29 C
Trivandrum
Thursday, April 3, 2025

കേരളത്തിൽ 2 വ്യവസായ ക്ലസ്റ്ററുകൾ കൂടി വരുന്നു

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഉത്‌പാദനക്ഷമത വർധിപ്പിക്കുന്നതിനായി സംസ്ഥാനത്ത് 2 വ്യവസായ ക്ളസ്റ്ററുകൾ കൂടി സ്ഥാപിക്കും. കോട്ടയത്ത് ഫർണിച്ചർ വ്യവസായത്തിനുള്ള ക്ളസ്റ്ററും കണ്ണൂരിൽ ജനറൽ എൻജിനീയറിങ് വ്യവസായത്തിനുള്ള ക്ളസ്റ്ററുമാണ് തുടങ്ങുന്നത്. പുതിയ ഒരുക്ലസ്റ്റർ സ്ഥാപിക്കുന്നതിന് 15 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്.

കേന്ദ്രസർക്കാരിൻ്റെ മൈക്രോ ആൻഡ് സ്മോൾ എൻ്റർപ്രൈസസ്-ക്ലസ്റ്റർ ഡിവലപ്മെൻ്റ് പദ്ധതി (എം.എസ്.ഇ.-സി.ഡി.പി.) പ്രകാരമാണ് വ്യവസായ ക്ളസ്റ്ററുകൾ സ്ഥാപിക്കുന്നത്. സംസ്ഥാന വാണിജ്യ, വ്യവസായ വകുപ്പിൻ്റെ സഹായത്തോടെ കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രമോഷനാണ്‌ (കെ-ബിപ്) പദ്ധതി നടപ്പാക്കുന്നത്. ഒരേതരം പ്രവർത്തനങ്ങൾ നടത്തുന്ന വ്യവസായ സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് അവർക്കാവശ്യമായ പൊതുസേവന കേന്ദ്രങ്ങൾ സ്ഥാപിക്കുകയെന്നതാണ് വ്യവസായ ക്ളസ്റ്റർ കൊണ്ട്‌ പ്രധാനമായും ഉദ്ദേശിക്കുന്നത്.

അസംസ്കൃതവസ്തുക്കൾ, ബാങ്ക് വായ്പ തുടങ്ങിയവ ലഭ്യമാക്കുക, കനത്ത മുതൽമുടക്ക് വേണ്ടിവരുന്നതും എന്നാൽ പൊതുവായി ഉപയോഗിക്കാൻ കഴിയുന്നതുമായ യന്ത്രസാമഗ്രികൾ സ്ഥാപിക്കുക, ഉത്പന്നത്തിൻ്റെ വ്യാപാരം സുഗമമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുക എന്നിവയാണ് ക്ലസ്റ്റർ വികസന പദ്ധതിവഴി ലഭ്യമാകുന്ന പ്രധാന നേട്ടങ്ങൾ.

എം.എസ്.ഇ.-സി.ഡി.പി. പദ്ധതിയുടെ ഭാഗമായി നിലവിൽ കേരളത്തിൽ 12 വ്യവസായ ക്ലസ്റ്ററുകൾ പ്രവർത്തിക്കുന്നുണ്ട്. 4 ക്ളസ്റ്ററുകളുടെ പണി പൂർത്തിയായിവരുന്നു. കോഴിക്കോട്ട് തടി ഫർണിച്ചർ ക്ളസ്റ്ററും എറണാകുളത്ത് പ്ലൈവുഡിൻ്റെ ക്ലസ്റ്ററും സ്റ്റീൽ ഫർണിച്ചർ ക്ളസ്റ്ററും തിരുവനന്തപുരത്ത് പപ്പടം ക്ളസ്റ്ററും താമസിയാതെ കമ്മിഷൻ ചെയ്യും. ഈ 4 ക്ലസ്റ്ററുകൾക്കുമായി ആകെ 50 കോടി രൂപയാണ് ചെലവ്. ഇതിനുപുറമേയാണ് രണ്ടെണ്ണംകൂടി അനുവദിച്ചത്.

ചെലവിൻ്റെ 80 ശതമാനം കേന്ദ്രവും 15 ശതമാനം സംസ്ഥാനവും വഹിക്കും. ബാക്കി 5 ശതമാനം ക്ലസ്റ്ററുകൾക്കു കീഴിൽ പ്രവർത്തിക്കുന്ന യൂണിറ്റുകൾ വഹിക്കണം. ഒരുക്ലസ്റ്ററിനുകീഴിൽ പ്രവർത്തിക്കാൻ കുറഞ്ഞത് 20 എം.എസ്.എം.ഇ. യൂണിറ്റുകളെങ്കിലും ആവശ്യമാണ്.

Recent Articles

Related Articles

Special

Enable Notifications OK No thanks