മാനന്തവാടി: വയനാട്ടിലെത്തിയ പ്രിയങ്ക ഗാന്ധി എം.പിക്കെതിരെ സി.പി.എം. പ്രവർത്തകരുടെ പ്രതിഷേധം. കണ്ണൂർ വിമാനത്താവളത്തില്‍ നിന്നു വരുന്ന വഴി കണിയാരത്തുവെച്ചാണ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി പ്രതിഷേധിച്ചത്. പ്രശ്‌നങ്ങള്‍ ഉള്ളപ്പോള്‍ മാത്രമാണ് എം.പി. വയനാട്ടിലെത്തുന്നത് എന്ന് ആരോപിച്ചായിരുന്നു കരിങ്കൊടി പ്രതിഷേധം.
തുടര്‍ന്ന് പഞ്ചാരകൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ മരണപ്പെട്ട രാധയുടെ വീട് പ്രിയങ്ക സന്ദര്‍ശിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും കൂടെയുണ്ടായിരുന്നു. കുടുംബാംഗങ്ങളെ നേരിട്ടുകണ്ട് അവര്‍ ആശ്വസിപ്പിച്ചു.
മതിയായ തുകയില്ലാത്തത് വയനാട്ടിലെ വന്യജീവി പ്രതിരോധ സംവിധാനം ഫലപ്രദമാക്കുന്നതിനു തടസ്സമെന്നു പ്രിയങ്ക പറഞ്ഞു. കേന്ദ്ര സർക്കാർ പണം നൽക്കാത്ത വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും സ്വന്തം നിലയ്ക്ക് സി.എസ്.ആർ. ഫണ്ടുകൾ എത്തിക്കാൻ ശ്രമിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.