Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: ലോക്സഭയ്ക്കു പിന്നാലെ രാജ്യസഭയും കടന്ന് വഖഫ് ഭേദഗതി ബിൽ. 12 മണിക്കൂറിലേറെ നീണ്ട ചർച്ചയ്ക്കൊടുവിൽ വെള്ളിയാഴ്ച പുലർച്ചെ 1.10ഓടെ ആണ് രാജ്യസഭയിൽ വോട്ടെടുപ്പ് ആരംഭിച്ചത്. 128 പേർ ബില്ലിനെ അനുകൂലിച്ചു. 95 പേർ എതിർത്തു. പ്രതിപക്ഷ ഭേദഗതികൾ വോട്ടിനിട്ട് തള്ളി. പാർലമെന്റിന്റെ ഇരുസഭകളിലും അംഗീകാരം ലഭിച്ചതോടെ ബിൽ നിയമമാകാൻ രാഷ്ട്രപതിയുടെ അംഗീകാരം മാത്രമാണു ശേഷിക്കുന്നത്.
ബില്ലിലെ വ്യവസ്ഥകളിൽ കേരള എം.പിമാരായ ഡോ.ജോൺ ബ്രിട്ടാസ്, എ.എ.റഹിം, ഡോ.വി.ശിവദാസൻ, പി.സന്തോഷ് കുമാർ, പി.പി. സുനീർ, ഹാരിസ് ബീരാൻ, പി.വി.അബ്ദുൽ വഹാബ് തുടങ്ങിയവർ അവതരിപ്പിച്ച ഭേദഗതികൾ ശബ്ദവോട്ടോടെ തള്ളി. വഖഫ് ബോർഡിൽ മുസ്‌ലിം അല്ലാത്തവരെ അംഗങ്ങളാക്കുന്നതിനെതിരെ തിരുച്ചി ശിവ നിർദേശിച്ച ഭേദഗതിയും വോട്ടിനിട്ടു തള്ളി.
എൻ.ഡി.എയിലും ഇന്ത്യാ സഖ്യത്തിലുമില്ലാത്ത കക്ഷികളുടെ നിലപാടു സംബന്ധിച്ചാണ് രാജ്യസഭയിൽ ആകാംക്ഷ ഉയർന്നത്. എന്നാൽ, അപ്രതീക്ഷിത നീക്കങ്ങളുണ്ടായില്ല. ബില്ലിനെ എതിർക്കുമെന്ന് വ്യാഴാഴ്ച രാവിലെ പ്രഖ്യാപിച്ച ബി.ജെ.ഡി. വൈകിട്ടോടെ മനസ്സാക്ഷി വോട്ടിന് അംഗങ്ങളോടു നിർദേശിച്ചു. ലോക്സഭയിൽ സാന്നിധ്യമില്ലാത്ത ബി.ജെ.ഡിക്ക് രാജ്യസഭയിൽ 7 എം.പിമാരുണ്ട്. 7 അംഗങ്ങളുള്ള വൈ.എസ്.ആർ. കോൺഗ്രസും 4 വീതം അംഗങ്ങളുള്ള അണ്ണാ ഡി.എം.കെയും ബി.ആർ.എസും ബില്ലിനെ എതിർത്തു.
1995ലെ വഖഫ് നിയമത്തിലാണ് ഭേദഗതി. ഓഗസ്റ്റിൽ ബിൽ അവതരിപ്പിച്ച ശേഷം സംയുക്ത പാർലമെന്ററി സമിതിയുടെ (ജെ.പി.സി.) പരിഗണനയ്ക്കു വിട്ടിരുന്നു. ജെപിസിയുടെ നിർദേശങ്ങൾ അനുസരിച്ച് പരിഷ്കരിച്ച ബിൽ ആണ് ലോക്സഭയും പിന്നാലെ രാജ്യസഭയും പാസാക്കിയത്. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവാണ് ബിൽ അവതരിപ്പിച്ചത്.