Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ. ശനിയാഴ്ച എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ 4 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ്. സ്റ്റേഷൻ ജാമ്യം ലഭിക്കും.
ഷൈനിനെതിരെ നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻ.ഡി.പി.എസ്.) ആക്ടിലെ 27, 29 വകുപ്പുകൾ പ്രകാരം കേസെടുത്തു. ലഹരി ഉപയോഗത്തിനും ഗൂഢാലോചനയ്ക്കുമാണ് കേസ്. കുറ്റം തെളിഞ്ഞാൽ ഒരു വർഷം വരെ തടവു ശിക്ഷ ലഭിക്കാം.
ലഹരി ഇടപാടുകാരന്‍ സജീറിനെ അറിയാമെന്നും ഷൈനിന് ചോദ്യം ചെയ്യലില്‍ സമ്മതിക്കേണ്ടിവന്നു. സജീറിനെ തേടി ഹോട്ടലില്‍ പൊലീസെത്തിയപ്പോഴാണ് ഷൈന്‍ ജനല്‍ വഴി ചാടി രക്ഷപ്പെട്ടത്. സജീറുമായി ഷൈനിന് സാമ്പത്തിക ഇടപാടും കണ്ടെത്തി. ഇറങ്ങിയോടിയ ദിവസം സജീറുമായി 20,000 രൂപയുടെ ഇടപാട് നടത്തി. ആ ദിവസം ലഹരി ഉപയോഗിച്ചില്ലെന്ന് ഷൈന്‍ മൊഴി നല്‍കി. അന്ന് ലഹരി കൈവശം വച്ചിട്ടില്ലെന്നും ഷൈന്‍ ടോം ചാക്കോ പൊലീസിനോട് പറഞ്ഞു. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ഷൈനിന് ലഹരി പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
ഡാന്‍സാഫ് സംഘം ഗുണ്ടകളാണെന്ന് തെറ്റിധരിച്ച് ഇറങ്ങിയോടുകയായിരുന്നെന്നാണ് ഷൈന്‍ പൊലീസിനു നല്‍കിയ മൊഴി. എന്നാല്‍ നിരന്തരമായ ചോദ്യങ്ങള്‍ക്കുമുന്നില്‍ ഷൈന്‍ പതറി . ഒടുവില്‍ സജീറുമായുള്ള ബന്ധം സമ്മതിക്കേണ്ടിയും വന്നു. ഷൈനിന്‍റെ വാട്സാപ് ചാറ്റും കോളുകളും ഗൂഗിള്‍പേ അക്കൗണ്ടും പരിശോധിച്ചാണ് പൊലീസ് വഴിവിട്ട ഇടപെടലുകള്‍ ഉറപ്പിച്ചത് .
ഇതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യം ചെയ്യലിനു മുന്നില്‍ നടന് പിടിച്ചു നില്‍ക്കാനായില്ല . ഇതേ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.