Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: കോണ്‍ഗ്രസിലെ തമ്മിലടി തീർക്കാൻ പുതിയ ‘ഉന്നതതലസമിതി’ രൂപവത്കരിക്കാന്‍ ഹൈക്കമാന്‍ഡിന്റെ പരിഹാര ഫോര്‍മുല. കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, യു.ഡി.എഫ്. കണ്‍വീനര്‍ എം.എം.ഹസന്‍, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എന്നിവരും കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയും സമിതിയിലുണ്ടാവും.
പാര്‍ട്ടി ദൈനംദിനകാര്യങ്ങളും തര്‍ക്കങ്ങളുമൊക്കെ ചര്‍ച്ചചെയ്ത് ധാരണയുണ്ടാക്കി, പൊതുനിലപാട് സ്വീകരിച്ചു മുന്നോട്ടുപോവുകയാണ് ഉന്നതതലസമിതിയുടെ ഉത്തരവാദിത്വം. നേതൃതലത്തിലെ എല്ലാവര്‍ക്കും പ്രാതിനിധ്യമുള്ളതിനാല്‍ പരസ്യമായ ഏറ്റുമുട്ടലുകളും അഭിപ്രായഭിന്നതകളുമൊക്കെ ഇതുവഴി പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷ.
അതേസമയം മുന്‍ കെ.പി.സി.സി. അധ്യക്ഷന്മാരായ വി.എം. സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ. മുരളീധരന്‍ എന്നിവരെക്കൂടി സമിതിയിൽ ഉള്‍പ്പെടുത്തണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. ഇതോടെ ഈ സമിതിയും രാഷ്ട്രീയകാര്യ സമിതിയും ഒന്നു തന്നെയാവുന്ന അവസ്ഥയാണ്.