Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: അംബേദ്കർ സർവകലാശാലയിൽ എ.ബി.വി.പി. പ്രവർത്തകരുടെ റാഗിങ്ങിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി. വിദ്യാര്‍ഥിയെ റാഗ് ചെയ്തതില്‍ പ്രതിഷേധിച്ച എസ്.എഫ്.ഐ. പ്രവര്‍ത്തകരെ ഒരു വര്‍ഷത്തേക്കാണ് സസ്‌പെൻഡ് ചെയ്‌തത്. ഇതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ കാമ്പസിനകത്ത് നിരാഹാര സമരം നടത്തുകയായിരുന്നു.
സർവകലാശാലയിലെ ഒരു വിദ്യാർഥി ആത്മഹത്യയ്ക്ക് ശ്രമിച്ചതിലേക്ക് നയിച്ച റാഗിങ്ങിനെതിരെ സംസാരിച്ചതിന് 3 എസ്.എഫ്.ഐ. പ്രവർത്തകരെ സർവകലാശാല ഏകപക്ഷീയമായി സസ്‌പെൻഡ് ചെയ്തിട്ട് 1 മാസത്തിലേറെയായിരുന്നു. കഴിഞ്ഞ 1 മാസമായി, ഇതിനെതിരെ കാമ്പസിനുള്ളിൽ വിദ്യാർഥികൾ സമാധാനപരമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. പിന്നീട് സർവകലാശാല 5 എസ്.എഫ്.ഐ. പ്രവർത്തകരെകൂടി സസ്‌പെൻഡ് ചെയ്തു. അധികൃതരുടെ ഈ നടപടിയ്ക്കെതിരെ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
കാമ്പസിനുള്ളിൽ നീതിയുക്തമായ അക്കാദമിക അന്തരീക്ഷം തിരികെ കൊണ്ടുവരാൻ വിദ്യാർഥികളുടെ സസ്പെൻഷൻ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ.വി.ശിവദാസൻ എം.പി. സർവകലാശാല അധികൃതർക്ക് കത്തയച്ചിരുന്നു.