ന്യൂഡൽഹി: കേന്ദ്രമന്ത്രി ജോർജ് കുര്യന് പിന്നാലെ കേരളത്തെ പരിഹസിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും രംഗത്ത്. കേരളം നിലവിളിക്കുകയല്ല വേണ്ടത്, കിട്ടുന്ന ഫണ്ട് ഉപയോഗിക്കുകയാണ് വേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തിന് എന്ത് വേണമെന്ന് പുലമ്പിയിട്ട് കാര്യമില്ലെന്നും ജോൺ ബ്രിട്ടാസ് എം.പി. ജനങ്ങളെ പറ്റിക്കാൻ നോക്കുകയാണെന്നും സുരേഷ് ഗോപി ആരോപിച്ചു.
Follow the FOURTH PILLAR LIVE channel on WhatsApp
“ബജറ്റ് പൂർണമായും തൃപ്തികരമാണ്. പോരായ്മകൾ ഉണ്ടെങ്കിൽ അതിൻ്റെ വലിയ തിരുത്തൽ ബജറ്റിൽ ഉണ്ടായി. താഴെത്തട്ടിനെ മാത്രമല്ല ബജറ്റ് പരിഗണിക്കേണ്ടത്, എല്ലാവർക്കും അവകാശപ്പെട്ടതാണ്. മധ്യവർഗ്ഗത്തിന് ഒരു കാലത്തും പരിഗണന ലഭിക്കാറില്ല. നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് ജനങ്ങൾക്ക് വേണ്ടിയുള്ളതായിരുന്നു. ജോൺ ബ്രിട്ടാസ് രാജ്യസഭയെ തെറ്റിദ്ധരിപ്പിക്കുകയാണ്” -സുരേഷ് ഗോപി പറഞ്ഞു.
ഇതിനിടെ മറ്റൊരു വിവാദ പ്രസ്താവനയും സുരേഷ് ഗോപി നടത്തി. ഒരു ട്രൈബൽ മന്ത്രിയാകണം എന്നത് തൻ്റെ ആഗ്രഹമാണെന്നും, ഉന്നത കുലത്തിൽ ഒരാൾ ട്രൈബൽ മന്ത്രിയാകണമെന്നും സുരേഷ് ഗോപി പറഞ്ഞു. ടൂറിസത്തിന് നിരവധി പദ്ധതികൾ കേരളത്തിന് നൽകിയിട്ടുണ്ട്, സാംസ്കാരിക രംഗത്തിനും വേണ്ടി താൻ ശബ്ദമുയർത്തുന്നുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.