29 C
Trivandrum
Saturday, April 26, 2025

ജാംനഗർ വിമാനാപകടം: മരണം മുന്നിലുള്ളപ്പോഴും മറ്റുള്ളവരുടെ ജീവൻ രക്ഷിച്ച ധീരൻ

Follow the FOURTH PILLAR LIVE channel on WhatsApp 

ജാംനഗര്‍: മരണത്തിനു മുന്നിലും സഹജീവികളെക്കുറിച്ചോർത്ത് അവരുടെ സുരക്ഷ ഉറപ്പാക്കിയ ധീരസൈനികൻ. ലെഫ്റ്റ്‌നൻ്റ് സിദ്ധാര്‍ഥ് യാദവിൻ്റെ പേര് ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ അങ്ങനെ രേഖപ്പെടുത്തപ്പെടും. ഗുജറാത്തിലെ ജാംനഗറില്‍ പരീക്ഷണപ്പറക്കലിനിടെ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണ് കൊല്ലപ്പെട്ട സിദ്ധാർഥിൻ്റെ മനോധൈര്യവും നിശ്ചദാര്‍ഢ്യവും രക്ഷപ്പെടുത്തിയത് സഹപൈലറ്റിനെ മാത്രമായിരുന്നില്ല. ഒട്ടേറെ ഗ്രാമീണരുടെ ജീവൻ അപകടത്തിൽപ്പെടുന്നതും അദ്ദേഹം ഒഴിവാക്കി.

ബുധനാഴ്ച രാത്രിയാണ് ഗുജറാത്തിലെ ജാംനഗറിന് സമീപം വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനം തകര്‍ന്നുവീണ് 28കാരനായ ഫ്ലൈറ്റ് ലെഫ്റ്റ്‌നൻ്റ് സിദ്ധാര്‍ഥ് യാദവ് കൊല്ലപ്പെട്ടത്. അതീവ ജനസാന്ദ്രതയുള്ള മേഖലയ്ക്കുമുകളിലൂടെ പറക്കുമ്പോഴായിരുന്നു സാങ്കേതികത്തകരാര്‍ മൂലം വിമാനത്തിന് നിയന്ത്രണം നഷ്ടപ്പെട്ടുവെന്ന് പൈലറ്റിന് മനസ്സിലായത്. സഹപൈലറ്റായ മനോജ് കുമാര്‍ സിങ് സുരക്ഷിതമായി ഇജക്ട് ചെയ്തു എന്നുറപ്പുവരുത്തിയതിനുശേഷം സിദ്ധാര്‍ഥ് വിമാനം ആളൊഴിഞ്ഞ പ്രദേശത്തേക്ക് തിരിച്ചുവിട്ടു, പരമാവധി ദൂരേക്ക്.

ഫ്ലൈറ്റ് ലെഫ്റ്റ്‌നൻ്റ് സിദ്ധാര്‍ഥ് യാദവ്

ജാംനഗറില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമപ്രദേശത്ത് തകര്‍ന്നുവീണ വിമാനത്തില്‍ നിന്നും തീയാളിപ്പടര്‍ന്ന് പൂര്‍ണമായും കത്തിയമർന്നു. ഇജക്ട് ചെയ്തെങ്കിലും സാരമായി പരുക്കേറ്റ സഹപൈലറ്റ് മനോജ് കുമാര്‍ സിങ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഹരിയാണയിലെ റെവാരി സ്വദേശിയായ സിദ്ധാര്‍ഥ് അവധിക്കുശേഷം തിരികെ ജോലിക്ക് പ്രവേശിച്ചിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളൂ. മാർച്ച് 23ന് ഇദ്ദേഹത്തിൻ്റെ വിവാഹനിശ്ചയമായിരുന്നു. മാർച്ച് 31നാണ് തിരികെ ജോലിക്കു കയറിയത്. നവംബര്‍ 2ന് വിവാഹം നടക്കാനിരിക്കേയാണ് ദുരന്തം സംഭവിച്ചത്‌.

2016ല്‍ എൻ.ഡി.എ. പരീക്ഷ പാസ്സായാണ് റെവാരിയിലെ ഭല്‍ഖി-മജ്ര ഗ്രാമത്തില്‍ നിന്നു സിദ്ധാര്‍ഥ് വ്യോമസേനയിലെത്തുന്നത്. 2 വര്‍ഷം മുമ്പ് ഫ്ലൈറ്റ് ലെഫ്റ്റ്‌നൻ്റായി സ്ഥാനക്കയറ്റവും ലഭിച്ചു. സിദ്ധാര്‍ഥിൻ്റെ പിതാവ് സുശീൽ യാദവ് മുൻ വ്യോമസേനാ ഉദ്യോഗസ്ഥനാണ്. മരണം മുമ്പില്‍ കണ്ട നിമിഷത്തിലും തൻ്റെ മകന്‍ കാണിച്ച അര്‍പ്പണബോധത്തിലും സഹജീവനുകളുടെ കരുതലിലും അഭിമാനിക്കുന്നതായി അദ്ദേഹം പറഞ്ഞു.

Recent Articles

Related Articles

Special

Enable Notifications OK No thanks