Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിൽ കാത്തലിക ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ.) സ്വീകരിച്ച നിലപാടിനെതിരെ ക്രൈസ്തവ സമുദായത്തിലെ ഒരു വിഭാഗം മനുഷ്യവകാശ പ്രവർത്തകർ. മുനമ്പം എന്ന ഒരു പ്രദേശം മാത്രം അടിസ്ഥാനമാക്കി ഒരു ദേശീയ നിയമ നിർമാണത്തെ പിന്തുണയ്ക്കാൻ പാടില്ലായിരുന്നുവെന്ന് സൂസൻ എബ്രഹാം, ജോൺ ദയാൽ, അലൻ ബ്രൂക്സ്, തുടങ്ങിയ ക്രൈസ്തവ സമുദായത്തിലെ മനുഷ്യവകാശ പ്രവർത്തകർ അഭിപ്രായപ്പെട്ടു. ആശങ്ക അറിയിച്ചുക്കൊണ്ട് സി.ബി.സി.ഐക്ക് പ്രവർത്തകർ തുറന്ന കത്ത് എഴുതി.
മുനമ്പത്തെ ആശങ്ക ഒരു വലിയ വിഷയം തന്നെയാണ്. അത് അവിടുത്തെ സാധരണക്കാരായ ജനങ്ങളെ ബാധിക്കുന്ന വിഷയമാണ്. എന്നാൽ ഒരു പ്രാദേശിക വിഷയം വഖഫ് നിയമ ഭേദഗതി പോലെയുള്ള ഒരു ബില്ലിനെ പിന്തുണയ്ക്കാൻ അടിസ്ഥാനമാക്കരുതായിരുന്നു. ഒരു ന്യൂനപക്ഷ സമുദായത്തിന് വലിയ തോതിലുള്ള പ്രത്യാഘാതമുണ്ടാക്കുന്ന നിയമ ഭേദഗതിയെ പിന്തുണയ്ക്കാൻ പാടില്ലായിരുന്നു -കത്തിൽ ചൂണ്ടികാട്ടി. പരിഷ്കാരത്തിൻ്റെ പേരിൽ സർക്കാരിൻ്റെ കടന്നുകയറ്റത്തെ പിന്തുണയ്ക്കുന്നതാണ് സി.ബി.സി.ഐ. നിലപാടെന്നും കത്തിൽ വിമർശിക്കുന്നു.