Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാർട്ടിയുടെ ആധിപത്യത്തിന് പൂർണ്ണവിരാമം. പാർട്ടിയിലെ ഒന്നാമൻ അരവിന്ദ് കേജ്രിവാളും രണ്ടാമൻ മനീഷ് സിസോദിയയും തോറ്റു തുന്നംപാടി. ‘ഇടക്കാല’ മുഖ്യമന്ത്രി അതിഷി മർലേനയ്ക്ക് സസ്‌പെന്‍സ് ത്രില്ലറിനൊടുവില്‍ ലഭിച്ച വിജയം അവർക്ക് ആശ്വാസം പകർന്നില്ല.
പാർട്ടിയുടെ മുഖമായ കേജ്രിവാള്‍ കൂടി തോറ്റതോടെയാണ് എ.എ.പിയുടെ പതനം പൂര്‍ണമായത്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബി.ജെ.പിയുടെ പര്‍വേശ് സാഹിബ് സിങ്ങിനോടാണ് കേജ്രിവാള്‍ പരാജയപ്പെട്ടത്. 4,089 വോട്ടിനായിരുന്നു കേജ്രിവാളിൻ്റെ തോല്‍വി. കേജ്രിവാള്‍ 25,999 വോട്ട് നേടിയപ്പോള്‍ പര്‍വേശ് 30,088 വോട്ടും നേടി. ഡൽഹി മുൻ മുഖ്യമന്ത്രി സാഹിബ് സിങ് വർമയുടെ മകനാണ് പർവേശ്. മൂന്നാമതെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ഷീലാ ദീക്ഷിതിന്റെ മകനുമായ സന്ദീപ് ദീക്ഷിത് നേടിയ 4568 വോട്ടും കേജ്രിവാളിന്റെ പരാജയത്തില്‍ നിര്‍ണായകമായി. 2013ല്‍ ഷീലാ ദീക്ഷിതിനെ തോല്‍പിച്ച കേജ്രിവാളാണ് അവരുടെ രാഷ്ട്രീയ ജീവിതത്തിന് വിരാമമിട്ടത്. അങ്ങനെ നോക്കുമ്പോൾ, സന്ദീപിൻ്റേത് മധുരപ്രതികാരമാണ്.
മുൻ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടിയിലെ രണ്ടാമനുമായ മനീഷ് സിസോദിയ സൗത്ത് ഡൽഹിയിലെ ജംഗ്പുര മണ്ഡലത്തിലാണ് പരാജയപ്പെട്ടത്. ബി.ജെ.പിയുടെ തര്‍വീന്ദര്‍ സിങ് മർവ 675 വോട്ടുകൾക്ക് സിസോദിയയെ തോൽപിച്ചു. മനീഷ് സിസോദിയ 38,184 വോട്ട് നേടിയപ്പോള്‍ തര്‍വീന്ദര്‍ 38,859 വോട്ടാണ് നേടിയത്. കോൺഗ്രസിൻ്റെ ഫർഹദ് സൂരി 7,350 വോട്ട് പിടിച്ചു. കിഴക്കൻ ഡൽഹിയിലെ പട്പർഗഞ്ച് മണ്ഡലത്തിൽ നിന്നു തുടർച്ചയായി 3 തവണ വിജയിച്ചതിനുശേഷമാണ് സിസോദിയ ഇക്കുറി ജംഗ്പൂര മണ്ഡലത്തിൽ ഭാഗ്യം പരീക്ഷിച്ചത്. ജംഗ്പുര മണ്ഡലം പരമ്പരാഗതമായി എ.എ.പിയുടെയും ബി.ജെ.പി.യുടെയും പോരാട്ടമണ്ഡലമാണ്. 2015 മുതൽ ഇവിടെ എ.എ.പിയാണ് ജയിക്കുന്നത്.
കേജ്രിവാൾ മുഖ്യമന്ത്രി പദമൊഴിഞ്ഞപ്പോൾ ആ സ്ഥാനമേറ്റെടുത്ത അതിഷിക്ക് ദക്ഷിണ ഡൽഹിയിൽ കൽക്കാജി മണ്ഡലം നിലനിർത്താൻ അവസാന നിമിഷം വരെ പൊരുതേണ്ടി വന്നു. ബി.ജെ.പിയുടെ രമേഷ് ബിദൂരിയയെയാണ് 3,521 വോട്ടുകൾക്ക് അവർ തോല്പിച്ചത്. മുഖ്യമന്ത്രിയാകാന്‍ സാധ്യതയുണ്ടായിരുന്ന മുന്‍ എം.പി. ബിദൂരിയയ്‌ക്കെതിരെ കടുത്ത വെല്ലുവിളിക്കൊടുവിലാണ് അവസാന റൗണ്ടില്‍ മുന്നിലെത്തി അതിഷി വിജയം പിടിച്ചെടുത്തത്. അവസാന 2 റൗണ്ട് എണ്ണാന്‍ തുടങ്ങുമ്പോള്‍ 200 ഓളം വോട്ടുകള്‍ക്ക് അതിഷി പിന്നിലായിരുന്നു. അതിഷി 52,154 വോട്ടുകള്‍ നേടിയപ്പോൾ ബിദൂരിയ പിടിച്ചത് 48,633 വോട്ടാണ്. അതിഷിക്കെതിരെ കോണ്‍ഗ്രസ് രംഗത്തിറക്കിയ അല്‍ക്ക ലാംബയ്ക്ക് 4,392 വോട്ടുകള്‍ മാത്രമാണ് നേടാനായത്. 2020ൽ അതിഷി ഈ മണ്ഡലത്തിൽ നിന്നു ജയിച്ചത് 11,422 വോട്ടുകൾക്കാണ് എന്നറിയുമ്പോഴാണ് ഇക്കുറി മത്സരം എത്ര കനത്തതായിരുന്നു എന്നു ബോദ്ധ്യപ്പെടുക.
മദ്യനയ അഴിമതി കേസിൽ ജയില്‍ മോചിതനായ കേജ്രിവാൾ നാടകീയമായി രാജി പ്രഖ്യാപിച്ചതോടെയാണ് അതിഷി ഡല്‍ഹിയുടെ മുഖ്യമന്ത്രിയായത്. 140 ദിവസങ്ങള്‍ അവര്‍ ഡല്‍ഹിയെ നയിച്ചു.