിമ്മിങ് എന്നു പറയുന്നത്. ഇത്തരത്തിൽ പായുന്ന മിസൈലുകളെ എം.ആര്‍.സാം (മീഡിയം റേഞ്ച് സര്‍ഫസ് ടു എയര്‍ മിസൈല്‍) സംവിധാനത്തിലൂടെ തകർക്കാനുള്ള ശേഷിയാണ് നാവികസേന ആർജജിച്ചത്.
സീ സ്കിമ്മിങ് വേധ മിസൈൽ പരീക്ഷണ വിജയം ഇന്ത്യൻ നാവികസേനയ്ക്ക് തന്ത്രപ്രധാനമായ നാഴികക്കല്ലാകും. ഇസ്രായേലുമായി ചേർന്ന് വികസിപ്പിച്ചെടുത്ത എം.ആർ.–സാം സംവിധാനത്തിന് 70 കിലോമീറ്റർ വരെയാണ് പ്രഹരശേഷി.
തദ്ദേശീയ യുദ്ധക്കപ്പലുകളുടെ രൂപകല്പനയിലും വികസനത്തിലും പ്രവർത്തനത്തിലും നാവികസേനയ്ക്കുള്ള കരുത്ത് തെളിയിക്കുന്നതാണ് ഈ വിജയം. ഇന്ത്യന്‍ നാവികസേന സര്‍വ്വസജ്ജമാണ് എന്നതാണ് മിസൈല്‍ പരീക്ഷണത്തിലൂടെ തെളിയിച്ചിരിക്കുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കര-നാവിക-വ്യോമ സേനകളുടെ ഭാഗത്തുനിന്നും എല്ലാതരത്തിലുള്ള തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞു എന്ന് വിദേശകാര്യ സെക്രട്ടറി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.