29 C
Trivandrum
Friday, May 9, 2025

പുലിയല്ല, പരുന്താണ് പ്രശ്നം; ഒതുക്കാൻ നടത്തിയ ശ്രമം പ്രശ്നം ഇരട്ടിയാക്കി

Follow the FOURTH PILLAR LIVE channel on WhatsApp 

കാസറഗോഡ്: വയനാട്ടിലെ വന്യമൃഗശല്യം ദേശീയ തലത്തിൽ തന്നെ ചർച്ചാവിഷയമാണ്. പുലിയാണ് അവിടെ പ്രധാന പ്രശ്നം. നീലേശ്വരത്തുകാരും ഇപ്പോൾ സമാനമായൊരു പ്രശ്നം നേരിടുകയാണ്. ഇവിടെ പുലിയല്ല, കൃഷ്ണപ്പരുന്താണ് പ്രശ്നക്കാരൻ. ഒരു പരുന്തായിരുന്നു ആദ്യം പ്രശ്നമുണ്ടാക്കിയത്. അതിനെ ഒതുക്കാൻ നടത്തിയ ശ്രമം ഇപ്പോൾ 2 പരുന്തുകളുടെ വരവിൽ കലാശിച്ചിരിക്കുകയാണ്.

നീലേശ്വരം എസ്.എസ്. കലാമന്ദിർ റോഡിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിനു മുന്നിലും സമീപത്താണ് മാസങ്ങളായി പരുന്തിന്റെ വാസം. വഴിയാത്രക്കാരെയും പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തുന്നവരെയും ആക്രമിക്കാൻ തുടങ്ങിയതോടെ പ്രശ്നമായി. നഗരസഭാ കൗൺസിലർ ഇ.ഷജീറിൻ്റെ നേതൃത്വത്തിൽ പരിഹാരമുണ്ടാക്കാനുള്ള ശ്രമം തുടങ്ങി. മറ്റെല്ലായിടത്തുമെന്നപോലെ അതും ചെന്നെത്തിയത് വനം വകുപ്പിൽ തന്നെ.

ജനുവരി 26ന് കൃഷ്ണപ്പരുന്തിനെ വനപാലകർ കെണിവെച്ചു പിടിച്ച് കാഞ്ഞങ്ങാട് റെയ്ഞ്ച് ഓഫീസിൽ എത്തിച്ചു. പിന്നീട് അതിനെ കർണാടക അതിർത്തിയിലെ കോട്ടഞ്ചേരി വനത്തിൽ തുറന്നുവിട്ടു. പ്രശ്നം തീർന്നുവെന്ന സമാധാനത്തിലായിരുന്നു നാട്ടുകാർ. എന്നാൽ, കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോൾ കൃഷ്ണപ്പരുന്ത് നീലേശ്വരത്ത് തിരിച്ചെത്തി. മറ്റൊരു പരുന്തിനെയും ഒപ്പം കൂടിയായിരുന്നു വരവ്. നാട്ടുകാർക്ക് കൂനിന്മേൽ കുരു വന്നതു പോലുള്ള അവസ്ഥ.

ആരോഗ്യകേന്ദ്രത്തിന് സമീപത്തെ വീട്ടിലെ പദ്‌മിനിയെ തിങ്കളാഴ്ച രാവിലെ പരുന്ത് ആക്രമിച്ചു. നീലേശ്വരംകാർ ഈ പരുന്തുജോഡിയെ ഭയന്നാണ് ഇപ്പോൾ പുറത്തിറങ്ങുന്നത്. പ്രശ്നത്തിന് എങ്ങനെ പരിഹാരം കണ്ടെത്താനാവും എന്നു തലപുകയ്ക്കുകയാണ് ജനപ്രതിനിധികളും വനപാലകരും.

കൃഷ്ണപ്പരുന്തിനെ പിടിച്ച് ദൂരെക്കൊണ്ടുപോയി പറത്തിവിട്ടാലും അത് തൻ്റെ കേന്ദ്രത്തിൽ തിരിച്ചെത്തും എന്നാണ് ഇതുവരെയുള്ള അനുഭവം. കുറച്ചുനാളുകൾക്കു മുമ്പ് കോട്ടയത്തെ വാഴൂരിൽ നിന്ന് സമാനമായൊരു വാർത്ത വന്നിരുന്നു. 5 വട്ടം വനത്തിൽക്കൊണ്ടു വിട്ടിട്ടും തിരിച്ചെത്തിയ ആ കൃഷ്ണപ്പരുന്ത് പക്ഷേ, നിലേശ്വരത്തേതു പോലെ ആക്രമണകാരിയായിരുന്നില്ല.

വാഴൂരിലെ ഒരു വീട്ടുകാരാണ് മുറ്റത്തു കൃഷ്ണപ്പരുന്ത് എത്തിയ വിവരം എരുമേലി ഫോറസ്റ്റ് സ്റ്റേഷനിൽ അറിയിച്ചത്. തുടർന്നു വനപാലക സംഘം വാഴൂരിലെത്തി പരുന്തിനെ വനംവകുപ്പ് ഓഫിസിലെത്തിച്ചു. അടുത്ത ദിവസം പൊന്തൻപുഴ വനത്തിൽ കൊണ്ടു പോയി പറത്തി വിട്ടെങ്കിലും 2 ദിവസം കഴിഞ്ഞപ്പോൾ പരുന്ത് കരഞ്ഞു മടങ്ങിയെത്തി. മറ്റു പക്ഷികൾ അക്രമിക്കാതിരിക്കാൻ അതിനെ വനപാലകർ കൂട്ടിനുള്ളിലാക്കി. പിന്നീടു പലവട്ടം വനത്തിലേക്ക് അയച്ചെങ്കിലും പരുന്ത് വീണ്ടും മടങ്ങിയെത്തി.

എരുമേലി ഫോറസ്റ്റ് സ്റ്റേഷനിലെ കൃഷ്ണപ്പരുന്ത് വാച്ചർ അജേഷിനൊപ്പം

ആ കൃഷ്ണപ്പരുന്ത് ഫോറസ്റ്റ് സ്റ്റേഷനിൽ സ്ഥിരതാമസമാക്കി. ചങ്ങാത്തം കൂടിക്കൂടി വനപാലകരെ കണ്ടില്ലെങ്കിൽ നിർത്താതെ കരയുന്ന അവസ്ഥയുമുണ്ടായിരുന്നു. വാച്ചർ അജേഷിനെയാണ് തല്ക്കാലം പരിപാന ചുമതല ഏല്പിച്ചിരുന്നത്. അജേഷിന്റെ ചുമലിലും കൈയിലുമൊക്കെ വന്നിരിക്കുമായിരുന്നു. ആ പരുന്ത് മനുഷ്യരുമായി ഇണങ്ങിയതിനാൽ പ്രശ്നമുണ്ടായില്ല. എന്നാൽ, നീലേശ്വരത്തെ സ്ഥിതി വ്യത്യസ്തമായതിനാൽ പ്രശ്നം കീറാമുട്ടിയായി നിലനില്ക്കുന്നു.

Recent Articles

Related Articles

Special

Enable Notifications OK No thanks