Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമു പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പരാമർശം വിവാദത്തിൽ. ‘പ്രസംഗത്തിന്റെ അവസാനം എത്തിയപ്പോഴേക്കും രാഷ്ട്രപതി തളർന്നു. അവർക്ക് സംസാരിക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല. പാവം’ എന്ന പ്രതികരണമാണ് സോണിയ ഗാന്ധിയെ വെട്ടിലാക്കിയത്. പ്രസംഗം മുഴുവൻ വ്യാജ വാഗ്ദാനങ്ങളായിരുന്നുവെന്നും ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് രാഷ്ട്രപതി സംസാരിച്ചില്ലെന്നും സോണിയ ഗാന്ധി ആരോപിച്ചിരുന്നു.
സോണിയയുടെ പരാമർശം രാഷ്ട്രപതി എന്ന പദവിയെ അവഹേളിക്കുന്നതും സോണിയയുടെ ഫ്യൂഡൽ മനോഭാവം വ്യക്തമാക്കുന്നതുമാണെന്ന് ബി.ജെ.പി. ആരോപിച്ചു. സോണിയയുടെ പ്രസ്താവനയ്‌ക്കെതിരെ രാഷ്ട്രപതി ഭവനും രംഗത്തെത്തി. രാഷ്ട്രപതിയുടെ പ്രസംഗത്തെക്കുറിച്ച് കോൺഗ്രസിന്റെ ചില നേതാക്കൾ നടത്തിയ പരാമർശം ദൗർഭാഗ്യകരവും പൂർണമായും ഒഴിവാക്കേണ്ടതുമായിരുന്നെന്ന് രാഷ്ട്രപതി ഭവൻ പ്രസ്താവനയിൽ പറഞ്ഞു. രാഷ്ട്രപതിയുടെ പദവിയെ വ്രണപ്പെടുത്തുന്ന പരാമർശം മര്യാദയുടെ ലംഘനമാണെന്നും രാഷ്ട്രപതി ഭവൻ പറഞ്ഞു.
‘രാഷ്ട്രപതി ഒരു ഘട്ടത്തിലും തളർന്നുപോയിട്ടില്ല. പകരം, പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിനും സ്ത്രീകൾക്കും കർഷകർക്കുമായി സംസാരിക്കുക എന്നത് ക്ഷീണിപ്പിക്കുന്ന കാര്യമല്ലെന്നാണ് രാഷ്ട്രപതി വിശ്വസിക്കുന്നത്’–രാഷ്ട്രപതി ഭവന്റെ പ്രസ്താവനയിൽ പറഞ്ഞു.
സോണിയ ഗാന്ധിയുടെ പരാമർശം ദരിദ്രരെയും ആദിവാസികളെയും അവഹേളിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. രാഷ്ട്രപതി പാർലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. പക്ഷേ, രാജകുടുംബത്തിലെ ഒരംഗത്തിന് അവരുടെ ഭാഷ ബോറായി തോന്നി. മറ്റൊരംഗം പറയുന്നു രാഷ്ട്രപതിയുടെ ഭാഷ ക്ഷീണിച്ചതായി തോന്നിയെന്ന്. രാജകുടുംബത്തിന് ‘അർബൻ നക്സൽ’ പോലെയുള്ള വാക്കുകളോടാണ് കൂടുതൽ പ്രിയമെന്നും പ്രധാനമന്ത്രി ആരോപിച്ചു. കോൺഗ്രസ് മാപ്പു പറയണമെന്ന് ബി.ജെlപിl ദേശീയ അധ്യക്ഷൻ ജെlപിlനഡ്ഡയും ആവശ്യപ്പെട്ടു.
സോണിയ ഗാന്ധിയെ പ്രതിരോധിച്ച് മകളും എം.പിയുമായ പ്രിയങ്ക ഗാന്ധി രംഗത്തെത്തി. സോണിയയുടെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് പ്രിയങ്ക വ്യക്തമാക്കി. 78 വയസ്സുള്ളയാണ് തന്റെ അമ്മ. ഇത്രയും വലിയ പ്രസംഗം വായിച്ച് രാഷ്ട്രപതി തളർന്നിട്ടുണ്ടാകുമെന്ന് വളരെ ലളിതമായി പറയുക മാത്രമാണ് ചെയ്തത്. അവർ രാഷ്ട്രപതിയെ പൂർണമായി ബഹുമാനിക്കുന്നു. മാധ്യമങ്ങൾ ഈ രീതിയിൽ വാക്കുകളെ ദുർവ്യാഖ്യാനം ചെയ്യുന്നത് ദൗർഭാഗ്യകരമാണ്. കാര്യങ്ങളെ വിവാദത്തിലേക്ക് തള്ളിവിട്ടതിൽ ബി.ജെ.പി. മാപ്പുപറയണമെന്നും പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു.