Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: അതിതീവ്ര സുരക്ഷാമേഖലയായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കിഴക്കേഗോപുരത്തിനു സമീപം അജ്ഞാതർ ഡ്രോൺ പറത്തി. ശ്രീപദ്മനാഭസ്വാമി ക്ഷേത്രപരിസരത്ത് ഡ്രോൺ പറത്തരുതെന്ന കർശന നിയന്ത്രണത്തെ വെല്ലുവിളിച്ചാണ് അജ്ഞാതർ ഇതു പറത്തിയത്. വ്യാഴാഴ്ച രാത്രി 10.03ന് പദ്മതീർഥ കുളത്തിനു കുറുകേ പറന്നെത്തിയ ഡ്രോൺ കിഴക്കേഗോപുരത്തിനു സമീപം വട്ടംചുറ്റിയശേഷം തിരികെ പോയി.
ക്ഷേത്രത്തിലെ സുരക്ഷാവിഭാഗത്തിൽ കിഴക്കേനട ഭാഗത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് ഡ്രോൺ പറന്നുവരുന്നതു കണ്ടത്. ക്ഷേത്രത്തിലെ കൺട്രോൾ റൂമിൽ വിവരമറിയിച്ചതിനെത്തുടർന്ന് ഫോർട്ട് എ.സി. പ്രസാദ്, എസ്.എച്ച്.ഒ. ശിവകുമാർ, കൺട്രോൾറൂമിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരെല്ലാം സ്ഥലത്തെത്തി. തുടർന്ന് സി.സി.ടി.വികളിൽനിന്നു ലഭിച്ച ദൃശ്യങ്ങൾ പരിശോധിച്ച് ഡ്രോൺ കടന്നുവന്ന വഴികളും പൊലീസ് സംഘം കണ്ടെത്തി. എന്നാൽ ഡ്രോണിനെയും അതുപറത്തിയവരെയും ഇതുവരെ കണ്ടെത്തിയിട്ടില്ല. പദ്മതീർഥക്കുളത്തിനു കുറുകേ കടന്നുവന്ന ഡ്രോൺ കിഴക്കേഗോപുരംവരെ എത്തിയശേഷമായിരുന്നു തിരികെ പോയതെന്ന് സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
കുളത്തിനു സമീപത്തുള്ള കല്യാണമണ്ഡപത്തിൽ വീഡിയോയും ഫോട്ടോയും എടുക്കാനെത്തിയ ഫോട്ടോഗ്രാഫർമാർ, സംശയകരമായ നിലയിൽ കണ്ടവർ എന്നിവരെയെല്ലാം വിളിച്ച് പൊലീസ് ചോദ്യംചെയ്തു. എന്നാൽ, തങ്ങളാരും ഡ്രോൺ പറത്തിയിട്ടില്ലെന്നും കണ്ടില്ലെന്നുമാണ് മൊഴിനൽകിയത്. അതീവ സുരക്ഷാമേഖലയിൽ കർശന നിയന്ത്രണമുണ്ടായിട്ടും അതിനെ ഭേദിച്ച് ഡ്രോൺ പറത്തിയതിൽ ശക്തമായ അന്വേഷണം നടത്തുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ തോംസൺ ജോസ് പറഞ്ഞു.
2019 ജൂൺ 28നും സമാനമായ സംഭവമുണ്ടായിരുന്നു. അന്ന് പുലർച്ചെ നാലോടെ വടക്കേനട ഭാഗത്തുകൂടിയായിരുന്നു അജ്ഞാതർ ഡ്രോൺ പറപ്പിച്ചിരുന്നത്. അന്നും അവിടെയുണ്ടായിരുന്ന പൊലീസുകാരാണ് ഡ്രോൺ പറക്കുന്നതുകണ്ട് മേലുദ്യോഗസ്ഥർക്കു വിവരം നൽകിയത്.