29 C
Trivandrum
Sunday, April 20, 2025

വഖഫ് ഭേദഗതി ബിൽ ലോക്‌സഭ കടന്നു; 12 മണിക്കൂർ നീണ്ട ചർച്ച, 2 മണിക്കൂർ വോട്ടെടുപ്പ്

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡല്‍ഹി: ഒരു പകലും പകുതി രാത്രിയും നീണ്ട കടുത്ത രാഷ്ട്രീയപ്പോരിനൊടുവിൽ വഖഫ് ബിൽ ലോക്‌സഭ കടന്നു. പ്രതിപക്ഷത്തിൻ്റെ കടുത്ത എതിർപ്പിനിടെ വ്യാഴാഴ്ച പുലർച്ചെ 1.56ന് ലോക്സഭ പാസാക്കി. 288 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 232 പേർ എതിർത്തു. 520 പേരാണ് വോട്ട് ചെയ്തത്. സഭയിൽ ഹാജരായി വോട്ട് ചെയ്യുന്നവരുടെ 50 ശതമാനത്തിനു മുകളിൽ വോട്ട് ലഭിച്ചാൽ ബിൽ പാസാകും. അങ്ങനെ നോക്കുമ്പോൾ ബിൽ പാസാവാൻ 261 പേരുടെ ഭൂരിപക്ഷം മതിയായിരുന്നു.

ബിൽ വ്യവസ്ഥകൾ ഉയർത്തിയും ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള സമീപനം വിചാരണ ചെയ്തും ആരോപണ-പ്രത്യാരോപണങ്ങൾ ആയുധമാക്കിയും ഭരണ-പ്രതിപക്ഷങ്ങൾ പങ്കെടുത്ത തീപാറിയ വാക്‌യുദ്ധത്തിനുശേഷംമാണ് ബിൽ പാസാക്കിയത്. 8 മണിക്കൂറാണ് ചർച്ച നിശ്ചയിച്ചിരുന്നത്. എന്നാൽ ഉച്ചയ്ക്ക് 12.06ന് ആരംഭിച്ച ചർച്ച പുലർച്ചെ 1.56 വരെ നീണ്ടു.

അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ടി.ഡി.പി., ജെ.ഡി.യു., എൽ.ജെ.പി., ആർ.എൽ.ഡി. ഉൾപ്പെടെയുള്ള എൻ.ഡി.എ. ഘടകകക്ഷികൾ ബില്ലിനെ പിന്തുണച്ചു. ബിൽ വ്യാഴാഴ്ച രാജ്യസഭ പരിഗണിക്കും. രാജ്യസഭ കടന്നാൽ ബില്ലിന് പാർലമെൻ്റിൻ്റെ അംഗീകാരമാകും. തുടർന്ന് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കും.

ബില്ലിനെ പ്രതിപക്ഷ അംഗങ്ങൾ ഒറ്റക്കെട്ടായി എതിർത്തു. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ അവധിക്ക് അപേക്ഷ നൽകി മധുരയിലെത്തിയിരുന്ന സി.പി.എം. അംഗങ്ങൾ മടങ്ങിയെത്തി ചർച്ചയിലും വോട്ടെടുപ്പിലും പങ്കെടുത്ത് വിയോജിപ്പ് രേഖപ്പെടുത്തി. കേരളത്തിലെ മുനമ്പം വിഷയവും ചർച്ചയ്ക്കിടെ രൂക്ഷമായ വാക്കേറ്റത്തിന് ഇടയാക്കി. കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യനും സുരേഷ് ഗോപിയും കേരളത്തിൽനിന്നുള്ള മറ്റംഗങ്ങളും തമ്മിൽ 2 വട്ടം കൊമ്പുകോർത്തു.

1995ലെ വഖഫ് നിയമത്തിലാണ് ഭേദഗതി. ഓഗസ്റ്റിൽ ബിൽ അവതരിപ്പിച്ച ശേഷം സംയുക്ത പാർലമെൻ്ററി സമിതിയുടെ (ജെ.പി.സി.) പരിഗണനയ്ക്കു വിട്ടിരുന്നു. ജെപിസിയുടെ നിർദേശങ്ങൾ അനുസരിച്ച് പരിഷ്കരിച്ച ബിൽ ആണ് ലോക്സഭ പാസാക്കിയത്. കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജുവാണ് ബിൽ അവതരിപ്പിച്ചത്.

പുതിയ നിയമം പാസാകുന്നതോടെ മുനമ്പത്തെ താമസക്കാർക്ക് അവരുടെ ഭൂമി തിരികെ ലഭിക്കുമെന്നാണ് ബിൽ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജു അവകാശപ്പെട്ടത്. മുനമ്പത്തെ ജനങ്ങൾക്കു നീതി ലഭിക്കണമെന്നു തന്നെയാണു കേരളത്തിൽനിന്നുള്ള എല്ലാ ജനപ്രതിനിധികളുടെയും ആഗ്രഹമെന്നും എന്നാൽ അതിൻ്റെ പേരിൽ മതസ്വാതന്ത്ര്യം ഇല്ലാതാകുന്ന നീക്കങ്ങൾ പാടില്ലെന്നും കോൺഗ്രസിൽനിന്നു പ്രസംഗിച്ച കെ.സി.വേണുഗോപാൽ പറഞ്ഞു.

ബിൽ ഭരണഘടനയ്‌ക്കെതിരെയുള്ള ആക്രമണമാണെന്നും ന്യൂനപക്ഷങ്ങളെ ഉന്നമിട്ടുള്ളതാണെന്നും പ്രതിപക്ഷം ആരോപിച്ചു. മുസ്‍ലിങ്ങളുടെ മതകാര്യങ്ങളിലേക്കുള്ള കടന്നുകയറ്റമല്ലെന്നും സ്വത്ത് കൈകാര്യം ചെയ്യുന്നതിൽ മാത്രമാണ് ഇടപെടുന്നതെന്നും റിജിജു പറഞ്ഞു. ‘ഈ ബിൽ വന്നില്ലായിരുന്നെങ്കിൽ, പാർലമെൻ്റ് സമുച്ചയത്തിനു മേൽ വരെ വഖഫ് അവകാശവാദം ഉന്നയിക്കുമായിരുന്നു’– മന്ത്രി വാദിച്ചു.

പ്രതിപക്ഷഅംഗങ്ങൾ അവതരിപ്പിച്ച ഭേദഗതികളെല്ലാം തള്ളി. സംയുക്ത പാർലമെൻ്ററി സമിതി (ജെ.പി.സി.) നേരത്തേ ശുപാർശചെയ്ത 14 ഭേദഗതികൾ സർക്കാർ നിർദേശമായി ഉൾപ്പെടുത്തിയാണ് ബിൽ പാസാക്കിയത്. ആദിവാസിഭൂമിയും ചരിത്രസ്മാരകങ്ങളും വഖഫ് ഭൂമിയാക്കാൻ പാടില്ലെന്ന പുതിയ വ്യവസ്ഥകൾ കൂട്ടിച്ചേർത്തു. ജെ.പി.സി. റിപ്പോർട്ടിൽ ശുപാർശകളുണ്ടായിരുന്നെങ്കിലും ഒപ്പമുള്ള കരടുബില്ലിൽ ഇതുണ്ടായിരുന്നില്ല. മന്ത്രി റിജിജു ഔദ്യോഗിക ഭേദഗതിയായിട്ടാണ് ഇവ കൊണ്ടുവന്നത്.

Recent Articles

Related Articles

Special

Enable Notifications OK No thanks