Follow the FOURTH PILLAR LIVE channel on WhatsApp
മധുര: മതന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിച്ച് മുതലെടുക്കാനുള്ള ആർ.എസ്.എസ്. ശ്രമം മനസ്സിലാക്കുന്നതിൽ ചിലർ പരാജയപ്പെട്ടെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയൻ. വഖഫ് നിയമഭേദഗതി ഒറ്റപ്പെട്ട സംഭവമല്ല, ആസൂത്രിത നീക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.എം. 24ാം പാർട്ടി കോൺഗ്രസിൻ്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുജറാത്തിലും യു.പിയിലും മുസ്ലിങ്ങളാണ് ആക്രമിക്കപ്പെടുന്നതെങ്കിൽ ഒഡിഷയിലും മധ്യപ്രദേശിലും ക്രിസ്ത്യാനികളാണ് ഇരയാകുന്നത്. ഛത്തീസ്ഗഡിൽ ഹിന്ദുക്കളല്ലാത്ത ആദിവാസികൾ ആക്രമിക്കപ്പെടുമ്പോൾ കേരളത്തിൽ കമ്യൂണിസ്റ്റുകാരെ വേട്ടയാടുന്നു. ചില പാർട്ടികൾ സംഘപരിവാറിൻ്റെ പദ്ധതികളെ ന്യായീകരിക്കുമ്പോൾ ചില മതനേതാക്കൾ സംഘപരിവാറിൻ്റെ വഞ്ചനാപരമായ പദ്ധതികൾ തിരിച്ചറിയുന്നതിൽ പരാജയപ്പെടുകയാണ്. ആർ.എസ്.എസിൻ്റെ നീക്കങ്ങൾക്കൊപ്പം നിൽക്കാത്തവരിൽ ശത്രുത വളർത്താനുള്ള തന്ത്രമാണിതെന്ന് ഇവർക്ക് മനസ്സിലാകുന്നില്ല.
വഖഫ് നിയമഭേദഗതി ബിൽ പാർലമെൻ്റിൽ പാസാക്കിയതിനുശേഷം ക്രൈസ്തവ സമൂഹത്തെയാണ് സംഘപരിവാർ ലക്ഷ്യം വെച്ചിട്ടുള്ളത്. ആർ.എസ്.എസ്. മുഖപത്രം ഓർഗനൈസറിലെ ലേഖനം പിൻവലിച്ചെങ്കിലും അവരുടെ മനസ്സിലിരിപ്പ് കൃത്യമായി അറിയാനായെന്നും പിണറായി ചൂണ്ടിക്കാട്ടി.
എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള വിവാദങ്ങളും മുഖ്യമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചു. ഒരു രാഷ്ട്രീയസിനിമ അല്ലാതിരുന്നിട്ടും എമ്പുരാനെതിരെ ബി.ജെ.പി. ആക്രമണം നടത്തി. സിനിമ ഒരു വ്യവസായമാണ്, ആയിരക്കണക്കിന് പേരാണ് ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. സിനിമ ഒരു വലിയ സാമ്പത്തിക വിജയമാകുന്നത് അപൂര്‍വമാണ്. സിനിമയെ താറടിച്ചുകാണിക്കുമ്പോള്‍ സ്വാഭാവികമായും അതിനുപിന്നില്‍ പ്രവര്‍ത്തിച്ച തൊഴിലാളികളാണ് ബാധിക്കപ്പെടുന്നത്. സംഘപരിവാര്‍ അംഗങ്ങള്‍ കൂടിയുള്ള ഒരു സെന്‍സര്‍ ബോര്‍ഡിനാല്‍ അംഗീകരിക്കപ്പെട്ട സിനിമയാണിത്. അത്തരത്തിലുള്ള സിനിമയെ അനാവശ്യമായ ആരോപണങ്ങള്‍ ചുമത്തി തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഭാഗങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ സിനിമയെ മൊത്തമായാണ് ബാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.