Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: കേരളത്തിൻ്റെ ഐ.ടി. മേഖലയുമായി സഹകരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് ഉന്നതതല ക്യൂബന്‍ പ്രതിനിധി സംഘം. ഇന്ത്യയിലെ ക്യൂബന്‍ റിപ്പബ്ലിക് എംബസിയുടെ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷന്‍ ആബേല്‍ അബല്ലെ, ഹവാന ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐ.ടി. കമ്പനിയായ എക്സ്.ഇ.ടി.ഐ.ഡിയുടെ ബിസിനസ് ഡയറക്ടര്‍ സൗമല്‍ തെജേദ ഡയസ്, എക്സ്.ഇ.ടി.ഐ.ഡിയുടെ ജനറല്‍ ഡയറക്ടര്‍ ഏഞ്ചല്‍ ഓസ്കാര്‍ പിനോ ഹെര്‍ണാണ്ടസ് എന്നിവരുള്‍പ്പെടുന്ന പ്രതിനിധി സംഘമാണ് ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചത്.
ഫോക്സ്ഡെയില്‍ വികസിപ്പിച്ച ഡോക്ടർ കണക്റ്റ്, ഡൂബിസ് പ്ലാറ്റ് ഫോം വെബ് ആപ്ലിക്കേഷനുകളുമായി ബന്ധപ്പെട്ട് ആരോഗ്യ സംരക്ഷണ, ബിസിനസ് സാങ്കേതികവിദ്യാ മേഖലകളില്‍ സഹകരിക്കുന്നതിനുള്ള ചര്‍ച്ചകളിലാണ് സംഘം ശ്രദ്ധ കേന്ദ്രീകരിച്ചത്. ക്യൂബയില്‍ പരിശീലന, കപ്പാസിറ്റി ബിള്‍ഡിങ് കേന്ദ്രങ്ങള്‍ വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായി ക്യൂബന്‍ പ്രതിനിധി ആബേല്‍ അബല്ലെ പറഞ്ഞു. അതില്‍ ടെക്നോപാര്‍ക്ക് മാതൃക പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഐ.ടി. മേഖലയ്ക്ക് ശക്തമായ അടിത്തറയുണ്ടെന്നും ശരിയായ ദിശയില്‍ വളരുകയാണെന്നും എക്സ്.ഇ.ടി.ഐ.ഡിയുടെ ജനറല്‍ ഡയറക്ടര്‍ ഏഞ്ചല്‍ ഓസ്കാര്‍ പിനോ ഹെര്‍ണാണ്ടസ് പറഞ്ഞു. ക്യൂബയിലെ സാങ്കേതികവിദ്യാധിഷ്ഠിത ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് ടെക്നോപാര്‍ക്കുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നു. ഫോക്സ്ഡെയ്ലുമായുള്ള പങ്കാളിത്തത്തിലൂടെ അതിന് തുടക്കമിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചര്‍ച്ചയില്‍ ടെക്നോപാര്‍ക്ക് സി.ഇ.ഒ. സഞ്ജീവ് നായർ, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വസന്ത് വരദ ,ഫോക്സ്ഡെയ്ല്‍ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ജി.എന്‍.പത്മകുമാർ എന്നിവരും പങ്കെടുത്തു.