29 C
Trivandrum
Wednesday, February 5, 2025

മധ്യവർഗ്ഗത്തിൻ്റെ നികുതി കുറച്ച് കൈയടി നേടി നിർമ്മല

ന്യൂഡൽഹി: നിർമ്മല സീതാരാമൻ ശനിയാഴ്ച അവതരിപ്പിച്ച ബജറ്റിലെ ഏറ്റവും ശ്രദ്ധേയമായ നിർദ്ദേശം 12 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് ഇനി മുതൽ ആദായ നികുതി അടയ്ക്കേണ്ടതില്ലെന്നുള്ളതാണ്. നേരത്തേ 7 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്കാണ് നികുതിയിളവ് ഉണ്ടായിരുന്നത്.

Follow the FOURTH PILLAR LIVE channel on WhatsApp 

സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന ഘടകമാണ് ഡയറക്ട് ടാക്സ് അഥവാ പ്രത്യക്ഷ നികുതി. ഇതില്‍ പ്രധാനമാണ് നികുതി കണക്കാക്കുന്ന ടാക്സ് സ്ലാബ്. ആ സ്ലാബിലാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. 2025-26 സാമ്പത്തിക വർഷത്തിലാണ് ഈ മാറ്റം പ്രാബല്യത്തിൽ വരിക.

നികുതി നല്കേണ്ടതില്ലാത്ത സ്ലാബ് ഘട്ടം ഘട്ടമായി വിവിധ സർക്കാരുകൾ ഉയർത്തിക്കൊണ്ടു വരികയാണ്. 2005ൽ 1 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്കാണ് നികുതിയിളവ് ഉണ്ടായിരുന്നത്. 2012ൽ ഇത് 2 ലക്ഷവും 2014ൽ 2.5 ലക്ഷവുമായി ഉയർത്തി. പിന്നീട് 2019ൽ ഇത് 5 ലക്ഷവും 2023ൽ 7 ലക്ഷവുമാക്കി ഉയർത്തി. ഇപ്പോൾ ഒറ്റയടിക്ക് 5 ലക്ഷം രൂപ ഉയർത്തി 12 ലക്ഷമാക്കി.

അടിസ്ഥാനം ഉയർത്തിയെന്നതു മാത്രമല്ല, നികുതി നിർണ്ണയിക്കുന്ന സ്ലാബിലും മാറ്റം വരുത്തിയതാണ് നികുതിദായകന് കൂടുതൽ പ്രയോജനപ്രദമായത്. നേരത്തേ 3 ലക്ഷവും 2 ലക്ഷവുമൊക്കെയായിരുന്നു സ്ലാബുകൾക്കിടയിലെ അന്തരമെങ്കിൽ ഇപ്പോഴത് എല്ലാ സ്ലാബിലും 4 ലക്ഷമാക്കി. ഉയർന്ന നികുതി നിരക്കായ 30 ശതമാനം നേരത്തേ 15 ലക്ഷത്തിനു മുകളിലായിരുന്നുവെങ്കിൽ ഇപ്പോഴത് 9 ലക്ഷം കണ്ട് ഉയർന്ന് 24 ലക്ഷമായി.

3 ലക്ഷം വരെ, 3-7 ലക്ഷം, 7-10 ലക്ഷം, 10-12 ലക്ഷം, 12-15 ലക്ഷം, 15 ലക്ഷത്തിനു മുകളിൽ എന്നിങ്ങനെയാണ് നിലവിലുള്ള സ്ലാബുകൾ. 3 ലക്ഷം വരെ നികുതിയില്ലാതിരുന്നത് ഇപ്പോൾ 4 ലക്ഷം വരെയായി. 5 ശതമാനം നികുതി സ്ലാബ് 3-7 ലക്ഷത്തിന് നിന്ന് 4-8 ലക്ഷമായി. 10 ശതമാനം നികുതി സ്ലാബ് 7-10 ലക്ഷത്തിൽ നിന്ന് 8-12 ലക്ഷമായും 15 ശതമാനം നികുതി സ്ലാബ് 10-12 ലക്ഷത്തിൽ നിന്ന് 12-16 ലക്ഷമായും ഉയർത്തി. 20 ശതമാനം നികുതി സ്ലാബ് നേരത്തേ 12-15 ലക്ഷം പരിധിയിലായിരുന്നത് ഇപ്പോൾ 16-20 പരിധിയിലാണ്.

നിലവിൽ15 ലക്ഷത്തിനു മുകളിലുള്ള വരുമാനത്തിനു മുഴുവൻ 30 ശതമാനം നിരക്കിൽ നികുതി നല്കണമായിരുന്നു. ഇപ്പോൾ 20-24 ലക്ഷത്തിന് 25 ശതമാനം എന്നൊരു പുതിയ സ്ലാബ് കൊണ്ടുവന്നതിനു പുറമെ 30 ശതമാനം എന്ന ഉയർന്ന സ്ലാബ് 24 ലക്ഷത്തിനു മുകളിലുള്ള വരുമാനത്തിനാക്കി.

പുതുക്കിയ നികുതി സ്ലാബ്

    • 4 ലക്ഷം വരെ- 0
    • 4-8 ലക്ഷം രൂപ – 5%
    • 8-12 ലക്ഷം രൂപ – 10%
    • 12-16 ലക്ഷം രൂപ – 15%
    • 16-20 ലക്ഷം രൂപ – 20%
    • 20-24 ലക്ഷം രൂപ – 25%
    • 24 ലക്ഷത്തിന് മുകളിൽ – 30%

രാജ്യത്ത് ഇപ്പോൾ നികുതി കണക്കാക്കുന്നതിന് 2 രീതികൾ നിലവിലുണ്ട് -പഴയ സ്കീം എന്നും പുതിയ സ്കീം എന്നും ഇത് അറിയപ്പെടുന്നു. 2020ലെ ബഡ്ജറ്റില്‍ ആണ് 2 രീതിയില്‍ നികുതി കണക്കാക്കുന്ന നിര്‍ദ്ദേശം വരുന്നത്. തുടര്‍ന്നുള്ള ബജറ്റുകളില്‍ പുതിയ സ്കീമില്‍ നികുതി കണക്കാക്കുന്നതിന് കൂടുതല്‍ മുന്‍ഗണന കൊടുക്കുന്നതാണ് കണ്ടത്. ഇത്തവണയും പുതിയ സ്കീം പിന്തുടരുന്നവർക്ക് ഗുണകരമാവുന്ന രീതിയിലുള്ള നിർദ്ദേശങ്ങളാണ് നിർമ്മല സീതാരാമൻ മുന്നോട്ടു വെയ്ക്കുന്നത്.

പുതിയ സ്കീം പിന്തുടരുന്ന ശമ്പളക്കാർക്ക് സ്റ്റാൻഡർഡ് ഡിഡക്ഷൻ നിലവിലുള്ള നിരക്കായ 75,000 രൂപ മാറ്റിയിട്ടില്ല. അങ്ങനെ വരുമ്പോൾ പുതിയ സ്കീമിൽ 12.75 ലക്ഷം വരെയുള്ളവർക്ക് നികുതിയില്ല. നേരത്തേ ഇത് 7.75 ലക്ഷം വരെയായിരുന്നു.

പഴയ സ്കീം പിന്തുടരുന്നവർ പ്രയോജനപ്പെടുത്തുന്ന ഭവനവായ്പ, ഇൻഷുറൻസ് മുതലായ കാര്യങ്ങളൊന്നും പുതിയ സ്കീമിൽ പരിഗണിക്കില്ല. പുതിയ സ്കീമിൽ സ്റ്റാൻഡേർഡ് ഡിഡക്ഷനു പുറമെ പങ്കാളിത്ത പെൻഷൻ വിഹിതമായി തൊഴിൽദാതാവ് നല്കുന്ന തുക കൂടി മാത്രമേ കിഴിവിനു പരിഗണിക്കുകുള്ളൂ. നികുതിയിളവ് മാത്രം ലക്ഷ്യമിട്ട് ഇൻഷുറൻസ് പോലുള്ള ദീർഘകാല പദ്ധതികളിൽ ചേർന്നവർക്ക് ഇത് നഷ്ടക്കച്ചവടമാണ്.

വാര്‍ഷിക വരുമാനം 12.75 ലക്ഷം രൂപയിൽ നിന്ന് 1 രൂപയെങ്കിലും കൂടുതലാണെങ്കിൽ സ്ലാബ് അടിസ്ഥാനത്തിൽ നികുതി മാറും. 4 ലക്ഷം രൂപവരെയുള്ള വരുമാനത്തിന് നികുതിയില്ല. 4 മുതല്‍ 8 ലക്ഷം വരെയുള്ള പരിധിയിൽ 5 ശതമാനം നികുതി കൊടുക്കണം. 8 മുതല്‍ 12 ലക്ഷം വരെയുള്ള തുകയ്ക്ക് 10 ശതമാനം, 12 മുതല്‍ 16 ലക്ഷം വരെയുള്ള തുകയ്ക്ക് 15 ശതമാനം, 16 മുതല്‍ 20 ലക്ഷം വരെ 20 ശതമാനം, 20 മുതല്‍ 24 ലക്ഷം വരെ 25 ശതമാനം, അതിന് മുകളില്‍ 30 ശതമാനം എന്നിങ്ങനെയാണ് നികുതി വരിക. ഉദാഹരണത്തിന് 15 ലക്ഷം വാർഷിക വരുമാനമുള്ളയാൾക്ക് സ്റ്റാൻഡേർഡ് ഡിഡക്ഷൻ കഴിഞ്ഞ് 14.25 ലക്ഷം രൂപയുടെ നികുതി കൊടുക്കണം. ആദ്യ 4 ലക്ഷത്തിന് നികുതി 0, അടുത്ത 4 ലക്ഷത്തിന് നികുതി 20,000, അടുത്ത 4 ലക്ഷത്തിന് നികുതി 40,000, പിന്നീടുള്ള 2.25 ലക്ഷത്തിന് നികുതി 33,750 എന്നിങ്ങനെയാണ് കണക്കാക്കുക.

പഴയ സ്കീമിലൂം സ്റ്റാൻഡേർഡ് ഡിഡക്ഷൻ ഉണ്ട്. ഇതിനൊപ്പം ഭവന വായ്പയുടെ പലിശയായി 2 ലക്ഷം, ഇൻഷുറൻസ്, കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് എന്നിവയെല്ലാമുൾപ്പെടുന്ന 80-സി 1.5 ലക്ഷം, ആരോഗ്യ ഇൻഷുറൻസ് 25,000, എന്‍.പി.എസ്. 50,000 എന്നിവയെല്ലാം ചേര്‍ത്ത് പരമാവധി 4.25 ലക്ഷം രൂപയുടെ ഇളവാണ് അവകാശപ്പെടാനാവുക. ഇതു തന്നെ മുഴുവനായി കിട്ടുന്നവർ അപൂർവ്വമാണ്. ഇതെല്ലാമുള്ളപ്പോഴും ഭൂരിഭാഗത്തിനു പുതിയ സ്കീം തന്നെയാണ് പ്രയോജനപ്രദമെന്ന് ചാർട്ടേഡ് അക്കൌണ്ടൻ്റുമാർ പറയുന്നു. പുതിയ നികുതി ഘടന കൂടുതല്‍ മെച്ചമായി വരുന്നതിനാൽ മിക്കവാറും എല്ലാവരും പുതിയ രീതിയിലേക്ക് മാറുന്ന സാഹചര്യം ഇപ്പോൾ നിലനില്ക്കുന്നുണ്ട്.

ഓഹരി, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയവയില്‍നിന്നുള്ള മൂലധന നേട്ടത്തിന് പ്രത്യേക നികുതി നിരക്ക് ബാധകമാണ്. അതിനാൽ മൊത്തംവരുമാനത്തിന് പുറമെയാണ് ഈയിനത്തിലെ നികുതിബാധ്യത കണക്കാക്കുക. നികുതി വ്യവസ്ഥയില്‍ സമൂല പരിഷ്‌കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി പുതിയ നികുതി ബില്ല് അടുത്തയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് നിർമ്മല സീതാരാമൻ അറിയിച്ചിട്ടുണ്ട്.

Recent Articles

Related Articles

Special

Enable Notifications OK No thanks