29 C
Trivandrum
Wednesday, March 12, 2025

മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെച്ചു

Follow the FOURTH PILLAR LIVE channel on WhatsApp 

ഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ് രാജിവെച്ചു. മണിപ്പൂർ കലാപത്തിൻ്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച സഭയിൽ കോൺഗ്രസ് അവിശ്വാസപ്രമേയം സമർപ്പിക്കാനിരിക്കെയാണ് രാജി. കലാപം തുടങ്ങി 2 വർഷത്തിന് ശേഷമാണ് രാജി. രാജിക്കത്ത് ഗവർണർ അജയ് ഭല്ലയ്ക്ക് കൈമാറി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് രാജി പ്രഖ്യാപനം.

നേരത്തേ കോൺ​റാഡ് സിങ് സാങ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടി (എൻ.പി.പി.) ബിരേൻ സിങ് സർക്കാരിനുള്ള പിന്തുണപിൻവലിച്ചിരുന്നു. കലാപം നടക്കുന്ന സംസ്ഥാനത്തെ ക്രമസമാധാനം പൂർവസ്ഥിതിയിലാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

എന്നാൽ, എൻ.പി.പി. പിന്തുണ പിൻവലിച്ചത് സർക്കാരിനെ ബാധിക്കുമായിരുന്നില്ല. 7 എം.എൽ.എമാരാണ് എൻ.പി.പിക്കുള്ളത്. 37 ബി.ജെ.പി. എം.എൽ.എമാരുടെ പിന്തുണയും നാഗാ പീപ്പിൾസ് ഫ്രണ്ടിൻ്റെ (എൻ.പി.എഫ്.) 5 എം.എൽ.എമാരും 3 സ്വതന്ത്രരുടെ പിന്തുണയും ബിരേൻ സിങ് സർക്കാരിനുണ്ടായിരുന്നു. എന്നാൽ 12ഓളം എം.എൽ.എമാർ നേതൃമാറ്റത്തിനായി മുന്നോട്ടുവന്നത് സർക്കാരിനെ സംബന്ധിച്ച് നിർണായകമായി. സ്പീക്കറും മുഖ്യമന്ത്രിയും തമ്മിൽ ഭിന്നതയുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

വിശ്വാസവോട്ടെടുപ്പിൻ്റെ സാഹചര്യത്തിൽ ഈ എം.എൽ.എമാർ പാർട്ടിക്കെതിരായ നിലപാട് സ്വീകരിച്ചാൽ സർക്കാർ പ്രതിസന്ധിയിലാകുമായിരുന്നു. ഡല്‍ഹി തിരഞ്ഞെടുപ്പ് വിജയത്തില്‍ പാര്‍ട്ടി തിളങ്ങി നില്‍ക്കവേ മണിപ്പൂരില്‍ അവിശ്വാസ പ്രമേയം പാസായാല്‍ അത് തിരിച്ചടിയാവുമെന്ന് കണ്ടാണ് ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന്‍റെ പൊടുന്നനേയുള്ള തീരുമാനം.

Recent Articles

Related Articles

Special

Enable Notifications OK No thanks