29 C
Trivandrum
Wednesday, February 5, 2025

‘ഉന്നതകുല ജാതർ’ പ്രസ്താവന പിൻവലിച്ച് സുരേഷ് ഗോപി; എയിംസിന് പരിഗണന ആലപ്പുഴയ്ക്ക്‌

ന്യൂഡല്‍ഹി: ആദിവാസി വകുപ്പ് ഉന്നതകുലജാതര്‍ ഭരിച്ചാലേ പുരോഗതിയുണ്ടാകൂവെന്ന പ്രസ്താവന പിന്‍വലിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തന്റെ പ്രസ്താവനയും വിശദീകരണവും ഇഷ്ടപ്പെട്ടില്ലെങ്കില്‍ പിന്‍വലിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. വേര്‍തിരിവ് അകറ്റണമെന്ന് മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.

Follow the FOURTH PILLAR LIVE channel on WhatsApp 

കേരളത്തില്‍ എയിംസ് വരുമെന്നും സുരേഷ് ഗോപി പറഞ്ഞു. എയിംസിന് പരിഗണന ലഭിക്കുകയാണെങ്കില്‍ അത് ആലപ്പുഴയിലായിരിക്കും. ഇക്കാര്യം കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ എയിംസ് വരും, ഏറ്റവും പിന്നാക്കാവസ്ഥയില്‍നില്‍ക്കുന്ന ഒരു പ്രത്യേക രാഷ്ട്രീയത്തിന്റെ ഇടപെടല്‍മൂലം നാശത്തിലേക്ക് കൂപ്പുകുത്തിയ പ്രദേശമാണ് ആലപ്പുഴ ജില്ല. എയിംസ് വരണമെങ്കില്‍ ഞാന്‍ ആഗ്രഹിക്കുന്നത് ആലപ്പുഴയിലാണ്. തൃശ്ശൂരില്‍ വരണമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. എയിംസ് എന്ന പരിഗണന കേരളത്തിന് ലഭിക്കുകയാണെങ്കില്‍ ആലപ്പുഴയില്‍ വരണം. കേരളത്തിന് എയിംസ് കിട്ടുകയാണെങ്കില്‍ അത് ആലപ്പുഴയ്ക്ക് നല്‍കണമെന്ന് 2015ല്‍ ജെ.പി.നഡ്ഡയെ കണ്ട് അപേക്ഷിച്ച ആളാണ് ഞാന്‍. 2016ല്‍ രാജ്യസഭയിലെത്തിയതിന് ശേഷവും ആലപ്പുഴയ്ക്ക് വേണ്ടി വാദിക്കുന്നയാളാണ്. അന്നു മുതല്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ആലപ്പുഴയുടെ പേരും ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ, ഇന്നുവരെ ലിസ്റ്റില്‍ വന്നിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

ഡല്‍ഹി മയൂര്‍വിഹാറില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലായിരുന്നു സുരേഷ് ഗോപിയുടെ വിവാദപരാമര്‍ശം. ഉന്നതകുലജാതര്‍ ആദിവാസി വകുപ്പിന്റെ മന്ത്രിയാകണമെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ഉന്നതകുലജാതര്‍ ആദിവാസി വകുപ്പ് ഭരിച്ചാലേ പുരോഗതിയുണ്ടാകൂ. ബ്രാഹ്‌മണനോ നായിഡുവോ ഗോത്രവര്‍ഗത്തിന്റെ കാര്യങ്ങള്‍ നോക്കട്ടെയെന്നും അത് വലിയ വ്യത്യാസമുണ്ടാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

2016 മുതല്‍ പ്രധാനമന്ത്രി മോദിയോട് എനിക്ക് ആദിവാസി വകുപ്പ് തരൂവെന്ന് ചോദിക്കുന്നുണ്ട്. എന്നാല്‍, നമ്മുടെ നാട്ടിലെ ഒരു ശാപമാണ്, ട്രൈബല്‍ ക്യാബിനറ്റ് മന്ത്രി ഒരിക്കലും ട്രൈബല്‍ അല്ലാത്ത ഒരാള്‍ ആകില്ലെന്നത്. എന്റെ സ്വപ്നമാണ്, ഒരു ഉന്നതകുല ജാതന്‍ അവരുടെ ഉന്നമനത്തിന് വേണ്ടി ട്രൈബല്‍ മന്ത്രിയാകണം. ട്രൈബല്‍ മന്ത്രിയാകാന്‍ ആളുണ്ടെങ്കില്‍ അദ്ദേഹത്തെ മുന്നോക്ക ജാതികളുടെ ഉന്നമനത്തിനുള്ള മന്ത്രിയാക്കണം. ഈ പരിവര്‍ത്തനം നമ്മുടെ ജനാധിപത്യ സംവിധാനത്തില്‍ ഉണ്ടാകണം -ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

പ്രസംഗത്തിലെ പരാമര്‍ശം വലിയ വിവാദമായതോടെയാണ് പ്രസ്താവന പിന്‍വലിക്കുന്നതായി സുരേഷ് ഗോപി പറഞ്ഞത്.

Recent Articles

Related Articles

Special

Enable Notifications OK No thanks