ഗാന്ധിനഗർ: മുസ്‌ലിം ഉടമസ്ഥരുടെ ഹിന്ദു പേരുള്ള ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കിയ ഗുജറാത്ത് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപറേഷന്റെ(ജി.എസ്.ആർ.ടി.സി.) തീരുമാനം വിവാദമാകുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളിലായി 27ഓളം ഹോട്ടലുകളുടെ ലൈസന്‍സാണ് കോർപറേഷൻ റദ്ദാക്കിയത്. ഈ ഉത്തരവിന്റെ പശ്ചാത്തലത്തിൽ കോർപറേഷന്റെ ബസുകൾ ഈ ഹോട്ടലുകളില്‍ ഇനി നിർത്തില്ല.
വഡോദര, രാജ്‌കോട്ട്, പാലൻപൂർ, ഗോധ്ര, അഹമ്മദാബാദ് എന്നീ ജില്ലകളിലെ 27 ഹോട്ടലുകളുടെ ലൈസന്‍സാണ് ഇത്തരത്തില്‍ ഗുജറാത്ത് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപറേഷൻ റദ്ദാക്കിയത്. ഈ ഹോട്ടലുകള്‍ മുസ്‌ലിങ്ങളുടെ ഉടമസ്ഥതയിലുള്ളതാണെങ്കിലും ഉടമകൾ ഹിന്ദു പേരുകൾ ഉപയോഗിച്ചാണ് ലൈസൻസ് സ്വന്തമാക്കിയിരുന്നത്. ഈ 27 ഹോട്ടലുകളുടെ പട്ടികയിൽ ഹിന്ദു ദേവതകളുടെ പേരുകളുള്ളവയും ഉൾപ്പെടുന്നു. ഇതു സംബന്ധിച്ച് പരാതി ലഭിച്ചെന്നും അതിലെ വസ്തുത അന്വേഷിച്ചെന്നും ജി.എസ്.ആർ.ടി.സി. പറയുന്നു.
അതേസമയം സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനവുമായി മുസ്‌ലിം ബിസിനസ് ഉടമകളും സമുദായ നേതാക്കളും രംഗത്തെത്തി. ഹിന്ദു–മുസ്‌ലിം സമുദായങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഈ തീരുമാനം എന്നാണ് വിമര്‍ശനം.
സംസ്ഥാനത്തുടനീളം സർവീസ് നടത്തുന്ന ജി.എസ്.ആർ.ടി.സി. ദീർഘദൂര ബസുകൾ ഹൈവേയിലെ ചില ഹോട്ടലുകളിൽ നിർത്താറുണ്ട്. ഇതിനായി, കോർപ്പറേഷൻ എല്ലാ വർഷവും ടെൻഡറുകൾ ക്ഷണിക്കാറുണ്ട്. ലൈസന്‍സ് റദ്ദാക്കിയതോടെ ഈ 27 സ്ഥാപനങ്ങള്‍ക്ക് ഇനി ടെന്‍ഡറില്‍ പങ്കെടുക്കാനാകില്ല.