Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: കളമശ്ശേരി പോളിടെക്നിക്കിലെ വൻ കഞ്ചാവ് വേട്ടയിലെ പ്രധാന കണ്ണികൾ പിടിയിൽ. പൂർവ്വ വിദ്യാർത്ഥികളായ കെ.എസ്.യു. നേതാക്കൾ ആഷിഖ്, ഷാരിൽ എന്നിവരാണ് പിടിയിലായത്. ഇതിൽ ഷാരിൽ കെ.എസ്.യു. യൂണിറ്റ് സെക്രട്ടറി കൂടിയായിരുന്നു. ഇരുവരും കഴിഞ്ഞ വർഷം കാമ്പസ്സിൽ നിന്നു പഠിച്ചിറങ്ങിയവരാണ്. കഞ്ചാവ് എത്തിച്ചത് ആഷിഖ് എന്നാണ് പൊലീസ് നിഗമനം.
പോളിടെക്നിക് ലഹരി കേസിൽ നിർണായകമായത് പ്രിൻസിപ്പൽ പൊലീസിന് നൽകിയ കത്ത്. ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് ക്യാമ്പസിൽ ലഹരി ഇടപാട് നടക്കുമെന്ന് സൂചന നൽകി പ്രിൻസിപ്പൽ മാർച്ച് 12ന് പൊലീസിന് കത്ത് നൽകിയിരുന്നു. ലഹരിക്കായി പണപ്പിരിവ് നടത്തുന്നുണ്ടെന്ന സംശയവും കത്തിൽ അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ക്യാമ്പസിൽ പൊലീസ് റെയ്ഡ് നടത്തിയത്. ഹോസ്റ്റലിൽ പരിശോധന നടന്ന് മണിക്കൂറുകൾക്കകമാണ് പ്രധാന കണ്ണികളെ പൊലീസ് പിടികൂടിയത്.
കത്തിന്‍റെ പൂർണരൂപം
സർ,
ഈ സ്ഥാപനത്തിലെ വിദ്യാർത്ഥികൾ 14-03-2025 തിയതിയിൽ ഉച്ച മുതൽ ഹോളി ആഘോഷിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരി പദാർത്ഥങ്ങളുടെയും അനിയന്ത്രിതമായ ഉപയോഗം അന്നേ ദിവസം ഉണ്ടാകും എന്ന് വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ ഈ ആവശ്യത്തിലേക്കായി പണപ്പിരിവ് നടത്തുന്നതായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈ അവസരത്തിൽ കാമ്പസിനുള്ളിൽ പൊലീസിന്റെ സാന്നിധ്യം ഉണ്ടാകണമെന്നും നിരീക്ഷണം കൂടുതൽ ശക്തമാക്കണമെന്നും, കാമ്പസിന് പുറത്തും, ഹോസ്റ്റൽ കേന്ദ്രീകരിച്ചും ലഹരി ഉപയോഗത്തിനെതിരെ സമുചിതമായ ഇടപെടൽ ഉണ്ടാകണമെന്നും അപേക്ഷിക്കുന്നു.