29 C
Trivandrum
Wednesday, January 21, 2026

2025ലെ ഫോബ്സ് ശതകോടീശ്വര പട്ടിക: ഏറ്റവും സമ്പന്നനായ മലയാളിയായി എം.എ.യൂസഫലി

Follow the FOURTH PILLAR LIVE channel on WhatsApp 

    • ഇലോൺ മസ്ക് ലോക സമ്പന്നരിൽ ഒന്നാമൻ

    • മുകേഷ് അംബാനി ഏറ്റവും ധനികനായ ഇന്ത്യക്കാരൻ

ദുബായ്: ഫോബ്സിൻ്റെ ലോക ശതകോടീശ്വര പട്ടികയിൽ 34200 കോടി ഡോളർ ആസ്തിയുമായി ടെസ്‍ല, സ്പേസ് എക്സ്, എക്സ് മേധാവി ഇലോൺ മസ്ക് ലോക സമ്പന്നരിൽ ഒന്നാമത്. 9250 കോടി ഡോളർ ആസ്തിയുമായി മുകേഷ് അംബാനിയാണ് ഇന്ത്യക്കാരിൽ മുന്നിൽ. മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി ഒന്നാമനായി. 550 കോടി ഡോളറാണ് (47000 കോടിയോളം രൂപ) യൂസഫലിയുടെ ആസ്തി.

ലോകസമ്പന്ന പട്ടികയിൽ 18ാം സ്ഥാനത്താണ് മുകേഷ് അംബാനി. 5630 കോടി ഡോളർ ആസ്തിയോടെ ഗൗതം അദാനി, 3550 കോടി ഡോളർ ആസ്തിയോടെ ജിൻഡാൽ ഗ്രൂപ്പ് മേധാവി സാവിത്രി ജിൻഡാൽ, എച്ച്.സി.എൽ. സ്ഥാപകൻ ശിവ് നാടാർ (3450 കോടി ഡോളർ), സൺ ഫാർമ മേധാവി ദിലീപ് സാംഘ്വി തുടങ്ങിയവരാണ് ആദ്യ പട്ടികയിലുള്ള മറ്റ് ഇന്ത്യക്കാർ.

ഇന്ത്യക്കാരിൽ 32ാം സ്ഥാനത്താണ് എം.എ യൂസഫലി. ലോക സമ്പന്ന പട്ടികയിൽ 639ാം സ്ഥാനത്താണ് അദ്ദേഹം. ജെംസ് എജ്യുക്കേഷൻ മേധാവി സണ്ണി വർക്കി (390 കോടി ഡോളർ), ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ (380 കോടി ഡോളർ), ആർ.പി. ഗ്രൂപ്പ് മേധാവി രവി പിള്ള (370 കോടി ഡോളർ), ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് (330 കോടി ഡോളർ), കല്യാണ രാമൻ (310 കോടി ഡോളർ), ബുർജീൽ ഹോൾഡിങ്സിൻ്റെ സ്ഥാപകനും ചെയർമാനുമായ ഡോ.ഷംഷീർ വയലിൽ (200 കോടി ഡോളർ), ഇൻഫോസിസ് മുൻ സി.ഇ.ഒ. എസ്.ഡി.ഷിബുലാൽ (200 കോടി ഡോളർ), മുത്തൂറ്റ് ഫാമിലി (190 കോടി ഡോളർ), കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി (130 കോടി ഡോളർ ) എന്നിവരുമാണ് പട്ടികയിൽ ഇടം നേടിയ മറ്റ് മലയാളികൾ.

21600 കോടി ഡോളർ ആസ്തിയുമായി മെറ്റ മേധാവി മാർക്ക് സക്കർബർഗാണ് ലോകത്തെ സമ്പന്നരുടെ പട്ടികയിൽ മസ്കിനു പിന്നിൽ രണ്ടാം സ്ഥാനത്ത്. 21500 കോടി ഡോളർ ആസ്തിയുള്ള ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ പിന്തള്ളിയാണ് മാർക്ക് സക്കർബർഗ് രണ്ടാമതെത്തിയത്. ഓറക്കിളിൻ്റെ ലാറി എലിസൺ (19200 കോടി ഡോളർ), ഫ്രഞ്ച് ഫാഷൻ ബ്രാൻഡ് എൽ.വി.എം.എച്ചിൻ്റെ മേധാവി ബെർണാഡ് ആർണോയും കുടുംബവും (17800 കോടി ഡോളർ) എന്നിവരാണ് യഥാക്രമം 4, 5 സ്ഥാനങ്ങളിൽ.

Recent Articles

Related Articles

Special

Enable Notifications OK No thanks