Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് കണക്ഷനായ കെ-ഫോണിന് സംസ്ഥാനത്താകെ 75,810 ഉപയോക്താക്കൾ. വീടുകളിലും സ്വകാര്യ സ്ഥാപനങ്ങളിലുമുള്‍പ്പെടെ കേരളത്തിലാകെ 52,463 ഹോം (വാണിജ്യ)കണക്ഷനുകളാണുള്ളത്. 23,347 സര്‍ക്കാര്‍ ഓഫീസുകളിലാണ് ഇതുവരെ കണക്ഷന്‍ നല്‍കിയത്.
കെ-ഫോൺ ഉപയോക്താക്കളിൽ 26,966 പേരും മലബാറിലാണ്. അതിൽത്തന്നെ മലപ്പുറമാണ് സംസ്ഥാനത്ത് ഏറ്റവും മുന്നില്‍. മലപ്പുറം ജില്ലയില്‍മാത്രം 11,894 ഹോം കണക്ഷനുകളുണ്ട്. സര്‍ക്കാര്‍ ഓഫീസുകളിലെ കണക്ഷന്‍കൂടി പരിഗണിക്കുമ്പോള്‍ മലബാര്‍ മറ്റു ജില്ലകളിലെക്കാള്‍ ബഹുദൂരം മുന്നിലാവും.
ഈ വര്‍ഷം അവസാനമാവുന്നതോടെ കണക്ഷനുകളുടെ എണ്ണം 3 ലക്ഷം കടക്കുകയാണ് കെ-ഫോണിൻ്റെ ലക്ഷ്യം. 2024 മാര്‍ച്ചിലാണ് ഹോം കണക്ഷന്‍ നല്‍കാന്‍ ആരംഭിച്ചത്. 1 വര്‍ഷം തികയുന്നതിനുമുന്‍പ് തന്നെ കാര്യമായ നേട്ടമുണ്ടാക്കാന്‍കഴിഞ്ഞു.
കേരളത്തിലുടനീളം 40 ലക്ഷത്തോളം ഇന്റര്‍നെറ്റ് കണക്ഷനുകള്‍ നല്‍കാന്‍പറ്റുന്ന അടിസ്ഥാനസൗകര്യങ്ങള്‍ കെ-ഫോണ്‍ സജ്ജീകരിച്ചിട്ടുണ്ട്. പലയിടത്തും റോഡുകളുടെ നിര്‍മാണപ്രവൃത്തി നടക്കുന്നത് കണക്ഷന്‍ നല്‍കാന്‍ തടസ്സമാവുന്നുണ്ട്. 3,693 ലോക്കല്‍ നെറ്റ്വർക്ക് ഓപ്പറേറ്റര്‍മാരാണ് നിലവില്‍ കെ-ഫോണ്‍ കണക്ഷന്‍ വീടുകളിലേക്ക് ലഭ്യമാക്കാനായി പ്രവര്‍ത്തിക്കുന്നത്.
കേരളത്തിലെ 4,600 ആദിവാസി ഉന്നതികളിലും ഇങ്ങനെ സൗജന്യമായി കണക്ഷന്‍ എത്തിക്കുകയും കെ-ഫോണിൻ്റെ ലക്ഷ്യമാണ്. പാലക്കാട് അട്ടപ്പാടി, വയനാട് കണിയാന്പറ്റയിലെ പന്തലാടിക്കുന്ന്, തിരുവനന്തപുരം കോട്ടൂര്‍ എന്നിവിടങ്ങളിലെ ആദിവാസി കോളനികളിലും വനഗ്രാമങ്ങളിലുമായി 500ഓളം കണക്ഷനുകള്‍ സി.എസ്.ആര്‍. ഫണ്ടിന്റെ സഹായത്തോടെ കെ-ഫോണ്‍ സൗജന്യമായി നല്‍കിയിട്ടുണ്ട്.
കെ-ഫോണിൻ്റെ https://kfon.kerala.gov.in വെബ്സൈറ്റിലൂടെയാണ് കൂടുതൽ പേരും കണക്ഷൻ എടുക്കുന്നത്. വെബ്സൈറ്റില്‍ വിവരങ്ങള്‍ നല്‍കിയാല്‍ കെ-ഫോണ്‍ അധികൃതര്‍ ബന്ധപ്പെടും. പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും കെ-ഫോണ്‍ മൊബൈല്‍ ആപ്ലിക്കേഷനുമുണ്ട്. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കേബിള്‍ ടി.വി. ഓപ്പറേറ്റര്‍മാര്‍ വഴിയും കണക്ഷന്‍ നേടാനാവും.
































